Content | അതിരമ്പുഴ: വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹ സ്ഥാപക ദൈവദാസി മദർ മേരി ഫ്രാൻസിസ്ക ദ് ഷന്താളിന്റെ അമ്പതാം ചരമ വാർഷികാചരണത്തിനു സമാപനമായി. നൂറുകണക്കിന് വിശ്വാസികളാണ് ഇന്നലെ രാവിലെ മുതൽ ആരാധനാമഠം ചാപ്പലിലെ കബറിടത്തിങ്കലും പ്രധാന തിരുക്കർമങ്ങൾ നടന്ന അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലും എത്തിയത്. രാവിലെ കബറിടത്തിങ്കൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ കാർമികത്വത്തിൽ ഒപ്പീസ് നടന്നു.
തുടർന്ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ മാർ പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. പോസ്റ്റുലേറ്റർ റവ.ഡോ.ജോസഫ് കൊല്ലാറ, ചമ്പക്കുളം സെ ന്റ് മേരീസ് ബസിലിക്ക റെക്ടർ ഫാ. ഗ്രിഗറി ഓണംകുളം എന്നിവർ സഹകാർമികരായി രുന്നു. വിശുദ്ധ കുർബാനയ്ക്കു ശേഷം പാരിഷ് ഹാളിൽ സജ്ജീകരിച്ച നേർച്ചഭക്ഷണത്തിൽ പങ്കാളികളായ ശേഷമാണ് വിശ്വാസികൾ മടങ്ങിയത്. കേരളത്തിനകത്തും പുറത്തു നിന്നുമായി വിവിധ പ്രോവിൻസുകളിലെ പ്രോവിൻഷ്യൽമാരും കന്യാസ്ത്രീകളും ഉൾപ്പെടെ ഒട്ടേറെ വിശ്വാസികൾ തിരുക്കർമങ്ങളിൽ പങ്കെടുക്കാനും കബറിടത്തിങ്കൽ പ്രാർഥിക്കാനുമായി എത്തിയിരിന്നു. |