Content | വത്തിക്കാന്‍ സിറ്റി: സിറിയയുടെയും മധ്യ കിഴക്കൻ പ്രദേശത്തെ ക്രൈസ്തവരുടെയും ദുരവസ്ഥ ഒരിക്കലും മറക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പ. ഗ്രീക്ക് മെൽക്കൈറ്റ് കത്തോലിക്ക സഭയിലെ മെത്രാന്‍ സംഘത്തെ ഇന്നലെ ജൂൺ ഇരുപതാം തിയതി വത്തിക്കാനിൽ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരിന്നു പാപ്പ. മധ്യ കിഴക്കൻ പ്രദേശത്തെ ക്രൈസ്തവരെ ഒന്നിപ്പിക്കാൻ ശ്രമിക്കണമെന്ന് പാപ്പ അവരോടു ആവശ്യപ്പെട്ടു. യുവാക്കളുടെയും കുടുംബങ്ങളുടെയും കണ്ണുകളിലും ഹൃദയങ്ങളിലും നിന്ന് പ്രത്യാശയുടെ അവസാന തീപ്പൊരി എടുത്തുകളയാൻ നമുക്ക് അനുവദിക്കാനാവില്ല! അതിനാൽ, രാജ്യത്തിനകത്തും അന്താരാഷ്ട്ര സമൂഹത്തിലും ഉത്തരവാദിത്വമുള്ള എല്ലാവരോടും സിറിയയിലെ നാടകീയമായ പ്രശ്നത്തിന് ന്യായവും നീതിയുക്തവുമായ ഒരു പരിഹാരം കണ്ടെത്താനുള്ള തന്റെ അഭ്യര്‍ത്ഥന നവീകരിക്കുകയാണെന്ന്‍ പാപ്പ പറഞ്ഞു.
മധ്യ കിഴക്കൻ ക്രൈസ്തവരെ കുറിച്ച് പറഞ്ഞ പാപ്പ, അവരുടെ നിലനിൽപ്പിനെക്കുറിച്ച് ആശങ്കയുണ്ടെന്നും അവരുടെ ദുരവസ്ഥ ഒരു വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി. ഇക്കാലത്തും നമ്മുടെ വിശ്വാസത്തിന്റെ രചയിതാവും അതിനെ പരിപൂർണ്ണതയിലെത്തിക്കുന്നവനുമായ ക്രിസ്തുവിന്റെ നാമത്തിന് സാക്ഷ്യം വഹിക്കാനുള്ള ധൈര്യം ക്രൈസ്തവ സമൂഹത്തിന് ഉണ്ടാകട്ടെയെന്നും പാപ്പ പറഞ്ഞു. പത്രോസിന്റെ പിൻഗാമികളിൽ ചിലർ സിറിയയിൽ ജനിച്ചവരാണെന്നു ചൂണ്ടിക്കാട്ടിയ പാപ്പ, ഒരു വശത്ത് സ്നേഹ പ്രവർത്തികളാൽ അദ്ധ്യക്ഷത വഹിക്കാനും, മുഴുവൻ സഭയുടെയും പരിപാലനമെടുക്കാനും വിളിക്കപ്പെട്ട റോമിലെ സഭയുടെ കത്തോലിക്ക നിശ്വാസം അറിയാനും മറുവശത്ത്, നമ്മുടെ പ്രിയപ്പെട്ടതും പീഡിപ്പിക്കപ്പെടുന്നതുമായ സിറിയയിലേക്ക് പാത്രിയാർക്കീസ് യൂസേഫ് മുതൽ നിങ്ങളിൽ ചിലർ മെത്രാന്മാരായിരിക്കുന്ന ദേശത്തേക്ക് തീർത്ഥാടകരായി എത്താനും മനസ്സിനെ പ്രേരിപ്പിക്കുന്നുവെന്ന് പാപ്പ പങ്കുവച്ചു. |