category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബുര്‍ക്കിനാ ഫാസോയില്‍ തീവ്രവാദി ആക്രമണം: ദേവാലയത്തിന്റെ മുന്നില്‍വെച്ച് 14 പേരെ കൊലപ്പെടുത്തി
Contentബൗരാസോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാഫാസോയിലെ നൗനാ രൂപതയില്‍ നിരവധി നിരപരാധികളുടെ ജീവനെടുത്ത ജൂലൈ മൂന്നിലെ തീവ്രവാദി ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ക്രൈസ്തവര്‍. തീവ്രവാദി ആക്രമണത്തില്‍ മുപ്പതില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടവര്‍ തങ്ങളുടെ അനുഭവങ്ങള്‍ എ.സി.എന്നുമായി പങ്കുവെച്ചിരിന്നു. ജൂലൈ 3 ഞായറാഴ്ച വൈകിട്ട് 5 മണിയോടെ തീവ്രവാദികള്‍ മോട്ടോര്‍ ബൈക്കുകളില്‍ ബൌരാസ്സോ ഗ്രാമത്തില്‍ എത്തിയെങ്കിലും ഒന്നും ചെയ്യാതെ തിരികെപോയെന്നും, രാത്രി തിരിച്ചെത്തിയ തീവ്രവാദികള്‍ ദേവാലയത്തിന്റെ മുന്നിലുള്ള ചത്വരത്തില്‍ വെച്ച് ഗ്രാമവാസികളെ ഭീഷണിപ്പെടുത്തിയെന്നും ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ഒരാള്‍ വെളിപ്പെടുത്തി. ഗ്രാമവാസികള്‍ തങ്ങളെ വെറുതെവിടണമെന്ന് യാചിച്ചപ്പോള്‍ അവരോടൊപ്പം ചേരുവാന്‍ കൂടുതല്‍ ആളുകള്‍ എത്തിയെന്നും അപ്പോഴാണ് തീവ്രവാദികള്‍ വെടിയുതിര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവാലയത്തിന്റെ മുന്നില്‍വെച്ച് തന്നെ 14 പേരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയെന്ന്‍ നൗനാ രൂപതയിലെ ഇടവക കത്തീഡ്രലിലെ വൈദികന്‍ വെളിപ്പെടുത്തി. പിന്നീട് ഗ്രാമത്തിന്റെ മധ്യഭാഗത്തേക്ക് പോയ തീവ്രവാദികള്‍ അവിടെവെച്ച് 20 പേരെ കൂടി കൊലപ്പെടുത്തി. ക്രൈസ്തവരും, ആഫ്രിക്കയിലെ പരമ്പരാഗത വിശ്വാസികളുമാണ് കൊല്ലപ്പെട്ടവര്‍. രാത്രിയായതിനാല്‍ അക്രമികളുടെ എണ്ണം മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ തുരുതുരാ വെടിയുതിര്‍ക്കുമ്പോള്‍ സ്വയം പ്രതിരോധിക്കുവാന്‍ പോലും നിസ്സഹായരായ ഗ്രാമവാസികള്‍ക്ക് കഴിഞ്ഞില്ലെന്നും, കൊല്ലപ്പെട്ടവരില്‍ മിക്കവരും തനിക്ക് അറിയാവുന്നവരാണെന്നും വൈദികന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ വീട്ടിലെത്തിയ തീവ്രവാദികള്‍ കുടുംബത്തിലെ രണ്ടു പേരെ പിടിച്ചുകൊണ്ട് പോയി കൊലപ്പെടുത്തിയെന്നും ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട മറ്റൊരാള്‍ പറഞ്ഞു. “ഇവിടെ ഉറങ്ങി എഴുന്നേറ്റാല്‍ മാത്രമാണ് ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലാവുക, വൈകിട്ട് ജീവിച്ചിരിക്കുമോ എന്ന കാര്യം തീര്‍ച്ചയില്ല”- അദ്ദേഹം പറഞ്ഞു. സാഹേല്‍ മേഖലയിലെ പത്തു രാജ്യങ്ങളിലൊന്നായ ബുര്‍ക്കിനാഫാസോ രാഷ്ട്രീയ പ്രതിസന്ധികള്‍ കാരണം വ്യാപകമായ അക്രമങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം മുതലെടുത്ത്‌ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ക്വയ്ദയുമായി ബന്ധപ്പെട്ട ജമാ അത്ത് നാസര്‍ അല്‍-ഇസ്ലാം വല്‍ മുസ്ലിമിന്‍ പോലെയുള്ള തീവ്രവാദി സംഘടനകള്‍ രാജ്യത്ത് തഴച്ചു വളര്‍ന്നിരിക്കുകയാണ്. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങള്‍ സംബന്ധിച്ച ഓപ്പണ്‍ഡോഴ്സിന്റെ ഏറ്റവും പുതിയ പട്ടികയില്‍ മുപ്പത്തിരണ്ടാമതാണ് ബുര്‍ക്കിനാ ഫാസോയുടെ സ്ഥാനം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-07-09 10:34:00
Keywordsബുര്‍ക്കിനാ
Created Date2022-07-09 10:34:45