Content | കെയ്റോ: ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിൽ ബാംബിനോ ജേസു (ഉണ്ണിയേശു) എന്ന പേരിൽ കുട്ടികൾക്ക് വേണ്ടിയുളള ആശുപത്രി പണിയാൻ ഈജിപ്ഷ്യൻ ഭരണകൂടം കോപ്റ്റിക് കത്തോലിക്ക സഭയ്ക്ക് അനുമതി നൽകി. ഇത് ആദ്യമായിട്ടാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കുട്ടികളുടെ ഒരു ആശുപത്രിക്ക് ഉണ്ണിയേശുവിന്റെ പേര് ലഭിക്കുന്നത്. ജനന നിരക്ക് ഉയർന്നതാണെങ്കിലും, ശിശുമരണ നിരക്ക് രാജ്യത്ത് രൂക്ഷമാണ്. അതിനാൽ തന്നെ പുതിയ ആശുപത്രിയിൽ നിന്നും ശിശുക്കൾക്കും, അമ്മമാർക്കും സേവനം ലഭിക്കും. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേല്‍ ഫത്ത അൽ സിസി നൽകിയ സ്ഥലത്താണ് ആശുപത്രി മന്ദിരം ഒരുങ്ങുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ മുൻ പേഴ്സണൽ സെക്രട്ടറിയായിരുന്ന കോപ്റ്റിക് വൈദികൻ ഫാ. യോഹാനിസ് ലാഹ്സി ഗേയ്ദ് അധ്യക്ഷ പദവി വഹിക്കുന്ന കെയ്റോ ബാംബിനോ ജേസു അസോസിയേഷനാണ് ആശുപത്രിയുടെ നിർമ്മാണത്തിന് വേണ്ടിയുള്ള ആലോചനകൾക്കും, മറ്റ് നടപടികൾക്കും ചുക്കാൻ പിടിച്ചത്. സമൂഹത്തിൽ ദരിദ്രരായവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന 'ഹ്യൂമൻ ഫ്രറ്റേർണിറ്റി ഫൗണ്ടേഷനി'ലൂടെയാണ് ബാംബിനോ ജേസു അസോസിയേഷൻ വിവിധ പദ്ധതികൾ നടപ്പിലാക്കുക. 2019 ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് പാപ്പ അബുദാബിയിൽവെച്ച് ഗ്രാൻഡ് ഇമാം അഹമ്മദ് അല്‍- തയ്യേബിനൊപ്പം ഒപ്പുവച്ച ‘വിശ്വശാന്തിക്കും സഹവര്‍ത്തിത്വത്തിനുമായുള്ള മാനവസാഹോദര്യം’ എന്ന രേഖയാണ് ഇരുസംഘടനകളുടെയും പ്രചോദനം.
ആശുപത്രിയുടെ നിർമ്മാണം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈജിപ്ഷ്യൻ സർക്കാർ പുതിയതായി പണിയാൻ പദ്ധതിയിടുന്ന നിർദിഷ്ട തലസ്ഥാന നഗരിക്കുള്ളിൽ ആരംഭിക്കുമെന്ന് ഏജൻസിയ ഫിഡെസ് എന്ന പൊന്തിഫിക്കല്‍ മാധ്യമം റിപ്പോർട്ട് ചെയ്തു. വത്തിക്കാന്റെ ഉടമസ്ഥതയിലുള്ള റോമിലെ പ്രശസ്തമായ ബാംബിനോ ജേസു ആശുപത്രി ഈജിപ്തിൽ നിർമിക്കുന്ന ആശുപത്രിയുമായി സഹകരിക്കും. ഇതുവഴി ഈജിപ്തിലെ ആശുപത്രിയിൽ ചികിത്സ തേടുന്നവർക്ക് ആരോഗ്യമേഖലയിലെ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ആശുപത്രി പണിയാൻ സ്ഥലം അനുവദിച്ചതിൽ കോപ്റ്റിക് കത്തോലിക്ക സഭയുടെ പാത്രിയാർക്ക് ഇബ്രാഹിം ഐസക്ക് പ്രസിഡന്റിന് നന്ദി രേഖപ്പെടുത്തി. |