Content | കടൂണ: നൈജീരിയയിലെ കടൂണ സംസ്ഥാനത്തെ കുഡേന്ദ പ്രദേശത്ത് സേവനം ചെയ്തുക്കൊണ്ടിരിന്ന കത്തോലിക്ക വൈദികനെ ഭീകര സംഘം തട്ടിക്കൊണ്ടുപോയി. സെന്റ് ജോൺസ് കത്തോലിക്ക ഇടവക വികാരിയായ റവ. ഫാ. ജോസഫ് അകേതെയെയാണ്‍ ഭീകരരെന്ന് സംശയിക്കുന്ന തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയുണ്ടായ ആക്രമണത്തിൽ സുരക്ഷാജീവനക്കാരനെ ഭീകരർ വധിച്ചിരിന്നു. സംസ്ഥാന സർക്കാരും പോലീസും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെങ്കിലും ചൊവ്വാഴ്ച ആക്രമണവും തട്ടിക്കൊണ്ടു പോകലും നടന്നതായി കടൂണ രൂപതയുടെ കാത്തലിക് ഡീനറി ചാൻസലർ റവ. ഫാ. ആന്റണി ഡോഡോ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
വൈദികന്‍ ഉറങ്ങിക്കിടന്ന മുറികളിലൊന്നിൽ അതിക്രമിച്ച് കയറിയ ഭീകരർ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി തട്ടിക്കൊണ്ടുപോകുകയായിരിന്നു. മറ്റൊരു വൈദികന്‍ തട്ടിക്കൊണ്ടുപോകലിൽ നിന്ന് രക്ഷപ്പെട്ടു. കടൂണ രൂപതയിൽ മാത്രം കൊള്ളക്കാർ എട്ടോളം വൈദികരെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ഭരണത്തെ പൗരന്മാരുടെ ജീവനും സ്വത്തും സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെട്ടതായും ഡോഡോ പറഞ്ഞു. സുരക്ഷാ ഏജൻസികള്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും എല്ലാ പൗരന്മാരുടെയും ജീവൻ മതിയായ രീതിയിൽ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും ചാൻസലർ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലും കടൂണ സംസ്ഥാനത്ത് നിന്ന്‍ വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയിരിന്നു. 24 മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം മോചിപ്പിക്കപ്പെട്ടിരിന്നു.
|