Content | ആര്‍എസ്‌എസ് ഔദ്യോഗിക പ്രസിദ്ധീകരണമായ 'കേസരി'യില്‍ ദേവസഹായം പിള്ളയുടെ വിശുദ്ധ പദവിയെയും കത്തോലിക്ക സഭയെയും അവഹേളിച്ചുക്കൊണ്ട് വന്ന ലേഖനത്തിന് കൃത്യമായ മറുപടിയുമായി വൈദികന്‍. “ദേവസഹായംപിള്ളയും വിശുദ്ധപാപങ്ങളും” എന്ന പേരില്‍ മുരളി പാറപ്പുറം എഴുതിയ ലേഖനത്തിന് ഫാ. ബിബിന്‍ മഠത്തിലാണ് വ്യക്തമായ മറുപടി നല്‍കിയിരിക്കുന്നത്. കത്തോലിക്ക സഭ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന ആരോപണത്തിന് മറുപടി നല്‍കിക്കൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്.
ലോകത്ത് ചരിത്രരേഖകൾ ഏറ്റവും അധികം ആധികാരികതയോടെ സൂക്ഷിച്ചു വച്ചിരിക്കുന്നതും അവ പഠിക്കുന്നതും ക്രൈസ്തവ സഭകളുടെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളിലാണെന്നും ഇന്ന് ലഭ്യമായ ഏറ്റവും പഴക്കമുള്ള കൈയെഴുത്ത് പ്രതികളിൽ ഭൂരിഭാഗവും സഭാചരിത്രവുമായി ബന്ധപ്പെട്ടുള്ളതുമാണെന്നും .ഫാ. ബിബിന്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്‌എസ് ലേഖനം ഉന്നയിക്കുന്ന ആരോപണങ്ങള്‍ കൃത്യമായ രീതിയില്‍ ഖണ്ഡിച്ചുക്കൊണ്ടാണ് ഫാ. ബിബിന്റെ കുറിപ്പ് മുന്നോട്ടു പോകുന്നത്.
#{blue->none->b->വൈദികന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം }#
കേസരി എന്ന ആർ.എസ്.എസ് വാരികയിലെഴുതിയ ലേഖനം വായിച്ചു. “മതപരമായ താല്‍പ്പര്യം മുന്‍നിര്‍ത്തി വ്യാജചരിത്രം തീര്‍ക്കുന്നതില്‍ ക്രൈസ്തവ സഭകള്‍ പ്രകടിപ്പിച്ചിട്ടുള്ള താല്‍പ്പര്യം കുപ്രസിദ്ധമാണ്. വസ്തുതകള്‍ വളച്ചൊടിച്ചും തമസ്‌കരിച്ചും കൃത്രിമരേഖകള്‍ ചമച്ചുമുള്ള ഇത്തരം ചരിത്ര നിര്‍മാണങ്ങള്‍ നൂറ്റാണ്ടുകളായുള്ള ഒരു ബൃഹദ് പദ്ധതിയാണ്.” എന്ന് തുടങ്ങുന്ന ലേഖനം തുടക്കത്തിൽ തന്നെ അതിന്റെ ലക്ഷ്യത്തെ തുറന്നു കാട്ടുന്നുണ്ട്. പക്ഷെ ഇവിടെ തന്നെ ലേഖനം പരാജയപ്പെടുകയാണു. ലോകത്ത് ചരിത്രരേഖകൾ ഏറ്റവും അധികം ആധികാരികതയോടെ സൂക്ഷിച്ചു വച്ചിരിക്കുന്നതും അവ പഠിക്കുന്നതും ക്രൈസ്തവ സഭകളുടെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളിലാണു. മാത്രമല്ല, ഇന്ന് ലഭ്യമായ ഏറ്റവും പഴക്കമുള്ള കൈയെഴുത്ത് പ്രതികളിൽ ഭൂരിഭാഗവും സഭാചരിത്രവുമായി ബന്ധപ്പെട്ടുള്ളതുമാണു. ഉദാഹരണത്തിനു ബൈബിളിന്റേതായി ലഭ്യമായിരിക്കുന്ന ഏറ്റവും പഴക്കമുള്ള മാനുസ്ക്രിപ്റ്റ് (ലിഖിതം) ബി.സി 600-ലെ കെതെഫ് ഹിന്നോം ചുരുളുകൾ (Ketef Hinnom scrolls) ആണ്.
ബി.സി. 150നും എ.ഡി 70നും ഇടയിലേതാണു ലഭ്യമായ ചാവുകടൽ ചുരുളുകൾ (Dead Sea Scrolls). ബി.സി. രണ്ടാം നൂറ്റാണ്ടു മുതൽ എ.ഡി നാലാം നൂറ്റാണ്ടുവരെയുള്ള ചുരുളുകൾ കോഡെക്സ് വറ്റിക്കാനൂസ്, കോഡെക്സ് സൈനൈറ്റിക്കൂസ് എന്നിവയിൽ കാണുവാൻ സാധിക്കും. ഇവയൊക്കെ ക്രൈസ്തവസഭകൾ ചരിത്രത്തിനു നൽകുന്ന പ്രാധാന്യങ്ങളെ വ്യക്തമാക്കുന്നതാണ്. ദ ഗ്രേറ്റ് ഹിന്ദു സംസ്കാരത്തിന്റെ പഴമ അവകാശപ്പെടുകയും അതിൽ കോൾമയിർ കൊള്ളുകയും ചെയ്യുന്ന ആർ.എസ്.എസി.നോ തത്തുല്യമായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന മറ്റാർക്കെങ്കിലുമോ തങ്ങളുടെ അവകാശവാദങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ ഇത്തരത്തിലുള്ള എന്തു രേഖകൾ കാണിക്കാൻ സാധിക്കും?
ഇനി കേസരിയുടെ ബാക്കി കണ്ടെത്തലുകളിലേക്ക് കടക്കാം. “ക്രിസ്തു ശിഷ്യനായ തോമാശ്ലീഹ ഒന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്നു എന്ന കഥ കത്തോലിക്കാസഭയുടെ വ്യാജചരിത്ര നിര്‍മാണത്തിന് എക്കാലത്തെയും മികച്ച ഉദാഹരണമാണ്” എന്നാണു പ്രസ്തുത ലേഖനം പറയുന്നത്. ശ്രദ്ധിക്കുക, ക്രിസ്തുശിഷ്യനായ തോമാശ്ലീഹ ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ വന്നു എന്നുള്ളത് കത്തോലികാസഭയുടെ തിയറി അല്ല. അതു മാർത്തോമാനസ്രാണികൾ എന്നറിയപ്പെടുന്ന ഭാരത ക്രൈസ്തവരുടേതാണ്. മാർത്തോമാ നസ്രാണികളിൽ കത്തോലിക്കരും അകത്തോലിക്കരുമായി അരഡസനോളം ക്രൈസ്തവസഭകളിൽ പെട്ടവരുണ്ട്. ഇവിടെ ലേഖകൻ മനസിലാക്കേണ്ട ഒരു വസ്തുതയുണ്ട്. ആധികാരികമായി ചരിത്രം എഴുതുമ്പോൾ എഴുതുന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം എന്നുള്ളതാണു. ക്രൈസ്തവ സഭകളെക്കുറിച്ചോ മാർത്തോമാനസ്രാണികളെക്കുറിച്ചോ കത്തോലിക്കാസഭയെക്കുറിച്ചൊ വ്യക്തമായ ധാരണയില്ലാതെ ഇത്തരത്തിലുള്ള ലേഖനം എഴുതാൻ ശ്രമിക്കുന്നതാണു യഥാർത്ഥത്തിൽ വ്യാജചരിത്ര നിർമ്മിതി.
ഇനി തോമാശ്ലീഹായുടെ ചരിത്രത്തിലേക്ക് വരാം. എ.ഡി രണ്ടാം നൂറ്റാണ്ടിൽ തന്നെ ഇന്ത്യയിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നുവെന്നും അവർ ഹീബ്രു ഭാഷയിൽ എഴുതപ്പെട്ടിരുന്ന മത്തായിയുടെ സുവിശേഷം ഉപയോഗിച്ചിരുന്നുവെന്നുമൊക്കെ പന്തേനൂസ് റിപ്പോർട്ട് ചെയ്തിരുന്നതായി സഭാചരിത്രകാരനായി യുസേബിയൂസ് നാലാം നൂറ്റാണ്ടിലെ തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. ക്രിസ്തുശിഷ്യനായ ബർത്തലമ്യോ ആയിരുന്നു ഇവിടെ സുവിശേഷം പ്രചരിപ്പിച്ചതെന്നാണു ആ പുസ്തകത്തിൽ പറയുന്നതെന്നുള്ളതും സത്യമാണ്.
എന്നാൽ എ.ഡി മൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട “തോമസിന്റെ പ്രവർത്തനങ്ങൾ“ (Acts of Thomas) എന്ന കൃതിയിൽ ക്രിസ്തുശിഷ്യനായ തോമസ് ഇന്ത്യയിൽ വന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോക്രിഫൽ ഗ്രന്ഥം ആണെങ്കിൽ കൂടി ഈ കൃതിയിലെ വിവരങ്ങൾ അനുസരിച്ച് അപ്പസ്തോലനായ തോമസ് ഇന്ത്യയിൽ വന്നിരുന്നുവെന്നും ഇവിടെ സുവിശേഷം പ്രസംഗിച്ചുവെന്നും സഭ സ്ഥാപിച്ചുവെന്നും ആ സഭക്ക് സുറിയാനിസഭയുമായി ബന്ധമുണ്ടായിരുന്നുവെന്നും അക്കാലത്ത് ആളുകൾ മനസിലാക്കിയിരുന്നു എന്നുള്ളതിന്റെ തെളിവ് ഇതിൽ കാണുവാൻ സാധിക്കും.
ഇനി ഇതിലും പുരാതനമായ ലിഖിത തെളിവുകൾ എന്തുകൊണ്ട് ഭാരതത്തിലെ ക്രിസ്ത്യാനികൾക്ക് കാണിക്കാൻ സാധിക്കുന്നില്ല എന്നുള്ളതിനു മൂന്ന് കാരണങ്ങൾ പറയാം.
1. ഭാരതത്തിന്റെ ചരിത്രവും മറ്റു പുരാതനകൃതികളും പോലും എഴുത്തിലൂടെ അല്ല, വായ്മൊഴിയായിട്ടാണു കൈമാറ്റം ചെയ്യപ്പെട്ടു പോന്നത്.
2. അക്കാലത്ത് എഴുതി സംരക്ഷിക്കുക എന്നത് വളരെയധികം ചിലവുള്ളതും കഠിനവുമായ കാര്യമായിരുന്നു. വളരെ ചെറിയ സമൂഹമായിരുന്ന ക്രിസ്ത്യാനികൾക്ക് അക്കാലത്ത് അതിനു കഴിവുണ്ടായിരുന്നില്ല.
3. ഇനി എഴുതി വച്ചിരുന്നെങ്കിൽ കൂടി അവ ഇത്രയും വർഷം കേടുകൂടാതെ നിലനിൽക്കുമായിരുന്നില്ല. കേടുകൂടാതെ നിന്നിരുന്ന ചരിത്രരേഖകളിൽ പലതും കൊളോണിയൽ കാലത്ത് പോർച്ചുഗീസ് മിഷണറിമാർ നശിപ്പിക്കുകയും ചെയ്തിരുന്നു.
ഇനി ഇക്കാര്യം മനസിലാക്കാനായി കേസരിയോട് ഞാൻ ഒരു ചോദ്യം ചോദിക്കാം. വേദങ്ങൾക്ക് സഹസ്രാബ്ദങ്ങൾ പഴക്കമുണ്ടെന്നാണു ഹൈന്ദവ ചരിത്രകാരന്മാരുടെ അവകാശവാദം. എന്നാൽ വേദങ്ങളുടെ ഇന്ന് ലഭ്യമായ ഏറ്റവും പുരാതന പ്രതി എ.ഡി 15-ആം നൂറ്റാണ്ടിലേതാണു. അപ്പോൾ വേദങ്ങൾക്ക് സഹസ്രാബ്ദങ്ങൾ പഴക്കമുണ്ട് എന്ന് എങ്ങനെ സംശയലേശമന്യേ തെളിയിക്കും? സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട് എന്ന അവകാശവാദം വ്യാജചരിത്രനിർമ്മിതിയുടെ ഭാഗമല്ലേ?
തോമ്മാശ്ലീഹായുടെ കേരളത്തിലെ വരവിനെയും കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തെയും ചോദ്യം ചെയ്തശേഷം കേസരിയിലെ ലേഖനം കടക്കുന്നത് കത്തോലിക്കാസഭയിൽ വ്യക്തികളെ വിശുദ്ധരാക്കി പ്രഖ്യാപിക്കുന്ന പ്രക്രിയയെ വിമർശിക്കാനാണു. മദർ തെരേസയെ വിശുദ്ധയാക്കിയതും ഇപ്പോൾ ദേവസഹായം പിള്ളയെ വിശുദ്ധനാക്കിയതും ശരിയായില്ല എന്നാണു ആരോപണം. ഹൈന്ദവർ വ്യക്തികളെ “സന്ത്” (saint) എന്നു വിളിക്കുന്ന രീതി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്. യാതൊരു നടപടി ക്രമങ്ങളുമില്ലാതെ ചില വ്യക്തികളെ അങ്ങ് സന്തായിട്ട് ആദരിക്കും. അതുപോലെ ഉള്ള എന്തോ പരിപാടി ആണ് കത്തോലിക്ക സഭയിലും ഉള്ളത് എന്നാണു കേസരിയിലെ ലേഖകൻ ധരിച്ചു വച്ചിരിക്കുന്നത് എന്ന് തോന്നും അദ്ദേഹത്തിന്റെ എഴുത്തു വായിച്ചാൽ.
ഈ ആരോപണം ഉന്നയിക്കുന്നതിനു മുമ്പ് ലേഖകൻ കത്തോലിക്കാസഭയിൽ ഒരാളെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന പ്രക്രിയയെ കുറിച്ച് പഠിച്ചിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള അബദ്ധം പറയില്ലായിരുന്നു. വ്യക്തമായ ചരിത്രരേഖകൾ പഠിച്ചും അവ ഇഴകീറി പരിശോധിച്ചുമാണു ഒരാളെ വിശുദ്ധപദവിയിലേക്ക് സഭ ഉയർത്തുന്നത്.
ദേവസഹായം പിള്ളയുടെ ചരിത്രം എഴുതിയിരിക്കുന്ന സി.എം.ആഗൂറിന്റെ ഗ്രന്ഥം സംശയാസ്പദമാണെന്നും അത് ക്രൈസ്തവമിഷണറിമാരുടെ കണ്ണിൽ കൂടി ഉള്ളതാണെന്നും ആരോപിച്ചിരിക്കുന്ന ലേഖകൻ സ്വയം ഒന്നു കണ്ണാടിയിൽ നോക്കണം. അവിടെ അയാൾ കാണുക ഒരു ചരിത്രകാരന്റെ കണ്ണുകൾ ആയിരിക്കില്ല, പകരം ഒരു ആർ.എസ്.എസ് പ്രൊപ്പഗാണ്ഡിസ്റ്റിന്റെ കണ്ണുകൾ ആയിരിക്കും. ചരിത്രത്തിന്റെ കാര്യത്തിൽ സഭാചരിത്രകാരന്മാരുടെ ആധികാരികതയുടെ ഒരംശം എങ്കിലും ആധികാരികത ഇത്തരത്തിലുള്ള പ്രൊപ്പഗാണ്ഡിസ്റ്റുകൾക്ക് എന്നെങ്കിലും ഉണ്ടാകുമോ എന്ന ചോദ്യം എന്നും അവശേഷിക്കും.
#{black->none->b->ഫാ. ബിബിന്‍ മഠത്തില്‍ }#
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|