Content | കൊച്ചി: ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും തത്വശാസ്ത്രത്തിൽ ബിരുദവും നൽകുന്ന കേരളത്തിലെ ആദ്യത്തെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് ഫിലോസഫി ആലുവ) സ്ഥാപിതമായിട്ട് 50 വർഷം തികയുന്നു. സുവർണജൂബിലി ആഘോഷങ്ങൾ റോമിലെ വിദ്യാഭ്യാസ സാംസ്കാരിക കാര്യാലയത്തിന്റെ മേധാവി കർദ്ദിനാൾ ഡോ. ജൂസെപ്പെ വെർസാൽദി നാളെ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
റോമിലെ കത്തോലിക്കാ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള കാര്യാലയത്തിന്റേയും കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും കീഴിലാണ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. ജൂബിലി ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ചു വരാപ്പുഴ ബസിലിക്കയിൽ നിന്ന്കൊണ്ടുവരുന്ന ദീപശിഖ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ഏറ്റുവാങ്ങും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രോ ചാൻസലർ ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിക്കും.
ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, ബിഷപ്പ് ജോസഫ് മാർ തോമസ്, പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് റവ. ഡോ. സുജ ൻ അമൃതം എന്നിവർ പ്രസംഗിക്കും. 12, 13 തിയതികളിലായി :'സ്വത്വബോധവും ബഹുസ്വരതയും: വിദ്യാഭ്യാസം ഒരു പുനർ നിർവചനം' എന്ന വിഷയത്തിൽ അന്തർദേശീയ സെമിനാർ ഉണ്ടാകും. സെമിനാറിന്റെ ഉദ്ഘാടനം കർദ്ദിനാൾ മാർ ക്ലീമിസ് നിർവഹിക്കും. |