category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎലിസബത്ത് രാജ്ഞിയ്ക്കു യാത്രാമൊഴി; രാജ്ഞിയുടെ ക്രിസ്തു വിശ്വാസം സ്മരിച്ച് കാന്റര്‍ബറി മെത്രാപ്പോലീത്ത
Contentബര്‍മിംഗ്ഹാം: അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് II-ന്റെ മൃതസംസ്കാര ചടങ്ങില്‍ രാജ്ഞിയുടെ ക്രിസ്തീയ വിശ്വാസത്തെയും, ജീവിത മാതൃകയേയും എടുത്ത് പറഞ്ഞുകൊണ്ട് കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബിയുടെ പ്രസംഗം. തന്റെ പദവിയുടെയും, ജീവിതാഭിലാഷത്തിന്റേയും മാതൃകയല്ല, മറിച്ച് താന്‍ പിന്തുടര്‍ന്ന വ്യക്തിയിലൂടെ (ക്രിസ്തു) ലഭിച്ച മാതൃകയാണ് രാജ്ഞി കാണിച്ചു തന്നതെന്നു അദ്ദേഹം പറഞ്ഞു. “ഞാനാണ് വഴിയും, സത്യവും, ജീവനും” എന്ന യേശുവിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച മെത്രാപ്പോലീത്ത, ക്രിസ്തു തന്റെ ശിഷ്യന്‍മാരോട് എങ്ങനെ പിന്തുടരണമെന്ന് പറയുന്നില്ല, എന്നാൽ ആരെയാണ് പിന്തുടരേണ്ടത് എന്ന് പറയുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി. 1947-ല്‍ ഫിലിപ്പ് രാജകുമാരനുമായുള്ള എലിസബത്ത് രാജ്ഞിയുടെ വിവാഹവും, 1953-ല്‍ കിരീടധാരണവും നടന്ന വെസ്റ്റ്മിനിസ്റ്റര്‍ അബ്ബിയില്‍വെച്ച് ഇന്നലെയായിരുന്നു രാജ്ഞിയുടെ മൃതസംസ്കാരം നടന്നത്. 1953-ല്‍ ഇവിടുത്തെ അള്‍ത്താരയുടെ മുന്നില്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് രാജ്ഞി ബ്രിട്ടന്റെ കിരീടം ചൂടിയതെന്ന് പറഞ്ഞ മെത്രാപ്പോലീത്ത, തന്നോട് ആരെങ്കിലും കൂറ് പ്രഖ്യാപിക്കുന്നതിന് മുന്‍പേ തന്നെ രാജ്ഞി തന്റെ കൂറ് ദൈവത്തോട് പ്രഖ്യാപിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. അന്തരിച്ച രാജ്ഞിയുടെ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ മഹാമാരിയുടെ കാലത്ത് രാജ്യത്തിനും, ലോകത്തിനുമായി രാജ്ഞി നടത്തിയ തത്സമയ സംപ്രേഷണത്തിലെ പ്രസക്ത ഭാഗങ്ങളും മെത്രാപ്പോലീത്ത ഉദ്ധരിക്കുകയുണ്ടായി. ‘നമ്മള്‍ വീണ്ടും കണ്ടുമുട്ടും’ എന്നാണ് ഇംഗ്ലീഷ് ഗായകനായ വേരാ ലിന്നിന്റെ ഗാനത്തില്‍ പ്രത്യാശയെ കുറിച്ച് പറഞ്ഞിട്ടുള്ളത് പരാമര്‍ശിച്ചുകൊണ്ട് രാജ്ഞി അന്നു ഓര്‍മ്മിപ്പിച്ചത്. ക്രിസ്തീയ പ്രത്യാശ എന്ന് പറഞ്ഞാല്‍ ഇതുവരെ കാണാത്ത കാര്യങ്ങളെ കുറിച്ചുള്ള പ്രതീക്ഷയാണെന്നു രാജ്ഞി പറഞ്ഞിട്ടുണ്ടെന്നു അനുസ്മരിച്ച മെത്രാപ്പോലീത്ത, നമുക്കെല്ലാവര്‍ക്കും ദൈവവിധി നേരിടേണ്ടി വരുമെന്നും, ജീവിതത്തിലും മരണത്തിലും സേവനപരമായ നേതൃത്വത്തിന് പ്രചോദനം നല്‍കിയ രാജ്ഞിയുടെ പ്രത്യാശ നമുക്കും പങ്കുവെക്കാമെന്നും കൂട്ടിച്ചേര്‍ത്തു. ‘ജീവിതത്തിൽ സേവനവും, മരണത്തിൽ പ്രതീക്ഷ’യുമായ രാജ്ഞിയുടെ ദൈവ വിശ്വാസത്തിന്റേയും വിശ്വസ്ഥതയുടേയും മാതൃകയും പ്രചോദനവും പിന്തുടരുന്ന എല്ലാവർക്കും അവളോടൊപ്പം 'നമ്മൾ വീണ്ടും കണ്ടുമുട്ടും’ എന്ന് പറയുവാന്‍ കഴിയുമെന്നും പറഞ്ഞുകൊണ്ടാണ് മെത്രാപ്പോലീത്ത തന്റെ പ്രസംഗം അവസാനിപ്പിച്ചത്. നേരത്തെ പാലസ് യാഡിൽ നിന്നും ബ്രിട്ടീഷ് നാവികസേനയുടെ അകമ്പടിയോടെയാണ് മൃതദേഹ പേടകം വെസ്റ്റ് മിൻസ്റ്റർ ആബെയിൽ എത്തിച്ചത്. യുഎസ് പ്രസിഡന്റ് ജോബൈഡനും ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവും ഉൾപ്പെടെ രണ്ടായിരത്തിലേറെ ലോക നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=g1AqR9rCQ0M
Second Video
facebook_link
News Date2022-09-20 18:30:00
Keywordsരാജ്ഞി
Created Date2022-09-20 18:31:16