Content | വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ മറ്റെല്ലാവരിൽ നിന്നും വേർതിരിച്ചു നിറുത്തുന്ന പരമമായ ശ്രേഷ്ടത മാതാവിന്റെ അടിയുറച്ച വിശ്വാസമാണെന്നും മാതാവിന്റെ സ്വർഗ്ഗാരോപണം ദൈവസന്നിധിയിലേക്കുള്ള നമ്മുടെ മാർഗ്ഗം തെളിയിക്കുന്ന വിശുദ്ധ രഹസ്യമാണെന്നും പ്രസ്താവിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിവസം സെന്റ് പീറ്റേർസ് സ്ക്വയറിൽ തിങ്ങി നിറഞ്ഞ വിശ്വാസികളെ അഭിസംബോധന ചെയ്തു.
വിശ്വാസമായിരുന്നു മാതാവിന്റെ ശക്തി. ചരിത്രവഴിയിൽ കറയും ചോരപ്പാടുകളും ശേഷിപ്പിക്കുന്ന അക്രമങ്ങളും ധനത്തിന്റെ ധിക്കാരവും അഹങ്കാരിയുടെ ധാർഷ്ട്യവുമെല്ലാം കണ്ടിട്ടും മാതാവ് ദൈവകാരുണ്യത്തിൽ അടിയുറച്ച വിശ്വാസം കാത്തു സൂക്ഷിച്ചു. അശരണരെ ദൈവം കൈവിടുകയില്ലെന്നും ശക്തിയുടെയും ധനത്തിന്റെയും ഗർവ്വിൽ മതിമറക്കുന്നവരെ അവിടുന്ന് ഒരുനാൾ സിംഹാസനങ്ങളിൽ നിന്നും ഭ്രഷ്ടരാക്കും എന്നും ദൈവപരിപാലനത്തിന്റെ നാളുകൾ വരുമെന്നുമുള്ള ദൃഢവിശ്വാസമാണ് മേരിയെ മുന്നോട്ട് നയിച്ചത്.
സൈദ്ധാന്തികമായി 1950-ൽ നിർവചിക്കപ്പെട്ട പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോപണം തിരുസഭയുടെ ഏറ്റവുമധികം കൊണ്ടാടപ്പെടുന്ന ആഘേഷങ്ങളിൽ ഒന്നാണ്.
പരിശുദ്ധാത്മാവാൽ ഗർഭം ധരിച്ച മേരി, എലിസബെത്തിനെ സന്ദർശിക്കാൻ പോയ വിശുദ്ധ ലൂക്കോയുടെ സുവിശേഷ ഭാഗം ഉദ്ധരിച്ചാണ് പിതാവ് സംസാരിച്ചത്. എലിസബെത്ത് മേരിയെ അഭിസംബോധന ചെയ്ത വിധം അദ്ദേഹം ഓർമ്മിപ്പിച്ചു; എലിസബത്ത് പറഞ്ഞു, "കർത്താവ് അരുളിചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി"
"ഇതാണ് മേരിയുടെ, നമ്മുടെ മാതാവിന്റെ വിശ്വാസം." മാർപാപ്പ പറഞ്ഞു.
എലിസബത്തിന് മറുപടിയായി മേരി ഒരു സ്തോത്രഗീതം ഉരുവിടുന്നു;
'Magnificat' എന്ന പേരിൽ പ്രസിദ്ധമായ ആ സ്തോത്രഗീതത്തിൽ ദൈവം തന്റെ ജീവിതത്തിലും ചരിത്രത്തിലുs നീളവും വാരിവിതറിയ അനുഗ്രഹങ്ങൾക്കായി മേരി ദൈവത്തെ സ്തുതിക്കുന്നു .
പിതാവ് തടർന്നു പറഞ്ഞു: "മേരിയുടെ ജീവിതത്തിന്റെ പ്രവാഹകശക്തി ദൈവമാണ്. ദൈവപുത്രനെ പ്രസവിച്ച ആ അമ്മ ജീർണ്ണതയ്ക്കധീനയല്ല." മാതാവിന്റെ സ്വർഗ്ഗാരോപണത്തിന്റെ അടിസ്ഥാനം ഇതു തന്നെയാണ്.
പരിശുദ്ധാത്മാവ് മേരിയുടെ മേൽ വർഷിച്ച അനുഗ്രഹങ്ങൾ വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുന്ന എല്ലാവർക്കും ദൈവത്തിങ്കലേക്കുള്ള വഴിയൊരുക്കിത്തരുന്നു.
നമ്മുടെ ജീവിതം ഭ്രാന്തമായ ഒരു യാത്രയല്ല, അതൊരു തീർത്ഥാടനമാണ്. എല്ലാ ദുരിതങ്ങൾക്കും ശങ്കകൾക്കും ഒടുവിൽ ഒരു സ്വർഗ്ഗീയ സൗഭാഗ്യം നമ്മെ കാത്തിരിപ്പുണ്ട്. പരിശുദ്ധ ജനനിയുടെ സ്വർഗ്ഗാരോപണം നമ്മെ ഇത് ഓർമ്മപ്പെടുത്തുന്നു.
പരിശുദ്ധാത്മാവിന്റെ സന്നിധിയിലേക്കുള്ള നമ്മുടെ യാത്രയിൽ ആശ്വാസത്തിന്റെയും വിശ്വാസത്തിന്റെയുമായ ഒരു മുദ്ര നമുക്ക് നൽകപ്പെട്ടിരിക്കുന്നു.
"ആ മുദ്രയ്ക്ക് ഒരു മുഖമുണ്ട്. ആ മുദ്രയ്ക്ക് ഒരു പേരുണ്ട് : ദൈവമാതാവിന്റെ പ്രകാശപൂർണമായ മുഖമാണത് ; അനുഗ്രഹീതയായ പരിശുദ്ധ മാതാവിന്റെ പേരാണത്! " മാർപാപ്പ തുടർന്നു. 'മേരി അനുഗ്രഹീതയായിരുന്നു, കാരണം അവൾ ദൈവത്തിന്റെ വാക്ക് വിശ്വസിച്ചു."
തിരുസഭയിലെ ഓരോരുത്തരും പരിശുദ്ധ മറിയത്തിന്റെ പ്രഭാപൂരത്തിൽ വസിക്കുന്നവരാണ്. യേശു മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരത്തിനായി കുരിശുമരണം വരിച്ചു എന്ന് നാം വിശ്വസിക്കുന്നു. ജ്ഞാനസ്നാനത്തിലൂടെ ഉത്ഭവപാപത്തിൽ നിന്നും മുക്തരായി സ്വർഗ്ഗരാജ്യത്തിന് അർഹരായിരിക്കുന്നു എന്നും നമ്മൾ വിശ്വസിക്കുന്നു.
നമ്മുടെ ദൈനംദിന ജീവിതത്തിൽ 'മാതാവിന്റെ കാരുണ്യപൂർവ്വമായ സംരക്ഷണം ലഭിക്കാനായി മുടക്കമില്ലാതെ അമ്മയോട് മാദ്ധ്യസ്ഥപ്രാർത്ഥന നടത്തുവാനായി ഉപദേശിച്ചു കൊണ്ട് പരിശുദ്ധ പിതാവ് പ്രഭാഷണം അവസാനിപ്പിച്ചു.
|