Content | ലണ്ടന്‍; ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാജകീയ പദവി അലങ്കരിക്കുകയും ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ അധ്യക്ഷയുമായിരിന്ന എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചനവുമായി ബ്രിട്ടീഷ് കത്തോലിക്ക സഭാനേതൃത്വം. രാജ്ഞിയുടെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്ക ബിഷപ്പ് കോൺഫറൻസ് പ്രസിഡന്‍റും വെസ്റ്റ്മിൻസ്റ്റർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ് പ്രസ്താവനയിൽ കുറിച്ചു. ക്രിസ്തീയ വിശ്വാസം അവളുടെ ജീവിതത്തിലും പ്രവർത്തനത്തിലും എല്ലാ ദിവസവും വിളങ്ങി നിലനിന്നിരിന്നുവെന്ന് അദ്ദേഹം പറഞ്ഞു. അനുശോചന സന്ദേശത്തില്‍ എലിസബത്ത് രാജ്ഞി പങ്കുവെച്ച ക്രിസ്തുമസ് സന്ദേശങ്ങളില്‍ നിന്നുള്ള വാചകങ്ങള്‍ കര്‍ദ്ദിനാള്‍ വിന്‍സന്‍റ് നിക്കോൾസ് സ്മരിച്ചു.
“എനിക്ക് ക്രിസ്തുവിന്റെ പ്രബോധനങ്ങളും ദൈവ തിരുമുമ്പാകെയുള്ള എന്റെ വ്യക്തിപരമായ ഉത്തരവാദിത്തവും എന്റെ ജീവിതം നയിക്കാൻ ഞാൻ ശ്രമിക്കുന്ന ഒരു ചട്ടക്കൂട് നൽകുന്നു. നിങ്ങളിൽ പലരെയും പോലെ, പ്രയാസകരമായ സമയങ്ങളിൽ ക്രിസ്തുവിന്റെ വാക്കുകളിൽ നിന്നും മാതൃകയിൽ നിന്നും എനിക്ക് വലിയ ആശ്വാസം ലഭിച്ചിട്ടുണ്ട്.”- രാജ്ഞിയുടെ ഇത്തരത്തിലുള്ള വിശ്വാസം പ്രചോദനാത്മകമാണെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. പലപ്പോഴും അങ്ങേയറ്റം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ, അവളുടെ വിശ്വാസത്തിന്റെ തിളങ്ങുന്ന പാരമ്പര്യം, സാക്ഷ്യമാണെന്നും രാജ്ഞിക്കും അവളുടെ മകനും പുതിയ രാജാവായ ചാൾസ് മൂന്നാമൻ രാജാവിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
നോട്ടിംഗ്ഹാമിലെ ബിഷപ്പ് പാട്രിക് മക്കിന്നിയും രാജ്ഞിയുടെ ക്രിസ്തു വിശ്വാസം സ്മരിച്ചു. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, വിശ്വാസമുള്ള ഒരു സ്ത്രീ എന്ന നിലയിൽ രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ആഗ്രഹിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ജീവിതകാലം മുഴുവൻ അവൾ വിശ്വസ്തതയോടെ സേവിച്ച യേശു ക്രിസ്തു, ഇപ്പോൾ അവളെ തന്റെ രാജ്യത്തിലേക്ക് സ്വാഗതം ചെയ്യണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നുവെന്നും ബിഷപ്പ് പാട്രിക് മക്കിന്നി കൂട്ടിച്ചേര്‍ത്തു.
പ്രാർത്ഥനകളിൽ രാജ്ഞിയെ ഓർക്കുകയും അവളുടെ വിയോഗത്തില്‍ വിലപിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് സ്‌കോട്ട്‌ലൻഡിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ പ്രസിഡന്റ് ബിഷപ്പ് ഹ്യൂ ഗിൽബർട്ട് പ്രസ്താവിച്ചു. രാജ്ഞിയുടെ കുറ്റമറ്റ സേവന ജീവിതത്തിന് സമൃദ്ധമായി അർഹിക്കുന്ന നിത്യ വിശ്രമം അവൾ ഇപ്പോൾക്കു ലഭിക്കട്ടെയെന്ന് അയർലണ്ടിലെ കിൽഡെയറിലെയും ലെയ്‌ലിനിലെയും ബിഷപ്പ് ഡെനിസ് നൾട്ടി കുറിച്ചു. ലോകമെമ്പാടുമുള്ള മറ്റ് ബിഷപ്പുമാരും സഭാ നേതാക്കളും രാജ്ഞിയെ സ്മരിക്കുകയും നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. |