category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപരാതിയും വിശ്വാസ യോഗ്യമല്ലാത്ത തെളിവുകളും
Contentകോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറിന്റെ വിധിയിലേക്കു നയിച്ചത് വിശ്വാസയോഗ്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അഭാവം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴികള്‍ വൈരുധ്യങ്ങള്‍ നിറഞ്ഞതാണെന്നു കോടതി കണ്ടെത്തി. ആരോപണങ്ങളുടെയും കെട്ടിച്ചമച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണസംഘം കേസ് കെട്ടിപ്പൊക്കിയത്. ആരോപണങ്ങളുടെ സത്യാവസ്ഥയും പരാതിയുടെ നിജസ്ഥിതിയും അന്വേഷിക്കാന്‍ മെനക്കെടാതെ പോലീസ് ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് കോടതിയുടെ വിധിന്യായത്തില്‍നിന്നു മനസിലാക്കേണ്ടത്. കേസിന് ഉപോത്ബലകമായ തെളിവുകള്‍ ഹാജരാക്കുന്നതിലും അതു കോടതിയെ ബോധ്യപ്പെടുത്തുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ബിഷപ്പിനെതിരേ ചുമത്തപ്പെട്ട ഏഴു കുറ്റങ്ങളും നിലനില്‍ക്കില്ലെന്നു കോടതി വിധിച്ചു. ശരിയും തെറ്റും വേര്‍തിരിക്കാനാവാതെ നെല്ലും പതിരുംപോലെ കൂടിക്കുഴഞ്ഞു കിടക്കുന്‌പോള്‍ ഹാജരാക്കപ്പെട്ട തെളിവുകള്‍ നിരാകരിക്കുകയേ തരമുള്ളൂ. പല വിവരങ്ങളും മറച്ചുവയ്ക്കുന്ന ഇരയുടെ സാക്ഷിമൊഴി മാത്രം കണക്കിലെടുത്ത് ഈ കേസില്‍ പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്താന്‍ കഴിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 289 പേജുള്ള വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടിയ ചില പ്രധാന കാര്യങ്ങള്‍ ഇവയാണ്: കേസില്‍ ഒരു പ്രധാന തെളിവായി മാറാമായിരുന്ന ഇരയുടെ മൊബൈല്‍ ഫോണ്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയില്ല. അത് ആക്രിക്കച്ചവടക്കാരനു വിറ്റു എന്നു പറയുന്നതു വിശ്വാസയോഗ്യമല്ല. പ്രതി അയച്ചുവെന്നു പറയുന്ന മോശം സന്ദേശങ്ങള്‍ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ഹാജരാക്കിയിരുന്നെങ്കില്‍ സാധിക്കുമായിരുന്നു. ഇരയുടെ ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തില്ല. അതിന്റെ ഹാര്‍ഡ് ഡിസ്‌ക് തകരാറിലായി എന്നു പറയുന്നതും വിശ്വാസയോഗ്യമല്ല. ബലാത്സംഗ കേസുകളില്‍ ഇരയുടെ മൊഴി മാത്രം കണക്കിലെടുത്തു പ്രതി കുറ്റക്കാരനെന്നു വിധിക്കാറുണ്ട്. എന്നാല്‍, ഈ കേസിലെ ഇര അങ്ങനെ അങ്ങനെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്ന ഒരു സാക്ഷി അല്ല. അവര്‍ ഈ കേസില്‍ പലരെക്കുറിച്ചുള്ള മൊഴികള്‍ മാറ്റിപ്പറഞ്ഞിട്ടുണ്ട്. ബിഷപ്പിന്റെ പീഡനത്തെക്കുറിച്ചുള്ള പരാതി തന്റെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളോടും സഭാ മേലധികാരികളോടും പല തരത്തിലാണു പറഞ്ഞിട്ടുള്ളത്. പീഡനപരാതിയെത്തുടര്‍ന്നു തന്നെ പരിശോധിച്ച ഡോക്ടറോടു പറഞ്ഞ കാര്യങ്ങളിലും വൈരുധ്യങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ പ്രതി 13 തവണ ബലാത്സംഗം ചെയ്‌തെന്ന ഇരയുടെ മൊഴി വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഇരയായ കന്യാസ്ത്രീയുടെ അടുത്ത ബന്ധുവായ യുവതി കന്യാസ്ത്രീക്കെതിരേ സഭാധികാരികള്‍ക്കു നല്‍കിയ പരാതി ഈ കേസില്‍ നിര്‍ണായകമായി. അഭിഭാഷകനായ തന്റെ ഭര്‍ത്താവും കന്യാസ്ത്രീയും തമ്മിലുള്ള ചില ബന്ധങ്ങളെപ്പറ്റിയാണ് അധ്യാപികയായ അവര്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ അന്വേഷണത്തിന് ഒരുങ്ങിയതോടെയാണു ബിഷപ്പും കന്യാസ്ത്രീയും തമ്മിലുണ്ടായിരുന്ന സുഹൃദ്ബന്ധം വഷളായതെന്നും പീഡനപരാതി ഉന്നയിച്ചതെന്നും പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും ബന്ധുവായ കന്യാസ്ത്രീക്കെതിരേ ആ സ്ത്രീ പരാതിയുമായി മുന്നോട്ടു പോയതു കോടതി പരിഗണിച്ചു. കന്യാസ്ത്രീക്കെതിരേ ഗുരുതരമായ ഒരു പരാതി ബന്ധുവായ സ്ത്രീ ഉന്നയിക്കുന്‌പോള്‍ അധികാരസ്ഥാനത്തുള്ള ബിഷപ്പ് അതേപ്പറ്റി അന്വേഷണത്തിന് തയാറാവുക സ്വാഭാവികമാണെന്നു കോടതി നിരീക്ഷിച്ചു. മഠത്തിലെ ആഭ്യന്തര പ്രശ്‌നങ്ങളും അധികാരത്തര്‍ക്കങ്ങളുമൊക്കെ കന്യാസ്ത്രീയുടെ പരാതിയിലേക്കു നയിക്കുന്നതില്‍ ഘടകങ്ങളായിട്ടുണ്ട്. തങ്ങള്‍ ഉള്‍പ്പെടുന്ന മിഷനറീസ് ഓഫ് ജീസസ് സന്യാസിനീ സഭയുടെ സുപ്പീരിയര്‍ ജനറലായിരുന്ന പരാതിക്കാരിയെ ആ സ്ഥാനത്തുനിന്നു മാറ്റി കേരളത്തിന്റെ ചുമതലക്കാരിയാക്കി. പിന്നീട് അവിടെ നിന്നും മാറ്റി. കുറവിലങ്ങാട് മഠത്തിന്റെ മദര്‍ സുപ്പീരിയറായി സിസ്റ്റര്‍ ടിന്‍സിയെ 2017 മേയില്‍ നിയമിച്ചതില്‍ പരാതിക്കാരിയായ കന്യാസ്ത്രീക്കും അവരുടെ സഹകന്യാസ്ത്രീകള്‍ക്കും അതൃപ്തിയുണ്ടായിരുന്നു. ഇതിനെതിരേ സഭാധികൃതര്‍ക്കു പരാതി നല്‍കി. ഈ സഭ വിട്ടുവന്നാല്‍ സീറോ മലബാര്‍ സഭയില്‍ ചേര്‍ക്കുമോ എന്ന് അവര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് അന്വേഷിക്കുകയും ചെയ്തു. അത് അപ്പോള്‍ ആലോചിക്കാമെന്ന മറുപടിയാണ് കര്‍ദിനാള്‍ നല്‍കിയത്. ജലന്ധര്‍ രൂപതയില്‍ ബിഷപ് ഫ്രാങ്കോയുടെ എതിര്‍ഭാഗത്തുണ്ടായിരുന്ന ചില വൈദികരുടെ ഇടപെടലുകളും കേസിലേക്കു നയിച്ചതായി കോടതി രേഖകളിലുണ്ട്. 2014 മുതല്‍ 2016 സെപ്റ്റംബര്‍ 23 വരെ 13 തവണ ബിഷപ് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. എന്നാല്‍, പരാതി നല്‍കിയത് 2018 ജൂണ്‍ 28നാണ്. 2016 ഡിസംബര്‍ വരെ കന്യാസ്ത്രീയും ബിഷപും തമ്മില്‍ സൗഹൃദത്തിലാണെന്നു തെളിയിക്കുന്ന ഇമെയില്‍ സന്ദേശങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. 2014 മേയ് അഞ്ചിനാണ് ആദ്യമായി പീഡനം നടന്നതെന്നാണു പരാതിയിലുള്ളത്. എന്നാല്‍, പിറ്റേന്നു കന്യാസ്ത്രീയുടെ ബന്ധുവിന്റെ മകന്റെ ആദ്യകുര്‍ബാന ചടങ്ങിന് കാലടിയിലെ പള്ളിയില്‍ ഇരുവരും എത്തിയതു ബിഷപ് ഫ്രാങ്കോയുടെ കാറിലായിരുന്നു. ദീര്‍ഘദൂരത്തിലുള്ള ഈ യാത്ര പരിഗണിച്ച കോടതി, പീഡനപരാതി വിശ്വസനീയമല്ലെന്ന നിഗമനത്തിലെത്തി. ആ യാത്രയില്‍ ഇരയോടൊപ്പമുണ്ടായിരുന്ന ഒരു സാക്ഷിക്കും പീഡനത്തെപ്പറ്റിയുള്ള ഒരു സംശയവും അപ്പോള്‍ തോന്നിയില്ല. ഇര പീഡനപരാതി നല്‍കാന്‍ വൈകിയതിന് പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. ബിഷപ് ഫ്രാങ്കോയ്ക്കും ഇരയായ കന്യാസ്ത്രീക്കും തമ്മില്‍ അടുത്ത സൗഹൃദബന്ധമാണുണ്ടായിരുന്നതെന്നു കോടതി നിരീക്ഷിച്ചു. സന്യാസസഭയിലെ പല നിയമനങ്ങളിലും ബിഷപ്പിന്റെ മുഖ്യ ഉപദേശക അവരായിരുന്നു. എന്നാല്‍, പരാതിക്കാരിയായ കന്യാസ്ത്രീ അധികാരസ്ഥാനങ്ങളില്‍നിന്നു പുറത്താക്കപ്പെട്ടതോടെ ബന്ധം വഷളായി. ബിഷപ്പിനു നേരത്തേ എന്തെങ്കിലും മോശം സ്വഭാവം ഉണ്ടായിരുന്നുവെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-16 08:27:00
Keywordsകന്യാസ്ത്രീ
Created Date2022-01-16 08:27:45