category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അടിമകളുടെ അടിമയായ വിശുദ്ധ പീറ്റർ ക്ലാവെർ
Contentജീവനുള്ളവ എന്ന നേരിയ പരിഗണന പോലും ലഭിക്കാതെ നരകയാതന അനുഭവിച്ചിരുന്ന അടിമകളായ നീഗ്രോകൾക്കിടയിലാണ് വിശുദ്ധ പീറ്റർ ക്ലാവെർ മറ്റൊരു ക്രിസ്തുവിന്റെ മുഖമായത്. കറുത്ത വർഗ്ഗക്കാർ ആത്മാവില്ലാത്ത വെറും ശരീരങ്ങളാണെന്ന പോലെ അവരെ ദേവാലയത്തിൽ പ്രവേശിപ്പിക്കാൻ കത്തോലിക്കർ പോലും മടിച്ചിരുന്ന കാലത്ത്, അവർക്കും ദൈവസ്നേഹവും മനുഷ്യരുടെ പരിഗണനയും ലഭിക്കാനുള്ള യോഗ്യത ഉണ്ടെന്ന ബോധ്യത്തിൽ അദ്ദേഹം അടിമകളുടെ ദാസനായി. കാർത്തഹേന ( Cartagena) വൻതോതിൽ ആഫ്രിക്കൻ അടിമകളെ ഇറക്കുമതി ചെയ്തിരുന്ന തുറമുഖനഗരമായിരുന്നു. അംഗോളയിൽ നിന്നും കോംഗോയിൽ നിന്നും ആഫ്രിക്കയിലെ മറ്റ് പല രാജ്യങ്ങളിൽ നിന്നും അവരുടെ ഭരണാധികാരികൾ തന്നെ യൂറോപ്യൻ രാജ്യങ്ങളിലെ ഖനികളിലേയും മറ്റും അടിമവേലക്കായി തുച്ഛവിലക്ക് അവരെ വിറ്റു. അമേരിക്കയിൽ വിൽക്കപ്പെടാനായി മാടുകളെപ്പോലെ കൊണ്ടുവരുന്ന അവരുടെ പ്രധാന കൈമാറ്റ സ്ഥലമായിരുന്നു കാർത്തഹേന. കപ്പലിൽ സൂര്യപ്രകാശം കടന്നുചെല്ലാത്ത ഡെക്കുകൾക്കടിയിൽ ആറുപേരടങ്ങുന്ന ഗ്രൂപ്പുകളായി കഴുത്തിലും കാലിലും ചങ്ങല ചേർത്തു ബന്ധിച്ച രീതിയിൽ അടുക്കടുക്കായി അനങ്ങാൻ പോലും സ്ഥലമില്ലാതെ ആഫ്രിക്കൻ നീഗ്രോകളെ കുത്തിനിറച്ചിട്ടിരിക്കുന്ന ആ സ്ഥലത്തേക്ക് വഴി തെറ്റി പോലും എത്തപ്പെടാതിരിക്കാൻ വെളുത്ത വർഗ്ഗക്കാർ ശ്രദ്ധിച്ചിരുന്നു, 'അവിടത്തെ ദുർഗന്ധം മൂക്കിലടിച്ചാൽ തലകറങ്ങി വീഴുമെന്ന അറിവുള്ളതുകൊണ്ട്'. 24 മണിക്കൂറിൽ ഒരിക്കൽ കുറച്ചു ചോളവും വെള്ളവും കൊടുത്താലായി. മൂന്നിലൊരു ഭാഗം മാത്രമേ ലക്ഷ്യസ്ഥാനത്തെത്തുമ്പോഴേക്ക് ജീവനോടിരുന്നിരുന്നുള്ളു. ലാഭവിഹിതം നന്നായി കിട്ടിയിരുന്നത് കൊണ്ട് അടിമക്കച്ചവടക്കാർ ഇത് യഥേഷ്ടം തുടർന്നുകൊണ്ട് പോയി. പട്ടിണി അസ്ഥികൂടങ്ങളാക്കിയ, വ്രണങ്ങൾ നിറഞ്ഞ ആ ശരീരങ്ങളെ കപ്പലിൽ നിന്നിറക്കി നിർത്തുമ്പോൾ പാതി ചത്ത പോലെ, ഇനിയെന്ത് ദുരിതമാണ് കാത്തിരിക്കുന്നതെന്ന പോലെ അവർ അന്ധാളിച്ചുനിന്നു. ഈ മനുഷ്യത്വരഹിത ലോകത്തിലേക്കാണ് കരുണ വഴിയുന്ന ഹൃദയവും ആത്മാവുമായി പീറ്റർ വന്നത്. ദൈവം തന്നെ ഈ ശുശ്രൂഷയിലേക്ക് വിളിക്കുന്നു എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി. പിൻവലിയാൻ പ്രേരിപ്പിക്കുന്ന ബാക്കി എല്ലാ ചിന്തകളും വിട്ട്, മനുഷ്യസഹജമായ അറപ്പും വൈഷമ്യങ്ങളും മറികടന്ന് ആരും ഏറ്റെടുക്കാത്ത ജോലികൾ അദ്ദേഹം സന്തോഷത്തോടെ ചെയ്തു. തന്റെ പൗരോഹിത്യവ്രതങ്ങളോട് ഒന്ന് കൂടെ അദ്ദേഹം കൂട്ടിച്ചേർത്തു, നീഗ്രോകളുടെ രക്ഷക്കായി യത്നിക്കുക എന്നതായിരുന്നു അത്. 'പീറ്റർ ക്ലാവെർ, എന്നാളും നീഗ്രോകളുടെ അടിമ ' എന്ന് അദ്ദേഹം എഴുതി ഒപ്പ് വെച്ചു. ഓരോ ചുവടുവെപ്പിലും നിശ്ചയദാർഢ്യം പ്രതിഫലിച്ചു. 'ജീവനുള്ള ചരക്കുകളുമായി' ഓരോ കപ്പൽ എത്തിച്ചേരുമ്പോഴും പീറ്ററും അനുയായികളും മരുന്നും അവർക്ക് ക്ഷീണം മാറ്റാനുള്ള പാനീയങ്ങളുമൊക്കെയായി അതിലേക്ക് ചെല്ലും. വെളുത്ത ഈ സന്ദർശകരെ കാണുമ്പോൾ നീഗ്രോകൾക്ക് ഭയമായിരുന്നു. കൂടെയുള്ളവരോട് പീറ്റർ പറയും. " ചുണ്ടുകൾ കൊണ്ട് സംസാരിക്കുന്നതിന് മുൻപ് നമ്മുടെ കൈകൾ കൊണ്ട് അവരോട് ആദ്യം സംസാരിക്കണം". തങ്ങളുടെ മുറിവുകളിൽ മരുന്ന് പുരട്ടുന്ന സാന്ത്വനസ്പർശനം ലഭിക്കുമ്പോൾ, തങ്ങളെ ഊട്ടാനായി ആ കൈകൾ നീളുമ്പോൾ കറുത്തവർക്ക് കുറച്ച് ധൈര്യം ലഭിച്ചിരുന്നു. ദ്വിഭാഷകളുടെ സഹായത്തോടെ പീറ്റർ അവരോട് സംസാരിച്ചു. അവരെ അനുധാവനം ചെയ്തു, അവരെ കുളിപ്പിച്ച് വൃത്തിയാക്കി, മുറിവുകൾ വെച്ചുകെട്ടി, കിടക്ക ശരിയാക്കികൊടുത്തു. ഒരു അമ്മയുടെ കരുതലോടെ പെരുമാറി, അവരെ ഊട്ടി. അവരെ വിൽക്കുമ്പോൾ, ദയയോടെ അവരോട് പെരുമാറാൻ അവരുടെ യജമാനരോട് യാചിച്ചു. നാൽപ്പത് കൊല്ലത്തോളം ഈ വേല പീറ്റർ തുടർന്നു. കപ്പലിൽ അവർ ഇരിക്കുന്ന സ്ഥലത്തിന്റെയും താമസിക്കുന്നിടത്തേയും ദുർഗന്ധം അസ്സഹനീയമായിരുന്നതുകൊണ്ട് അസുഖം പിടിപ്പെടാതിരിക്കാൻ ഇടക്ക് പുറത്തുപോയി ശുദ്ധവായു ശ്വസിക്കേണ്ട സ്ഥിതിയായിരുന്നു. ഓരോ കപ്പൽ വരുമ്പോഴും കഴിഞ്ഞ പ്രാവശ്യത്തെ കഷ്ടപ്പാട് അദ്ദേഹത്തിന്റെ ഓർമ്മയിലുണ്ടായിരുന്നു . പക്ഷേ പീറ്റർ പിൻവാങ്ങിയില്ല. #{blue->none->b->അവന്റെ പ്രചോദനം ‍}# പീറ്റർ ജനിച്ചത് 1581ൽ സ്പെയിനിലെ കാറ്റലോണിയയിലാണ്. ചെറുപ്പം തൊട്ടേ ആത്മാവിലും മനസ്സിലും സവിശേഷകൃപകൾ പ്രകടമാക്കിയിരുന്ന പീറ്റർ ക്രിസ്തുവിനായി ജീവൻ സമർപ്പിക്കാനായി അന്നേ തീരുമാനിച്ചിരുന്നു. യൂണിവേഴ്സിറ്റി ഓഫ്‌ ബാർസിലോണയിലെ പഠനത്തിന് ശേഷം ഈശോസഭയുടെ നോവീഷ്യെറ്റിൽ ചേർന്നു ഇരുപതാം വയസ്സിൽ, ടാരഗോണയിൽ. ശേഷം തത്വശാസ്ത്രപഠനത്തിനായി പൽമയിലെ ജെസ്യൂട്ട് കോളേജിലേക്ക് അയക്കപെട്ടു. അവിടെ വെച്ചാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിച്ച അൽഫോൻസസ് റോഡ്രിഗസിനെ പരിചയപ്പെടുന്നത്. ഒരു വ്യാപാരി ആയിരുന്ന അൽഫോൻസസിന്റെ മുപ്പത്തഞ്ചാം വയസ്സിൽ ഭാര്യയെയും മക്കളെയും പിന്നെ സമ്പത്തും നഷ്ടപ്പെട്ടതാണ്. ഒരു തുണസഹോദരനായി ഈശോസഭയിൽ ചേർന്ന അദ്ദേഹം പിന്നീടുള്ള കാലം മയോർക്കയിലെ (Majorca) കോളേജിന്റെ വാതിൽകാവൽക്കാരനായി ജീവിച്ചു.ആ കോളേജിന്റെ വാതിൽ കടക്കുന്നവരെല്ലാം അയാളുടെ ആത്മീയത തൊട്ടറിഞ്ഞു. വളരെപ്പേർ അദ്ദേഹത്തിന്റെ ഉപദേശം തേടിയിരുന്നു..പിന്നീട് പ്രസിദ്ധരായ അവിടത്തെ വിദ്യാർത്ഥികളിൽ പ്രധാനിയാണ് പീറ്റർ . പൊതുവെ ഒരു അന്തർമുഖൻ ആയിരുന്ന പീറ്റർ തനിച്ചുനടക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു. പക്ഷേ അൽഫോൻസസ്, പീറ്ററിനായി ദൈവത്തിനുള്ള പദ്ധതിയെ പറ്റി അവനോട് പറഞ്ഞുകൊണ്ടിരുന്നു, മിഷന് വേണ്ടി ഇറങ്ങിതിരിക്കണമെന്നും അനേകം ആത്മാക്കളെ രക്ഷിക്കാനുണ്ടെന്നും. കുറെ വർഷങ്ങൾക്ക് ശേഷം, താൻ എത്തിച്ചേരുമെന്ന് അദ്ദേഹം പറഞ്ഞ സ്ഥലങ്ങളിൽ താൻ എത്തിയതുകണ്ട് പീറ്റർ അമ്പരന്നിരുന്നു. അൽഫോൻസസിന്റെ വാക്കുകളിൽ പ്രേരിതനായി ആണ് പീറ്റർ, തന്നെ മധ്യ അമേരിക്കയിലേക്ക് വിടാനായി സുപ്പീരിയറിനോട് പറയുന്നത്. അമേരിക്കയിലെത്തിയപ്പോൾ, പുരോഹിതനാകാനുള്ള ദൈവശാസ്ത്രപഠനം തുടരാതെ ജെസ്യൂട്ട് സമൂഹത്തില്‍ കൂടാമെന്ന് പീറ്റർ വിചാരിച്ചു. ഭാഗ്യത്തിന് അവൻ ഫാദർ അൽഫോൺസോ ഡി സന്തോവലിനെ കണ്ടുമുട്ടി. ഒരു ജെസ്യൂട്ട് മിഷനറി ആയ ആ വൈദികൻ അനേകവർഷങ്ങളായി നീഗ്രോജനതയുടെ ഇടയിൽ വേല ചെയ്തു വരികയായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം തന്റെ പഠനം പൂർത്തിയാക്കി 1615ൽ കാർത്തഹേനയിൽ വെച്ച് പീറ്റർ ഒരു ഈശോസഭവൈദികനായി. രണ്ടുവർഷത്തെ ദൈവശാസ്ത്രപഠനത്തിന് ശേഷം 1610ൽ സ്‌പെയിൻ വിട്ട പീറ്റർ ജന്മനാട്ടിലേക്ക് പിന്നീടൊരിക്കലും തിരിച്ചു വന്നില്ല. അൽഫോൺസസിന്റെ ഒരു ചിത്രം അവന്റെ കയ്യിലുണ്ടായിരുന്നു. 1654 ൽ അബോധാവസ്ഥയിൽ മരിക്കാറായി കിടക്കുന്ന സമയത്ത് ആളുകൾ പീറ്ററിന്റെതായി ഉള്ളതെല്ലാം തിരുശേഷിപ്പാക്കാൻ പിടിച്ചെടുക്കുമ്പോഴും , അവന്റെ പ്രചോദനമായ ആ മനുഷ്യന്റെ ചിത്രം അവൻ മുറുക്കി നെഞ്ചോട്‌ ചേർത്തുപിടിച്ചു കിടന്നിരുന്നു. #{blue->none->b->ആത്മാക്കളുടെ ശുശ്രൂഷകൻ ‍}# അടിമകളുടെ ശരീരത്തെ ശുശ്രൂഷിച്ചതുകൊണ്ട് മാത്രം പീറ്ററിന്റെ മിഷനറി തീക്ഷ്‌ണത അടങ്ങിയില്ല. ആത്മീയപോഷണവും ഒപ്പം കൊടുത്തു. അവർക്ക് വേണ്ടി ക്രൂശിക്കപ്പെട്ട ഈശോയെ പറ്റി അവരോട് സംസാരിക്കാൻ ചിത്രങ്ങളുടെ സഹായം തേടി. നാല്പതു കൊല്ലത്തിനുള്ളിൽ മൂന്ന് ലക്ഷത്തോളം മാമോദീസകൾ അദ്ദേഹം നൽകിയതായി പറയപ്പെടുന്നു. തന്റെ ഇടയഗണത്തെ, അവർ വേലക്കായി പോകുന്ന തോട്ടങ്ങളിലും പീറ്റർ പിന്തുടർന്നു. അവരെ ഇടക്ക് സന്ദർശിച്ചു, അവർക്കായി വിശുദ്ധ ബലി അർപ്പിച്ചു, സുവിശേഷവേല ചെയ്തു. കുമ്പസാരം കേട്ടു. പണക്കാരായവരുടെ ആതിഥ്യം നിരസിച്ച് നീഗ്രോകളുടെ ദരിദ്രമായ ക്വാർട്ടേഴ്സിൽ താമസിക്കാൻ ഇഷ്ടപ്പെട്ടു. അദ്ദേഹം ഇടക്കിടെ സംഘടിപ്പിക്കുന്ന ധ്യാനങ്ങളിൽ പങ്കെടുക്കാൻ കാർത്തഹേനയിലുള്ള അനേകം കച്ചവടക്കാരും കടൽയാത്രികരുമൊക്കെ തടിച്ചുകൂടി. നാലുവഴികൾ കൂടിച്ചേരുന്നിടത്ത് ഉയർന്ന സ്ഥലത്ത് കയറിനിന്നു അദ്ദേഹം പ്രസംഗിച്ചു. കാർത്തഹേനനിവാസികൾക്കും പ്രത്യേകിച്ച് നീഗ്രോകൾക്കും അദ്ദേഹം അപ്പസ്തോലനായി. അവിടത്തെ രണ്ട് ആശുപത്രികൾ അദ്ദേഹം സ്ഥിരം സന്ദർശിച്ചു. കുഷ്ടരോഗികൾക്ക് മാത്രമുള്ള സെന്റ് ലാസറസ് ആശുപത്രിയോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. മുറിവ് വെച്ചുകെട്ടലും മരുന്ന് പുരട്ടലും ഒക്കെയായി കുഷ്ടരോഗികളോട് ഇടപഴകിയപ്പോൾ കഠിനപാപികൾ പോലും മാനസാന്തരപ്പെട്ടു. ജയിലുകളെയും മറന്നില്ല. വധശിക്ഷകളിൽ തടവുകാരെ അനുഗമിച്ചു. അവരുടെ നനഞ്ഞ നെറ്റി മൃദുവായി തുടച്ചു. കഴുത്തിന് ചുറ്റും കുരുക്ക് ശരിയാക്കുമ്പോൾ അവരെ ചേർത്തുപിടിച്ചു. ഒരു അതിശയവുമില്ല, അതുപോലുള്ളൊരു സന്ദർശനത്തിന് ശേഷം ഒരാൾ എഴുതിയത് അയാളുടെ സെല്ലിൽ കാണപ്പെട്ടു , " ഈ പുസ്തകം ഇപ്പോഴും ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്റെതാണ് ". ഇതെല്ലാം ചെയ്യുമ്പോഴും അധികാരികളിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നും കടുത്ത എതിർപ്പ് നേരിട്ടിരുന്നു. കറുത്ത വർഗ്ഗക്കാരെ പള്ളികളിൽ പ്രവേശിപ്പിക്കുന്നതൊന്നും അക്കാലത്ത് ക്രിസ്ത്യാനികൾ ഇഷ്ടപ്പെട്ടിരുന്നില്ല. #{blue->none->b->തന്റെ വിശ്വസ്തനെ ദൈവം തിരിച്ചുവിളിക്കുന്നു: ‍}# 1650കളിൽ അതിശക്തമായ പേമാരിയും ഉഷ്ണവും ഉണ്ടായി. ഹവാനയിൽ നിന്ന് പ്ളേഗ് കാർത്തഹേനയിലേക്ക് വ്യാപിച്ചു. മറ്റ് ഈശോസഭ വൈദികർക്കൊപ്പം പീറ്റർ ക്ലേവർ പ്ളേഗ് ബാധിതരെ ശുശ്രൂഷിച്ചു. അദ്ദേഹത്തിന്റെ ദുർബ്ബല ശരീരത്തിലേക്ക് രോഗം ബാധിച്ചു. അത് സുഖമായെങ്കിലും ശക്തി ക്ഷയിച്ചു.എന്നിട്ടും കുതിരപ്പുറത്തു തന്നെത്തന്നെ കെട്ടിവെച്ച് യാത്ര ചെയ്ത് അദ്ദേഹം തുറമുഖത്തും ആശുപത്രികളിലും സേവനം തുടർന്നു. പലപ്പോഴും തളർന്നുവീണു. അവസാനം മുറിയിൽ വിശ്രമത്തിലായി. യുവത്വത്തിൽ ഏറെ ആഗ്രഹിച്ച ശാന്തതയും ഏകാന്തവാസവും ഇപ്പോൾ ലഭിച്ചു. ഒപ്പം പരിത്യജിക്കലും. രോഗികളെ ശുശ്രൂഷിച്ചു തളർന്നു വരുന്ന മറ്റ് വൈദികർ മുറിയിലെത്തുമ്പോൾ തളർന്നുറങ്ങി. പീറ്ററിനെ ശുശ്രൂഷിക്കാൻ ആളുണ്ടായില്ല. വിറക്കുന്ന കൈകൾ കുർബ്ബാന ചൊല്ലുന്നത് ബുദ്ധിമുട്ടിലാക്കി. എങ്കിലും കുമ്പസാരം കേൾക്കുന്നത് തുടർന്നു. നീഗ്രോകൾക്കിടയിലുള്ള പീറ്ററിന്റെ ശുശ്രൂഷ തുടരാൻ 1654 ൽ സ്പെയിനിൽ നിന്ന് ഫാദർ ഡിയെഗോ ഡി ഫാരിന എത്തിച്ചേർന്നു. പീറ്റർ എന്തിവലിഞ്ഞ് ഇഴഞ്ഞു തന്റെ പിൻഗാമിയുടെ അടുത്തെത്തി പാദം ചുംബിച്ചു. 1654, സെപ്റ്റംബർ 6 ന് കുർബ്ബാന സ്വീകരിച്ച്, നിക്കോളാസ് സഹോദരനോട് മന്ത്രിച്ചു, 'ഞാൻ മരിക്കാൻ പോകുകയാണ് '. അന്ന് വൈകുന്നേരം ബോധം നശിച്ചു. 'ഞങ്ങള്ക്ക് വിശുദ്ധനെ കാണണം ' എന്ന് പറഞ്ഞുകൊണ്ട് ജനക്കൂട്ടം ഗേറ്റിൽ തടിച്ചുകൂടി. പീറ്റർ ക്ലേവർ എന്ന് പറഞ്ഞു കുട്ടികൾ തെരുവിൽ നിലവിളിച്ചു. നീഗ്രോകൾ പീറ്ററിന്റെ സ്ഥലത്തേക്ക് പ്രവഹിച്ചു. സെപ്റ്റംബർ 8 ന് പരിശുദ്ധ അമ്മയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് നിത്യസമ്മാനത്തിനുള്ള സമയമായി. നഗരം മുഴുവൻ വിലപിച്ചു. 1896ൽ ലിയോ പതിമൂന്നാമൻ പാപ്പ പീറ്റർ ക്ലാവറിനെ, ആ മനുഷ്യസ്നേഹിയെ, നീഗ്രോകൾക്കിടയിലുള്ള എല്ലാ മിഷ്ണറിവേലയുടെയും മധ്യസ്ഥനായി പ്രഖ്യാപിച്ചു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-09-10 13:09:00
Keywordsഅടിമ
Created Date2022-09-10 13:10:15