Content | കൊല്‍ക്കട്ട: ചൈനയിൽ സന്യാസ ആശ്രമം തുടങ്ങാൻ അനുമതി ലഭിച്ചെങ്കിലും, പരമ്പരാഗതമായ സന്യാസ വസ്ത്രം ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശം തള്ളി മിഷ്ണറീസ് ഓഫ് ചാരിറ്റി. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച സന്യാസ സമൂഹം, ആരംഭ കാലം മുതലേ വെള്ള സാരിയിൽ നീലക്കരയുള്ള വസ്ത്രമാണ് ധരിക്കുന്നത്. എന്നാൽ ഇപ്പോൾ ചൈനയിൽ സന്യാസ ആശ്രമം തുടങ്ങാൻ അനുമതി ലഭിച്ചെങ്കിലും, പരമ്പരാഗത വസ്ത്രം ഉപേക്ഷിക്കാൻ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുകയാണ്. അതിന് തങ്ങൾ തയ്യാറല്ലെന്ന് സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി ജോസഫ് 'നാഷ്ണൽ കാത്തലിക്ക് രജിസ്റ്ററി'ന്റെ പ്രതിനിധിയും പ്രമുഖ മലയാളി മാധ്യമ പ്രവര്‍ത്തകനുമായ ആന്‍റോ അക്കരയോട് പറഞ്ഞു.
1995ൽ ചൈനയിൽ പ്രവർത്തനം ആരംഭിക്കുന്നതിനു വേണ്ടിയുള്ള ആഗ്രഹം മദർ തെരേസ പ്രകടിപ്പിച്ചിരുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ വിഷയം പുനഃപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സന്യാസിനി സമൂഹം. 139 രാജ്യങ്ങളിലായി അയ്യായിരത്തോളം അംഗങ്ങളുള്ള സന്യാസ സമൂഹത്തിന്റെ നാലാമത്തെ സുപ്പീരിയർ ജനറലായി ഈ വർഷം മാർച്ച് മാസമാണ് സിസ്റ്റർ മേരി ജോസഫിനെ തെരഞ്ഞെടുക്കുന്നത്. 'നാഷ്ണൽ കാത്തലിക്ക് രജിസ്റ്ററി'നോട് വിവിധ വിഷയങ്ങളില്‍ സിസ്റ്റര്‍ പ്രതികരണം നടത്തി.
2016ൽ യെമനിൽ തീവ്രവാദി ആക്രമണത്തിൽ സന്യാസ സമൂഹത്തിലെ നാല് അംഗങ്ങൾ കൊല്ലപ്പെട്ട സംഭവവും, ലാറ്റിനമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിൽ നിന്നും അടുത്തിടെ പുറത്താക്കപ്പെട്ട സംഭവവും ചോദിച്ചപ്പോൾ, തടസ്സങ്ങൾക്ക് തങ്ങളെ തടയാൻ സാധിക്കില്ലെന്ന് 68 വയസ്സുള്ള സിസ്റ്റർ മേരി പറഞ്ഞു. തങ്ങൾക്ക് അരക്ഷിതാവസ്ഥയില്ല. ദൈവത്തിൽ വിശ്വാസം അർപ്പിച്ച് ദൈവത്തിന്റെ പ്രവർത്തി ചെയ്യുന്നത് തങ്ങൾ തുടരുന്നു. മിഷ്ണറി ഓഫ് ചാരിറ്റീസ് സമൂഹത്തിനു പുറത്ത് നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായത്തിന് തടയിടാൻ രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ ശ്രമിക്കുന്ന കാര്യം ചോദിച്ചപ്പോൾ, തങ്ങൾക്ക് നിരാശയില്ല എന്ന മറുപടിയാണ് ലഭിച്ചത്.
വിശുദ്ധ മദർ തെരേസ പഠിപ്പിച്ചത് പോലെ ഓരോ ദിവസവും വിശുദ്ധ കുർബാനയോടും ആരാധനയോടും കൂടി ആരംഭിക്കുന്നു. ദൈവം തങ്ങളെ നോക്കുന്നു. സാമ്പത്തിക സഹായത്തിന് തടയിടാൻ ബിജെപി സർക്കാർ ആരംഭിച്ചതിനുശേഷം പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും സിസ്റ്റർ മേരി ജോസഫ് പറഞ്ഞു. പ്രത്യേകിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായ്ക്ക് അറിയിച്ച പിന്തുണ അവർ എടുത്തു പറഞ്ഞു. തൃശ്ശൂർ ജില്ലയിൽ ജനിച്ച സിസ്റ്റർ മേരി, മിഷ്ണറി ഓഫ് ചാരിറ്റി സമൂഹത്തിന്റെ അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരി കൂടിയാണ്.
- {{ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കന്ധമാൽ രക്തസാക്ഷികൾക്ക് നീതി ലഭിക്കാനായി പോരാട്ടം നടത്തിവരുന്ന മാധ്യമപ്രവർത്തകന്‍ കൂടിയായ ആന്‍റോ അക്കര, സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി ജോസഫുമായുള്ള അഭിമുഖത്തെ തുടര്‍ന്നു തയാറാക്കിയ റിപ്പോര്‍ട്ട് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> https://www.ncregister.com/news/missionaries-of-charity-will-not-give-up-habit-to-enter-china-superior-general-says}} |