Content | ഡബ്ലിന്‍: അയർലണ്ടിൽ 1731ൽ രൂപമെടുത്ത റിഡംറ്റോറിസ്റ്റെയിൻ സന്യാസിനി സമൂഹത്തില്‍ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അംഗം വ്രതവാഗ്ദാനം സ്വീകരിച്ചു. മുംബൈ സ്വദേശിനിയായ ശീതൾ ഗോൺസാൽവസാണ് ഡിസംബർ പതിനൊന്നാം തീയതി ഡബ്ലിൻ ആർച്ചുബിഷപ്പ് ഡെർമോട്ട് ഫാരൽ മുഖ്യകാർമികത്വം വഹിച്ച ചടങ്ങിൽ പ്രഥമ വ്രതവാഗ്ദാനം നടത്തിയത്. വിശുദ്ധ അൽഫോൻസ് ലിഗോരിയുമായി ചേർന്ന് മരിയ സെലസ്റ്റ എന്ന സന്യാസിനിയാണ് ക്ലോയിസ്റ്റേഡ് സമൂഹമായ റിഡംറ്റോറിസ്റ്റെയിനു രൂപം നൽകിയത്.
മൂവരും മുംബൈയിൽ വന്ന് ഇന്ത്യയിലെ ആദ്യത്തെ റിഡംറ്റോറിസ്റ്റെയിൻ മഠം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, അതിനു വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പുരുഷന്മാർക്ക് വേണ്ടിയുള്ള സഹോദര സമൂഹമായ റിഡംറ്ററിസ്റ്റിന്റെ ഇന്ത്യയിലെ പ്രോവിൻഷ്യാൾ സുപ്പീരിയർ ഫാ. ഇവൽ മെൻഡെൻഹ പറഞ്ഞു. പാലിയിൽ ജനിച്ച ശീതളിന് രണ്ട് സഹോദരന്മാരും, മൂന്നു സഹോദരിമാരുമാണുള്ളത്. ബിരുദം നേടിയതിനുശേഷം സന്യാസ ജീവിതം തിരഞ്ഞെടുക്കാൻ അവർ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇങ്ങനെ ഒരു സഭയിൽ വ്രതം സ്വീകരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലായെന്ന് ശീതൾ ഏഷ്യാ ന്യൂസിനോട് പറഞ്ഞു.
പ്രാർത്ഥനയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന സമൂഹമാണ് റിഡംറ്റോറിസ്റ്റെയിൻ സന്യാസിനി സമൂഹം. ഭാവിയെപ്പറ്റി ധ്യാനിക്കുന്ന സമയത്ത് ദൈവം തന്നെ പ്രാർത്ഥനയുടെ ഉപകരണമാക്കാനാണ് വിളിക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചെന്നും, അങ്ങനെയാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിച്ചേർന്നതെന്നും ശീതൾ കൂട്ടിച്ചേർത്തു. മൂന്നുവർഷം നീണ്ട പരിശീലനത്തിനു ശേഷം നടന്ന വ്രതവാഗ്ദാന ചടങ്ങിൽ പങ്കെടുക്കാൻ ശീതളിന്റെ മാതാപിതാക്കൾക്ക് സാധിച്ചിരിന്നില്ല. എന്നാൽ അവർ മാനസികമായി തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് ശീതൾ പറഞ്ഞു. ധീരമായ നിലപാടാണ് എടുത്തിരിക്കുന്നതെന്നും, രക്ഷകനായ ക്രിസ്തുവിനെ എല്ലാവർക്കുമായി പകർന്നുനൽകാൻ ശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയിൽനിന്നുള്ള രണ്ടുപേരുംകൂടി ഡബ്ലിനിലെ സഭയുടെ മഠത്തിൽ പരിശീലനം നടത്തുന്നുണ്ട്. |