category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അജഗണത്തിന് മറക്കാനാകാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച സൂസപാക്യം പിതാവിന് ഇനി വിശ്രമ ജീവിതം
Contentതിരുവനന്തപുരം: കടൽ കലിതുള്ളി തീരമടിച്ചു തകർത്തപ്പോഴും മദ്യം മാരക വിപത്തായി കുടുംബങ്ങളെ വേട്ടയാടിയപ്പോഴും ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചപ്പോഴും പ്രളയത്തിരകൾ അനേകരുടെ ജീവിതങ്ങളില്‍ മുറിവേല്‍പ്പിച്ചപ്പോഴും അവകാശസംരക്ഷണ പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ച ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം പിതാവിന് ഇനി വിശ്രമ ജീവിതം. ഇന്നലെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞു പിന്‍ഗാമിയായ മോൺ. തോമസ് ജെ നെറ്റോയ്ക്കു പദവി കൈമാറിയതോടെ മൂന്നു പതിറ്റാണ്ടിലേറെയുള്ള വലിയ ഉത്തരവാദിത്വം മഹത്തരമാക്കി നിര്‍വ്വഹിച്ച പിതാവിന്റെ നിസ്തുല സേവനത്തിന്റെ ഓര്‍മ്മകളിലാണ് വിശ്വാസി സമൂഹം. തമിഴ്‌നാട്ടിലെ തീരദേശ ഗ്രാമമായ മാര്‍ത്താണ്ഡം തുറയില്‍ ഇല്ലായ്മകളുടെ ഇടയില്‍ മത്സ്യത്തൊഴിലാളിയായ മരിയ കലിസ്റ്റസിന്റെയും വീട്ടമ്മയായ ത്രേസ്യാമ്മയുടെയും മകനായി പിറന്ന സൂസപാക്യത്തേക്കുറിച്ചു ദൈവത്തിനു വലിയ പദ്ധതികളുണ്ടായിരുന്നു. 1958-ല്‍ സ്‌കൂള്‍ പഠനം കഴിഞ്ഞ് സെമിനാരിയില്‍ ചേര്‍ന്ന സൂസപാക്യം 1969 ഡിസംബര്‍ 20 ന് അദ്ദേഹം ബിഷപ്പ് ഡോ. പീറ്റര്‍ ബര്‍ണാര്‍ഡ് പെരേരയില്‍ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. ലാളിത്യവും എളിമയും അനുസരണാശീലവും കൈമുതലാക്കിയ എടുത്തു പറയത്തക്ക പ്രത്യേകതകളൊന്നുമില്ലാത്ത ഒരു സാധാരണ വൈദികനായിരുന്നു അദ്ദേഹം. എന്നാല്‍, ദൈവം അദ്ദേഹത്തെ കൈപിടിച്ചു നടത്തിയത് വലിയ ഉത്തരവാദിത്തങ്ങളിലേക്കായിരുന്നു. പൗരോഹിത്യ ജീവിതം ഇരുപതാണ്ടായപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1989 ഡിസംബര്‍ രണ്ടിന് ഫാ. സൂസപാക്യത്തെ തിരുവനന്തപുരം രൂപതയുടെ പിന്തുടര്‍ച്ചാവകാശത്തോടു കൂടിയ സഹായ മെത്രാനായി നിയമിച്ചു. 1990 ഫെബ്രുവരി രണ്ടിന് ബിഷപ്പായി അഭിഷിക്തനായി. അടുത്ത വര്‍ഷം ജനുവരി 31 ന് രൂപതയുടെ സ്വതന്ത്ര ചുമതലയുള്ള ബിഷപ്പായി. 2004 ജൂണ്‍ 17 ന് തിരുവനന്തപുരം രൂപതയെ അതിരൂപതയായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് 23 ന് തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ അദ്ദേഹം കര്‍ക്കശമായ നിലപാടെടുത്തത് ആശ്വാസമായത് ആയിരക്കണക്കിനു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ്. ഒരു കാലത്ത് വ്യാജവാറ്റിന്റെ കേന്ദ്രമായിരുന്ന തീരപ്രദേശമായ പൊഴിയൂരിനെ വ്യാജവാറ്റ് വിമുക്തമാക്കിയത് ഡോ. സൂസപാക്യം ഒരാളുടെ ഇടപെടല്‍ വഴി മാത്രമാണ്. ഭരണസംവിധാനങ്ങള്‍ പോലും അടുക്കാന്‍ ഭയപ്പെട്ടു നിന്നിരുന്ന മേഖലയിലേക്ക് സ്‌നേഹത്തിന്റെ ഭാഷയില്‍ സൗമ്യമായ വാക്കുകളുമായി അദ്ദേഹം ചെന്ന്‍ ഇടപെടലുകള്‍ നടത്തി. ഓഖി ചുഴലിക്കാറ്റ് ആഞ്ഞു വീശിയപ്പോള്‍ തീരദേശത്ത് ആശ്വാസവുമായി ഓടിയെത്തിയത് തീരവാസികളുടെ പ്രിയപ്പെട്ട ഈ ആര്‍ച്ച്ബിഷപ്പായിരുന്നു. സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരേ പടുകൂറ്റന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ച അദ്ദേഹം സ്വന്തം നിലയില്‍ ദുരന്തബാധിതര്‍ക്കായി പാക്കേജും പ്രഖ്യാപിച്ചു. ഇന്നും ആ പാക്കേജിന്റെ ആനുകൂല്യങ്ങള്‍ ഓഖി ബാധിതര്‍ക്കു ലഭിച്ചു വരുന്നു. ഏറ്റവുമൊടുവില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വന്നപ്പോഴും തുറമുഖം തീരത്തു വരുത്തുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചു പഠനം നടത്തി അതു പുറത്തു വിട്ടു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച ശേഷമായിരിക്കണം വിഴിഞ്ഞത്തു തുറമുഖ നിര്‍മാണം തുടങ്ങേണ്ടതെന്ന അദ്ദേഹത്തിന്റെ നിലപാടാണ് ഈ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കുറച്ചെങ്കിലും നീതി ലഭിക്കാന്‍ സഹായകമായത്. ലാളിത്യവും സൗമ്യഭാവവും മുഖമുദ്രയായ വ്യക്തിത്വമെന്ന വിശേഷണമാണ് ഡോ. സൂസപാക്യത്തിന് എക്കാലവും ലഭിച്ചിട്ടുള്ളത്. എന്നാല്‍ ആ സൗമ്യത വിശ്വാസസംബന്ധമായ കാര്യങ്ങളിൽ ദൃഢനിലപാടുകളുടുക്കുന്നതിന് ഒരിയ്ക്കലും തന്നെ തടസ്സമായില്ല. അവകാശങ്ങൾക്കുവേണ്ടി പ്രക്ഷോഭം നയിക്കുന്ന മുന്നണിപ്പോരാളി പ്രവര്‍ത്തിച്ച അദ്ദേഹം നേതൃത്വം നല്‍കിയ മദ്യനിരോധന സമരങ്ങൾ, നന്ദൻ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാനുള്ള പ്രക്ഷോഭങ്ങൾ, ന്യൂനപക്ഷ അവകാശ സംരക്ഷണ കൺവൻഷനുകൾ, സുനാമി ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെതിരെയുള്ള പ്രതിഷേധം, വിഴിഞ്ഞം പുന്തുറ കലാപത്തെ തുടർന്നു നീതി ലഭ്യമാക്കാനുള്ള സമരങ്ങൾ, സംസ്ഥാനത്തെ മുഴുവൻ ലത്തീൻ കത്തോലിക്കരെയും ഏകോപിപ്പിച്ച് നയിച്ച ജനജാഗരണ ജാഥ തുടങ്ങിയവ പ്രക്ഷോഭ പരിപാടികളിൽ ചിലതു മാത്രം. കടൽ കലിതുള്ളി തീരത്തെ വേട്ടയാടിയപ്പോഴും ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചപ്പോഴും പ്രളയത്തിരകൾ ജീവിതം .ചോദ്യ ചിഹ്നമാക്കിയപ്പോഴും സാന്ത്വനമേകാനും സമചിത്തത വീണ്ടെടുക്കാനും ദൈവദൂതനെപ്പോലെയെത്തിയ അദ്ദേഹത്തിന്റെ വരവ് തീരദേശ ജനതയ്ക്ക് ഇന്നും വലിയ ആവേശമാണ്. വിരമിക്കൽ പ്രായമായ 75 വയസ്സ് തികഞ്ഞ അവസരത്തിൽ വിരമിക്കാനുള്ള സന്നദ്ധത അദ്ദേഹം നേരത്തെ അറിയിച്ചിരിന്നു. ഇതേ തുടര്‍ന്നു താൽക്കാലികമായി ചുമതല സഹായമെത്രാനെ ഏൽപ്പിച്ചിരിക്കുകയായിരിന്നു. പുതിയ മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തതോടെ ചുമതലകളില്‍ നിന്ന്‍ ഔദ്യോഗികമായി വിരമിച്ചിരിക്കുന്ന സൂസപാക്യം പിതാവിനെ നന്ദിയോടെ നമ്മുക്ക് പ്രാര്‍ത്ഥനയില്‍ ഓര്‍ക്കാം. ഒപ്പം നിയുക്ത മെത്രാപ്പോലീത്ത റവ. മോൺ. തോമസ് ജെ നെറ്റോയെയുടെ ഇടയ ദൌത്യത്തിന്റെ വിജയത്തിനായും നമ്മുക്ക് പ്രാര്‍ത്ഥിക്കാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HxeLSPIXfpq1H3DxFesc7A}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-03 10:14:00
Keywordsസൂസപാ
Created Date2022-02-03 10:16:00