category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമെത്രാനെ അറസ്റ്റ് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ ആറാമത്തെ കത്തോലിക്ക റേഡിയോ സ്റ്റേഷനും നിക്കരാഗ്വേ ഭരണകൂടം അടച്ചുപൂട്ടി
Contentമനാഗ്വേ: നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്ക സഭയ്ക്കെതിരെയുള്ള അടിച്ചമര്‍ത്തല്‍ തുടരുന്നു. മതഗല്‍പ മെത്രാന്‍ റോളാണ്ടോ അൽവാരെസിനെ അറസ്റ്റ് ചെയ്ത് വീട്ടു തടങ്കലിലാക്കി ഒരാഴ്ചക്കുള്ളില്‍ മറ്റൊരു കത്തോലിക്ക റേഡിയോ സ്റ്റേഷന്‍ കൂടി നിക്കരാഗ്വേ പോലീസ് അടച്ച് പൂട്ടി. എസ്തേലി രൂപതയുടെ കീഴില്‍ കഴിഞ്ഞ 28 വര്‍ഷമായി സുവിശേഷ പ്രഘോഷണ രംഗത്ത് സജീവമായിരുന്ന ‘റേഡിയോ സ്റ്റീരീയോ ഫെ’ എന്ന കത്തോലിക്ക എഫ്.എം റേഡിയോ സ്റ്റേഷനാണ് അടച്ചുപൂട്ടിയത്. ബിഷപ്പ് അൽവാരെസിനെ മോചിപ്പിക്കണമെന്നും തങ്ങളെ സമാധാനമായി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എസ്തേലി രൂപതയിലെ വൈദികർ സംയുക്ത പ്രസ്താവന പുറത്തുവിട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് റേഡിയോ സ്റ്റേഷന്‍ അടച്ചുപൂട്ടിയത്. ഈ മാസം ആദ്യം അഞ്ചോളം കത്തോലിക്ക റേഡിയോ സ്റ്റേഷനുകള്‍ യാതൊരു കാരണവും കൂടാതെ സര്‍ക്കാര്‍ അടച്ചു പൂട്ടിയിരിന്നു. നേരത്തെ ആകാശത്തേക്ക് വെടിയുതിര്‍ത്തും, കണ്ണീര്‍ വാതകം പ്രയോഗിച്ചുമാണ് പോലീസ് പരിശോധനക്കായി റേഡിയോ സ്റ്റേഷൻ ഉൾപ്പെടുന്ന ദേവാലയ പരിസരത്തേക്ക് സംഘം പ്രവേശിച്ചത്. ടെല്‍കോറില്‍ (നിക്കരാഗ്വേന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ ആന്‍ഡ്‌ പോസ്റ്റ്‌ ഓഫീസ്) നിന്നുള്ള കുറച്ചു ഉദ്യോഗസ്ഥർ വന്ന്‍ റേഡിയോ സംപ്രേക്ഷണം അടിയന്തിരമായി നിറുത്തണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവ് കൈമാറുകയായിരിന്നുവെന്ന് റേഡിയോ സ്റ്റേഷനുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. അന്തരിച്ച ഫാ. ഫ്രാന്‍സിസ്കോ വാള്‍ഡിവിയയുടെ പേരിലുള്ള ലൈസന്‍സിലാണ് റേഡിയോ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇപ്പോഴത്തെ ഡയറക്ടര്‍ക്ക് അനുമതി ഇല്ലെന്നുമാണ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി ഏജന്‍സി കാരണമായി ചൂണ്ടിക്കാട്ടിയത്. ഫാ. വാള്‍ഡിവിയയുടെ മരണ ശേഷം കഴിഞ്ഞ 28 വര്‍ഷമായി നിരവധി ഡയറക്ടര്‍മാര്‍ യാതൊരു പ്രശ്നവും കൂടാതെ ഈ റേഡിയോ സ്റ്റേഷനെ നയിച്ചിട്ടുണ്ടെന്നും അതിനാല്‍ നടപടി യാതൊരുവിധത്തിലും നീതീകരിക്കുവാന്‍ കഴിയുന്നതല്ലെന്നും ഈ നടപടിയെ അപലപിച്ചുകൊണ്ട് ‘റേഡിയോ സ്റ്റീരിയോ ഫെ’ പറഞ്ഞു. മതഗല്‍പ മെത്രാന്‍ അല്‍വാരെസിനെ അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്ത് മനാഗ്വേയില്‍ വീട്ടു തടങ്കലിലാക്കി വെറും 5 ദിവസങ്ങള്‍ക്കുള്ളിലാണ് കത്തോലിക്കാ റേഡിയോ സ്റ്റേഷനെതിരെയുള്ള ഈ നടപടി. മെത്രാനൊപ്പമുണ്ടായിരുന്ന വൈദികരെയും, സെമിനാരി വിദ്യാര്‍ത്ഥികളെയും, വിശ്വാസികളേയും മനാഗ്വേയിലേക്ക് മാറ്റിയിട്ടുണ്ട്. എതിര്‍ക്കുന്നവരെ അതിക്രൂരമായി പീഡിപ്പിക്കുന്ന കാര്യത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച എല്‍-ചിപോടെ ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ഇക്കഴിഞ്ഞ ഞായറാഴ്ചത്തെ ത്രികാല പ്രാര്‍ത്ഥനക്കിടയില്‍ നിക്കരാഗ്വേയിലെ സ്ഥിതിഗതികളില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തിയിരിന്നു. സംവാദത്തിലൂടെ മാന്യവും സമാധാനപരവുമായ ഒരു സഹവര്‍ത്തിത്വം ഉണ്ടാക്കുവാന്‍ കഴിയുമെന്ന്‍ പറഞ്ഞ പാപ്പ, രാജ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-08-26 12:12:00
Keywordsനിക്കരാ
Created Date2022-08-26 12:14:04