Content | അലബാമ : തന്റെ വിജയത്തിന് പിന്നില്‍ കത്തോലിക്ക വിശ്വാസമാണെന്ന് സാക്ഷ്യവുമായി മികച്ച റഗ്ബി പരിശീലകൻ എന്ന പേരിൽ പ്രശസ്തനായ അലബാമ സർവകലാശാലയുടെ റഗ്ബി കോച്ച് നിക്ക് സാബൻ. അദ്ദേഹം പരിശീലകനായി സേവനം ചെയ്ത 15 വർഷത്തിനിടയിൽ 6 ദേശീയ ചാമ്പ്യൻഷിപ്പുകളാണ് സർവകലാശാലയ്ക്ക് നേടാൻ സാധിച്ചത്. തന്റെ വിജയങ്ങളുടെ രഹസ്യം ക്രിസ്തു കേന്ദ്രീകൃതമായ കത്തോലിക്കാ വിശ്വാസമാണെന്ന് പരസ്യമായി തുറന്നുപറഞ്ഞിട്ടുള്ള വ്യക്തിയാണ് നിക്ക് സാബൻ. ഇത് അടുത്ത നാളിലും അദ്ദേഹം ആവര്‍ത്തിച്ചിരിന്നു.
2020ൽ എസ്ഇസി ചാമ്പ്യൻഷിപ്പിലെ വിജയത്തിന് ശേഷം കോളേജ് ഫുട്ബോൾ പ്ലേ ഓഫ് ടൂർണമെന്റിൽ അലബാമയുടെ എതിരാളിയെ അറിയാൻ വേണ്ടിയുള്ള പ്രഖ്യാപനം വരുമ്പോൾ അത് കാണുമോ എന്ന ചോദ്യത്തിന് ആ സമയത്ത് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പോകുമെന്നും, അതിനാൽ ഒന്നുകിൽ അവർ പ്രഖ്യാപനം മാറ്റിവെക്കണമെന്നും, അതല്ലെങ്കിൽ വിശുദ്ധ കുർബാന കഴിഞ്ഞ് വരുമ്പോൾ പ്രഖ്യാപിച്ച കാര്യം അറിഞ്ഞു കൊള്ളാമെന്നുമുളള ഉത്തരമാണ് സാബൻ നൽകിയത്.
അലബാമയിലെ തുസ്കലോസിയിലുള്ള വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ സ്ഥിരമായി ഭാര്യ ടെറിയോടൊപ്പം നിക്ക് വിശുദ്ധ കുർബാനയിൽ സംബന്ധിക്കാൻ പോകാറുള്ളതു നേരത്തെ മുതല്‍ പ്രസിദ്ധമാണ്. ദേവാലയത്തിനോടു ചേര്‍ന്നു കത്തോലിക്ക വിദ്യാർത്ഥികളുടെ പരിശീലനത്തിനു വേണ്ടി ഒരു കേന്ദ്രം അധികൃതർ ആരംഭിച്ചപ്പോൾ സാബൻ ദമ്പതികളാണ് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകിയത്. അതിനാൽ പരിശീലന കേന്ദ്രത്തിന്റെ പേര് സാബൻ കാത്തലിക്ക് സ്റ്റുഡൻസ് സെന്ററെന്ന് നല്‍കാന്‍ അധികൃതർ തീരുമാനിച്ചിരിന്നു.
വിശുദ്ധ കുർബാനയും, ബൈബിൾ ക്ലാസ്സുകളും ആറായിരത്തോളം വരുന്ന വിദ്യാർഥികൾക്ക് വേണ്ടി ഇവിടെ സംഘടിപ്പിക്കപ്പെടുന്നു. ഫ്രാൻസിസ് അസീസ്സി ദേവാലയത്തിന്റെ നിർമാണത്തിനും നിക്ക് സാബൻ പണം നൽകിയിരുന്നു. ഒരു പരിശീലകൻ എന്ന നിലയിലുള്ള അസാധാരണ വിജയത്തിൽ കത്തോലിക്കാ വിശ്വാസത്തിന് കാര്യമായ പങ്കുണ്ടെന്ന് നേരത്തെയും അദ്ദേഹം പറഞ്ഞിട്ടുണ്ട്. |