Content | "ഈശോയെ എന്റെ ഒരു കുഞ്ഞുകാൽ നിനക്കു തന്നതാണേ..."
" അമ്മേ ഞാൻ മരിക്കുമ്പോൾ അമ്മ കരയരുത്.... ഉണ്ണീശോയുടെ വി.കൊച്ചുത്രേസ്യാ എന്നോടു പറഞ്ഞു എന്റെ സമയമായെന്ന്, അമ്മേ ഞാൻ പോകട്ടെ."
അന്തോനിയെത്ത മെയൊ എന്ന ഈ കൊച്ചു പെൺകുട്ടി ആധുനിക കാലഘട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധയാകാനുള്ള പ്രയാണത്തിലാണ്. ധന്യയായ അന്തോനിയെത്ത മെയൊ (Antonietta Meo) എന്ന കൊച്ചു പെൺകുട്ടി അവളുടെ കാൻസർ രോഗം ഈശോയ്ക്ക് സമർപ്പിച്ചതിലൂടെ പ്രസിദ്ധയാണ്. അന്തോനിയെത്തയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നാമകരണ നടപടികൾ പുരോഗമിക്കുകയാണ്. വിശുദ്ധയായി സഭ ഓദ്യോഗിമായി ഉയർത്തുകയാണങ്കിൽ അന്തോനിയെത്ത മെയൊ എന്ന നെന്നൊലീന തിരുസഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ(രക്തസാക്ഷിയല്ലാത്ത) വിശുദ്ധയാകും.
ഇറ്റലിയിലെ റോമിൽ 1930 ഡിസംബർ 15നാണ് നെന്നൊലീന ജനിച്ചത് .മൂന്നാം വയസു മുതൽ അടുത്തുള്ള കത്തോലിക്കാ സ്കൂളിൽ പോകാൻ ആരംഭിച്ചു. എല്ലാവരുടെയും ഓമനയായിരുന്ന അന്തോനിയെത്ത കുട്ടിക്കാലം മുതലേ പാവങ്ങളോടു പ്രത്യേക പരിഗണന കാട്ടിയിരുന്നു. പാവപ്പെട്ടവരെ കാണുമ്പോൾ അവർക്ക് പൈസാ നൽകാൻ മാതാപിതാക്കളോട് അവൾ അവശ്യപ്പെട്ടിരുന്നു.
അന്തോനിയെത്തക്ക് നാലു വയസ്സായപ്പോൾ അവളുടെ ഇടതുകാലിൽ ഒരു നീർവീക്കം മാതാപിതാക്കളുടെ ശ്രദ്ധയിൽ പെട്ടു. ആരംഭത്തിൻ അത്ര ഗൗരവ്വമായി കണ്ടില്ല . പിന്നീടുള്ള തുടർ പരിശോധനകളിൽ നിന്നു കുഞ്ഞു അന്തോനിയെത്തയുടെ എല്ലിനു മാരകമായ ക്യാൻസർ രോഗം ബാധിച്ചതായി കണ്ടെത്തി. അവൾക്ക് അഞ്ചു വയസ്സ് എത്തിയപ്പോഴേക്കും ഒരു കാൽ മുറിച്ചു കളഞ്ഞിരുന്നു.
കൃത്രിമ കാലിൽ സ്കൂൾ ജീവിതം അവൾ പുനരാരംഭിച്ചു. വൈകുന്നേരങ്ങളിൽ അമ്മ വേദപാഠം പഠിപ്പിച്ചു പോന്നു. ഈ സമയങ്ങളിൽ ഈശോയ്ക്കും മാതാവിനും, വിശുദ്ധർക്കും കത്തെഴുതാൻ അമ്മ അവളെ പരിശീലിപ്പിച്ചിരുന്നു. ഇപ്രകാരമുള്ള നൂറുകണക്കിനു കത്തുകൾ അന്തോനിയെത്ത മെയൊ എഴുതിയിട്ടുണ്ട്. ഈ കത്തുകൾ ഉണ്ണീശോയ്ക്ക് വായിക്കാനായി അവളുടെ മുറിയിലുള്ള ഉണ്ണീശോയുടെ രൂപത്തിനു മുമ്പിൽ രാത്രി കാലങ്ങളിൽ വച്ചിരുന്നു. ഈ കൊച്ചു കത്തുകളിലുടെ അവളുടെ കുഞ്ഞു തെറ്റുകൾക്ക് ക്ഷമ ചോദിക്കുകയും, അവളെത്തന്നെ ഈശോയ്ക്ക് സമർപ്പിക്കയും ചെയ്യുക പതിവാക്കിയിരുന്നു.
തന്നെ പഠിപ്പിച്ച കോൺവെന്റ് സ്കൂളിലെ സിസ്റ്റർക്ക് ആദ്യ കുർബാന സ്വീകരണ നേരെത്തെയാക്കാൻ,അന്തോനിയെത്ത കത്ത് എഴുതി. 1936 ലെ ക്രിസ്തുമസ് ദിനത്തിൽ അവൾ ഈശോയെ സ്വീകരിച്ചു. വേദന സഹിച്ച്, കൃത്രിമ കാലിൽ മുട്ടുകുത്തി ഈശോയെ ആദ്യമായി സ്വീകരികാൻ ഭക്തിപൂർവ്വം കൈകൾ കൂപ്പി അന്തോനിയെത്ത നിന്നപ്പോൾ കണ്ടുനിന്നവരുടെ മിഴികൾ അവരറിയാതെ ഈറനണിഞ്ഞു. ആദ്യകുർബാന സ്വീകരണത്തിനു തൊട്ടു മുമ്പ് ഈശോക്ക് എഴുതിയ കത്തിൽ അവൾ കുറിച്ചു: "ഈശോയെ നിന്റെ സഹായമില്ലാതെ എനിക്ക് ഒന്നിനും പറ്റുകയില്ലാ, കേട്ടോ ".
ദിവസങ്ങൾ പിന്നിടും തോറും വേദന രൂക്ഷമാകാൻ തുടങ്ങി, അവൾക്ക് ഇരിക്കാനോ കിടക്കാനോ സാധിക്കാത്ത അവസ്ഥയെത്തി. ശരീരമാസകലം ക്യാൻസർ വ്യാപിച്ചു. അതിശയകരമായ രീതിയിൽ അവളുടെ വേദനകളും സഹനങ്ങളും ഈശോക്ക് സമർപ്പിക്കാൻ അവൾ പഠിച്ചിരുന്നു. ഒരിക്കൽ അവൾ എഴുതി "ഈശോയെ എന്റെ ഒരു കാൽ ഞാൻ നിനക്കു തന്നതാണേ... എനിക്ക് ഭയങ്കര വേദനയാണ് , വേദന കൂടുമ്പോൾ അതിന്റെ മൂല്യയും കൂടുമെന്ന് അമ്മ പറഞ്ഞു തന്നത് എനിക്ക് ആശ്വാസം പകരുന്നു."
മരണത്തിന് എതാനും ദിവസങ്ങൾക്ക് മുമ്പ് ഈശോയക്ക് അവസാന കത്തെഴുതണമെന്ന് അന്തോനിയെത്ത ശാഢ്യം പിടിച്ചു. ആ കത്തിൽ അവൾ എഴുതി "ഈശോയെ എന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്ത എല്ലാവരെയും അനുഗ്രഹിക്കണമേ ... നിന്റെ കുഞ്ഞു കൂട്ടുകാരി നിനക്ക് ഒത്തിരി ഉമ്മകൾ അയക്കുന്നു".
1937 ജൂലൈ 3 ന് രാത്രി മരിക്കുന്നതിനു മുമ്പ് അവൾ അമ്മയോടു പറഞ്ഞു: " അമ്മേ ഞാൻ മരിക്കുമ്പോൾ അമ്മ കരയരുത്.... ഉണ്ണീശോയുടെ വി.കൊച്ചുത്രേസ്യാ എന്നോടു പറഞ്ഞു എന്റെ സമയമായെന്ന്, അമ്മേ ഞാൻ പോകട്ടെ". പുഞ്ചിരിച്ചു കൊണ്ട് ആറാം വയസ്സിൽ ആ കുഞ്ഞു മാലാഖ പറന്നകന്നു. 2007 ഡിസംബർ 17ന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തോനിയെത്ത മെയൊ എന്ന നെന്നൊലീനയെ ധന്യയായി പ്രഖ്യാപിച്ചു. സഹനങ്ങൾക്കിടയിലും ജീവിത പരിശുദ്ധി കാത്തു സൂക്ഷിച്ച ഈ കൊച്ചു മാലാഖ കുട്ടികളുടെ മാത്രമല്ല മുതിർവർക്കുംപോലും അനുകരിക്കേണ്ട ഒരു മാതൃകയും മധ്യസ്ഥയുമാണ്. വിശുദ്ധിയുടെ ഒരു കുഞ്ഞു സുവിശേഷം.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |