Content | കറാച്ചി: പാക്കിസ്ഥാനില്‍ നാൽപ്പത്തിനാലുകാരൻ തട്ടിക്കൊണ്ടുപോയി ബലമായി ഇസ്ലാമിലേക്ക് മതം മാറ്റി വിവാഹം കഴിച്ച ആര്‍സു രാജയെന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി ഒടുവില്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി. പതിനാലു വയസ്സുള്ള ആര്‍സുവിന്റെ കുടുംബത്തിന്റെ അപ്പീലിന്റെ പുറത്ത് സിന്ധ് പ്രവിശ്യാ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് ആര്‍സു സ്വന്തം കുടുംബവുമായി ഒരുമിച്ചത്. 2020 ഒക്ടോബറിലാണ് അന്ന് വെറും 13 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആര്‍സുവിനെ, 44 വയസ്സുള്ള അസ്ഹര്‍ അലി എന്നയാൾ തട്ടിക്കൊണ്ടുപോയി മതം മാറ്റി നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിച്ചത്. അന്താരാഷ്ട്ര തലത്തിലും, സമൂഹമാധ്യമങ്ങളിലും വളരെയേറെ ചർച്ചയായ ഒരു സംഭവമായിരുന്നു ഇത്. കോടതി ഉത്തരവിനെ തുടര്‍ന്ന്‍ കഴിഞ്ഞ ഒരുവര്‍ഷമായി പാനാ ഗായിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ താമസിച്ചു വരികയായിരുന്നു ആര്‍സു.
ആര്‍സുവിന്റെ കുടുംബം അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന്‍ ഡിസംബര്‍ 22-ന് രാവിലെ നടന്ന വിചാരണക്കിടയില്‍ മാതാപിതാക്കളുടെ കൂടെ പോകുവാന്‍ താല്‍പ്പര്യമുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് പെൺകുട്ടി ശക്തമായ താത്പര്യം പ്രകടിപ്പിക്കുകയായിരിന്നു. മതപരിവര്‍ത്തനത്തേ കുറിച്ചുള്ള ചോദ്യത്തിന് തന്റെ ഇഷ്ടപ്രകാരമായിരുന്നില്ല മതപരിവര്‍ത്തനമെന്നും ആര്‍സു തുറന്നുപറഞ്ഞു. മകളെ തങ്ങളുടെ വീട്ടിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണെന്ന് ആര്‍സുവിന്റെ മാതാപിതാക്കള്‍ കോടതിയില്‍ ബോധിപ്പിച്ചു.
വിചാരണ വേളയില്‍ കോടതിയില്‍ സന്നിഹിതനായിരുന്ന ‘ക്രിസ്റ്റ്യന്‍ പീപ്പിള്‍സ് അലയന്‍സ്’ പ്രസിഡന്റ് ദിലാവര്‍ ഭട്ടി കോടതി വിധിയെ സ്വാഗതം ചെയ്തു. ആര്‍സു വീണ്ടും വീട്ടില്‍ തിരിച്ചെത്തുമെന്നും സമാധാനത്തോടെ ക്രിസ്തുമസ്സ് ആഘോഷിക്കുമെന്നു അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ദിലാവര്‍ പറഞ്ഞു. ആര്‍സുവിന് വേണ്ടി ശബ്ദമുയര്‍ത്തിയ അഭിഭാഷകരും, സാമൂഹ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ദിലാവര്‍ നന്ദി അറിയിച്ചു. പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടു പോകലിനും നിർബന്ധിത മതപരിവർത്തനത്തിനും നിരവധി ക്രിസ്ത്യൻ പെൺകുട്ടികളാണ് ഓരോ വർഷവും ഇരകളായി കൊണ്ടിരിക്കുന്നത്. |