Content | മുംബൈ: ചൂഷണങ്ങൾക്ക് ഇരയായവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും അഭയമായ 'മാഹേര്‍' സംഘടനക്ക് 25 വര്‍ഷം. 1997ൽ സിസ്റ്റർ ലൂസി കുര്യൻ എന്ന മലയാളി സന്യാസിനിയാണ് മാഹേറിന്റെ ആദ്യത്തെ ഭവനം ആരംഭിക്കുന്നത്. ആരാരും കൈത്താങ്ങില്ലാത്ത സ്ത്രീകൾക്കും, കുഞ്ഞുങ്ങള്‍ക്കും, പുരുഷന്മാർക്കും വേണ്ടി പ്രവർത്തിക്കുന്ന സംഘടന ഫെബ്രുവരി രണ്ടാം തീയതിയാണ് 25 വർഷം പൂർത്തീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ സാന്നിധ്യമുള്ള മാഹേറിന്റെ മറാത്തി ഭാഷയിലെ അർത്ഥം 'എന്റെ അമ്മയുടെ ഭവനം' എന്നാണ്. കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് തന്നെ വിവിധ സ്ഥലങ്ങളിൽ ആഘോഷപരിപാടികൾ നടന്നു.
റിപ്പബ്ലിക് ദിനത്തിൽ പൂനയിലെ 'വധു'വിലാണ് ആദ്യത്തെ പരിപാടി അരങ്ങേറിയത്. ഫെബ്രുവരി അഞ്ചാം തീയതിയും ചിലയിടങ്ങളിൽ ആഘോഷം നടന്നു. ഗ്രാമ പ്രദേശമായ 'വധു'വിൽ 1997ലാണ് സിസ്റ്റർ ലൂസി കുര്യൻ മാഹറിന്റെ ആദ്യത്തെ ഭവനം ആരംഭിക്കുന്നത്. ഒരാൾ തന്റെ ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തി കൊല്ലുന്നതിന് സാക്ഷ്യംവഹിക്കാൻ ഇട വന്നതാണ് ഇങ്ങനെ ഒരു ഉദ്യമം ആരംഭിക്കാൻ സിസ്റ്റർ ലൂസിയെ പ്രേരിപ്പിച്ചത്. സാവകാശം കുട്ടികളിലേക്കും, പുരുഷന്മാരിലേയ്ക്കും പ്രവർത്തനമേഖല സംഘടന വ്യാപിപ്പിച്ചു. 24 കർമപരിപാടികളാണ് ദരിദ്രരിൽ ദരിദ്രരായവരിലേക്ക് ഇറങ്ങിച്ചെല്ലാൻ മാഹേർ ഇതിനോടകം ആവിഷ്കരിച്ചിരിക്കുന്നത്.
ഇപ്പോൾ 98 കുട്ടികൾക്കും, 572 സ്ത്രീകൾക്കും, പുരുഷന്മാർക്കും വിവിധ തലങ്ങളിലെ കേന്ദ്രങ്ങളിൽ മതസംഘടനകളുടെയും, ഗ്രാമങ്ങളിലെ പ്രസ്ഥാനങ്ങളുടേയും സഹായത്തോടെ മാഹേർ അഭയം നൽകുന്നു. 25 വർഷത്തിനിടെ അയ്യായിരത്തോളം കുട്ടികൾക്കും, 5900 സ്ത്രീകൾക്കും, 492 പുരുഷന്മാർക്കും സംഘടന അഭയം നൽകിയിട്ടുണ്ട്. കാൽനൂറ്റാണ്ടായി അനേകം നിരാലംബര്‍ക്കു സഹായം നൽകാൻ സാധിക്കുന്നതിൽ സിസ്റ്റർ ലൂസി സന്തോഷവതിയാണ്. ഇന്ത്യയിൽ നിന്നും, വിദേശത്ത് നിന്നും നല്ല ഉദ്ദേശത്തോടെ ലഭിക്കുന്ന സാമ്പത്തിക സഹായം ഉപയോഗിച്ചാണ് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നതെന്ന് സിസ്റ്റർ ലൂസി മാറ്റേഴ്സ് ഇന്ത്യ എന്ന മാധ്യമത്തോട് പറഞ്ഞു.
ആദ്യം സംഘടന തുടങ്ങാൻ തീരുമാനം എടുത്തപ്പോൾ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് തന്റെ ഉള്ളിലുള്ള ശക്തി മനസ്സിലാക്കാൻ സാധിച്ചുവെന്ന് സിസ്റ്റർ സ്മരിച്ചു. ദുർബലത അനുഭവപ്പെട്ടപ്പോൾ എല്ലാം ദൈവത്തിന് തന്റെ ആഗ്രഹം സമർപ്പിക്കുകയായിരുന്നു. പാദങ്ങൾ ശരിയായ വഴിയിലൂടെ നയിക്കണമെന്ന് കർത്താവിനോട് യാചിച്ചു. സന്നദ്ധ പ്രവർത്തനം ചെയ്യാൻ താല്പര്യമുള്ള നിരവധി ആളുകളുടെ സഹായം മറാത്തിയും, ഹിന്ദി ഭാഷയും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന സിസ്റ്റർ ലൂസിക്ക് ലഭിച്ചു. ഒരു അമ്മ എന്ന നിലയിലുള്ള സേവനം ചെയ്യാനാണ് താൻ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ലൂസി കുര്യൻ ഉറച്ചു വിശ്വസിക്കുന്നു.
അന്താരാഷ്ട്ര തലത്തിലും, ദേശീയതലത്തിലും നിരവധി പ്രമുഖരാണ് സംഘടനയുടെ പ്രവർത്തനത്തിന് പ്രോത്സാഹനവുമായി രംഗത്ത് വന്നിട്ടുള്ളത്. അനേകം അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള സിസ്റ്റര്‍ ലൂസി ഫ്രാന്‍സിസ് പാപ്പയുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണുമായും കൂടിക്കാഴ്ച നടത്തിയിരിന്നു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J3HE5Cn8lGsDBalHaC76w1}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|