Content | പാരീസ്: അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മതനിരപേക്ഷത ഫ്രാന്‍സിന്റേയും ക്രിസ്തീയ പൈതൃകത്തിന് ഭീഷണിയാകുമോയെന്ന ആശങ്കയുമായി ഫ്രഞ്ച് സെനറ്റര്‍മാരുടെ റിപ്പോര്‍ട്ട് പുറത്ത്. പരിപാലനത്തിന് വേണ്ട വിഭവങ്ങളും സാമ്പത്തിക സഹായവും സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ മധ്യകാലഘട്ടം മുതലുള്ള ആയിരകണക്കിന് ചരിത്രപ്രാധാന്യമുള്ള ദേവാലയങ്ങള്‍ വില്‍ക്കുകയോ പൊളിച്ച് കളയുകയോ ചെയ്യപ്പെടുമെന്ന് ഫ്രഞ്ച് പാര്‍ലമെന്റംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഈ കെട്ടിടങ്ങള്‍ക്ക് ആത്മീയത മാത്രമല്ല, ചരിത്രപരവും, സാംസ്കാരികവും, കലാപരവുമായ, വാസ്തുശില്‍പ്പപരവുമായ മൂല്യമുണ്ടെന്നും ഫ്രഞ്ച് സെനറ്റര്‍മാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്രാന്‍സിലെ കത്തോലിക്കാ ദേവാലയങ്ങള്‍ രാഷ്ട്രത്തിന്റെ സ്വത്താണെന്ന് ഒരു നൂറ്റാണ്ട് മുന്‍പ് തന്നെ നിയമപരമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതാണ്. ദേവാലയങ്ങളുടെ പരിപാലന ചിലവുകള്‍ പൊതു ഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ച് പ്രാദേശിക സര്‍ക്കാരുകള്‍ നിര്‍വഹിക്കണമെന്നും അനുശാസിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന് മുന്‍പ് നിര്‍മ്മിക്കപ്പെട്ട ഏതാണ്ട് നാലായിരത്തോളം ദേവാലയ നിര്‍മ്മിതകളാണ് ഉള്ളതെന്നും, ചരിത്ര സ്മാരകങ്ങളായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന പതിനയ്യായിരത്തോളം നിര്‍മ്മിതികള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവയില്‍ പലതും ശരിയായ പരിപാലനത്തിന്റെ അഭാവത്തില്‍ തകര്‍ച്ചയുടെ വക്കിലാണ്. ഏറ്റവും ചുരുങ്ങിയത് അഞ്ഞൂറു ദേവാലയങ്ങളെങ്കിലും സ്ഥിരമായി അടച്ചുപൂട്ടപ്പെട്ടു കഴിഞ്ഞു.
അയ്യായിരത്തോളം ദേവാലയങ്ങള്‍ ജീര്‍ണ്ണതകാരണം 2030-ഓടെ വില്‍ക്കപ്പെടുകയോ, തകര്‍ക്കപ്പെടുകയോ ചെയ്യുമെന്നും സെനറ്റര്‍മാരായ പിയറെ ഔസോലിയാസും, ആന്നെ വെന്റാലോണും തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ 36,000-ത്തോളം വരുന്ന ഇടവക ദേവാലയങ്ങളില്‍ പലതിലും സ്ഥിരമായ വൈദികര്‍ ഇല്ലാത്ത അവസ്ഥയാണ്. നിലവില്‍ അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായി നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നുണ്ട്. പ്രത്യേക താല്‍പ്പര്യമുള്ള പള്ളികളെ കണ്ടെത്തുവാന്‍ ദേശവ്യാപകമായ കണക്കെടുപ്പ് നടത്തുക, വിശ്വാസപരമായ വസ്തുക്കളുടെ അനധികൃതമായി കടത്തിക്കൊണ്ടു പോകുന്നത് തടയുവാനുള്ള നടപടികള്‍ കൈകൊള്ളുക തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. നെതര്‍ലന്‍ഡ്‌സ് പോലെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. |