Content | അബൂജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും പതിവായ സാഹചര്യത്തില്‍ പ്രതിഷേധവുമായി നൈജീരിയയിലെ പേപ്പല്‍ ക്നൈറ്റ്സ് മെഡലിസ്റ്റ് അസോസിയേഷന്‍. തുടര്‍ച്ചയായ അക്രമങ്ങള്‍ക്കിരയായി കൊണ്ടിരിക്കുന്ന ക്രൈസ്തവരെ സംരക്ഷിക്കുവാന്‍ അടിയന്തിര നടപടികള്‍ കൈകൊള്ളണമെന്ന് പേപ്പല്‍ ക്നൈറ്റ്സ് ജൂണ്‍ 27ന് പുറത്തുവിട്ട പ്രസ്താവനയിലൂടെ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ കീഴിലുള്ള നൈജീരിയന്‍ സര്‍ക്കാരിനോടും, സുരക്ഷ സംവിധാനങ്ങളോടും ആവശ്യപ്പെട്ടു. 25, 26 തീയതികളിലായി രണ്ട് കത്തോലിക്ക വൈദികര്‍ കൊല്ലപ്പെട്ടതിന്റെ തൊട്ടുപിന്നാലെയാണ് അസോസിയേഷന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
ഒണ്‍ഡോ രൂപതയിലെ ഒവോയിലെ കത്തോലിക്കാ ദേവാലയത്തില്‍ പെന്തക്കുസ്ത തിരുനാളില്‍ നാല്‍പ്പതിലധികം പേരുടെ ജീവനെടുത്ത ആക്രമണത്തേക്കുറിച്ചും പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത് അപകടകരവും ഭയപ്പെടുത്തുന്നതുമാണ്. നിരപരാധികളായ പൗരന്‍മാര്‍ ആക്രമിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടും ഗവണ്‍മെന്റ് പാലിക്കുന്ന നിശബ്ദത ഭീകരമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. പൗരന്‍മാരുടെ സുരക്ഷക്ക് പ്രഥമ പരിഗണന കൊടുക്കണമെന്നും, അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ കഠിനമായി പരിശ്രമിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
നൈജീരിയയെ മുസ്ലീം രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2009-ല്‍ ബൊക്കോഹറാം ഉദയം കൊണ്ട ശേഷം കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോയികൊണ്ടിരിക്കുന്നത്. ഫുലാനി പോരാളികള്‍ എന്നറിയപ്പെടുന്ന ഇസ്ലാമിക ഗോത്രവര്‍ഗ്ഗക്കാര്‍ കൃഷിക്കാരായ ക്രൈസ്തവരുടെ നേര്‍ക്ക് നടത്തിവരുന്ന ആക്രമണങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. നൈജീരിയയില്‍ സമീപവര്‍ഷങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന കൊലപാതകങ്ങളുടെ തുടര്‍ച്ചയാണ് ഫാ. വിറ്റുസ്ബൊറോഗോയുടേയും, ഫാ. ക്രിസ്റ്റഫര്‍ ഒഡിയായുടേയും കൊലപാതകങ്ങള്‍.
ജൂണ്‍ 19ന് ഒരു സംഘം തോക്കുധാരികള്‍ കടുണ അതിരൂപതയിലെ സെന്റ് മോസസ് ദേവാലയത്തില്‍ ആക്രമണം നടത്തിയിരുന്നു. ഫാ. ജോസഫ് അകതെ എന്ന വൈദികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ്. തുടര്‍ച്ചയായ ഇത്തരം സംഭവങ്ങളുടെ കൂടെ പശ്ചാത്തലത്തിലാണ് സംഘടനയുടെ പ്രസ്താവന. കത്തോലിക്ക പ്രബോധനങ്ങളെയും, പോപ്പിന്റേയും സഭയുടേയും പരമാധികാരത്തേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ പേപ്പല്‍ ക്നൈറ്റ്സിന്റേയും, പേപ്പല്‍ ബഹുമതിക്കര്‍ഹരായവരുടേയും അസോസിയേഷനാണ് പേപ്പല്‍ ക്നൈറ്റ്സ്, മെഡലിസ്റ്റ് അസോസിയേഷന്‍. |