category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകർത്താവിന്റെ വചനം മനസ്സിലാക്കാൻ വേണ്ടത് വിശ്വാസം : ഫ്രാൻസിസ് മാർപാപ്പ
Content"ഞാൻ ജീവിതത്തിന്റെ അപ്പമാകുന്നു" എന്ന യേശുവിന്റെ തിരുവചനം മനസിലാകുന്നില്ല എന്ന് നടിച്ച് മുഖം തിരിക്കുന്നവരുടെ യാഥാർത്ഥ പ്രശ്നം മനസിലാകായ്മയല്ല , വിശ്വാസരാഹിത്യമാണ് എന്ന് ഞായറാഴ്ചത്തെ വിശുദ്ധ പ്രഭാഷണത്തിൽ ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേർസ് സ്ക്വയറിൽ എത്തിചേർന്ന ഭക്തജനങ്ങളോട് പ്രസ്താവിച്ചു. ഈ ലോകത്തിൽ നാം ആർജിക്കുന്ന ഐശ്വര്യങ്ങളൊന്നുംതന്നെ നമ്മുടെ ആത്മീയ ദാഹത്തെ തൃപ്തിപ്പെടുത്താൻ പര്യാപ്തമല്ല. "യേശുവിനെ നമുക്കാവശ്യമുണ്ട് ; അദ്ദേഹത്തേടൊത്തിരിക്കാൻ, നിത്യജീവിതത്തിന്റെ അപ്പം ഭക്ഷിക്കാൻ, അദ്ദേഹത്തിന്റെ വചനങ്ങൾ ശ്രവിക്കാൻ നമ്മുടെ മനസ്സ് വെമ്പുന്നുണ്ട്. യേശു, തന്നിൽ വിശ്വസിക്കുന്നവരുടെ ജീവിതത്തിന്റെ നെടുംതൂണായി മാറുന്നു; യേശുവിലൂടെ ആ ജീവിതങ്ങൾക്ക് അർത്ഥം കൈവരുന്നു." 'ഞാൻ ജീവന്റെ അപ്പമാകുന്നു' എന്നു യേശു തന്റെ ശിഷ്യരോട് അരുളിചെയ്യുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷ ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് പിതാവ് തന്റെ ഞായറാഴ്ച പ്രഭാഷണം ആരംഭിച്ചത്.. അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ തൃപ്തരാക്കിയ അത്ഭുതത്തിന് തൊട്ടുപിന്നാലെ നടക്കുന്ന ഈ സംഭവം ശിഷ്യന്മാരുടെ വിശ്വാസത്തെ ഉലച്ചതായി മാർപാപ്പ ചൂണ്ടി കാണിക്കുന്നു. സ്വന്തം രക്തവും മാംസവും ദൈവപുത്രൻ മനുഷ്യരാശിയുടെ പാപവിമോചനത്തിനായി ബലിയർപ്പിക്കും എന്ന തിരുവചനം പല ശിഷ്യരിലും സംശയം ജനിപ്പിച്ചു. പലരും യേശുവിനെ വിട്ട് തങ്ങളുടെ പഴയ തൊഴിലുകളിലേക്ക് തിരിച്ചു പോയി2 ആത്മബലിയിലൂടെ ലോകത്തിന്റെ പാപവിമോചനമാണ് തന്റെ ദൗത്യം എന്ന ആശയം അവർക്ക് മനസിലായതേയില്ല. അല്ലെങ്കിൽ ഒരു പക്ഷേ അവർക്ക് വാക്കുകളുടെ അർത്ഥം മനസ്സിലായിട്ടുണ്ടാവാം, അതിന്റെ അന്തരാർത്ഥമാണ് മനസ്സിലാകാതിരുന്നത്. എന്താണ് അവർ മനസ്സിലാക്കിയ അർത്ഥം? ദൈവപുത്രൻ സ്വയം ബലിയായി മാറുന്നുവെന്ന്! അതവർ കേൾക്കാൻ തെയ്യാറാകുന്നില്ല. അവരുടെ മനസ്സ് ഒരു പ്രതിസന്ധിയിൽ അകപ്പെട്ടുപോകുന്നു. "യേശുവിന്റെ വാക്കുകൾ സ്വാർത്ഥത നിറഞ്ഞ നമ്മുടെ മനസ്സുകളെ എന്നും പ്രതിസന്ധിയിലാക്കുന്നു!'' പിതാവ് തുടർന്നു. പക്ഷേ ആ പ്രതിസന്ധി തരണം ചെയ്യാൻ കർത്താവ് നമുക്കൊരു താക്കോൽ തന്നിട്ടുണ്ട്. ആ താക്കോലിന് മൂന്നു ഭാഗങ്ങൾ ഉണ്ട്. ഒന്നാമതായി, യേശു ദൈവപുത്രനാണെന്നുള്ള ഉറച്ച വിശ്വാസം വേണം. രണ്ടാമതായി, യേശുവിന്റെ വാക്കുകൾ മനസ്സിലാക്കാൻ നമുക്ക് പരിശുദ്ധാത്മാവിന്റെ കൃപാവരം ഉണ്ടായിരിക്കണം. മൂന്നാമതായും വിശ്വാസം തന്നെ. യേശുവിന്റെ വചനങ്ങൾ സത്യമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ - നിങ്ങൾക്ക് ദൈവത്തെ അറിയുവാൻ കഴിയുകയില്ല. തന്റെ വാക്കുകളിൽ അതൃപ്തരായി അനുയായികളിൽ കുറെപ്പേർ തന്നെ വീട്ടു പോകുന്നതു കണ്ടിട്ടും കൃസ്തു തന്റെ വാക്കുകള്യടെ തീഷ്ണത ഒട്ടും കുറയ്ക്കുന്നില്ല. പകരം, തീരുമാനങ്ങളെടുക്കാൻ അദ്ദേഹം നമ്മെ നിർബന്ധിക്കുന്നു. 'അപ്പോൾ യേശു തന്റെ പ്രിയപ്പെട്ടവരായ പന്ത്രണ്ട് ശിഷ്യന്മാരുടെ നേരെ തിരിഞ്ഞ് അവർ അവരുടെ ഗുരുവിനെ ഉപേക്ഷിച്ച് പോകുമോ എന്ന് ചോദിക്കുന്നു. അതിന് പത്രോസ് മറുപടി പറയുന്നു, "ഗുരോ, ഞങ്ങൾ ആരുടെയടുത്തേക്ക് പോകും.? അവിടുത്തെ വാക്കുകൾ നിത്യജീവിതം നൽകുന്നതല്ലെ." ' എവിടെ പോകും എന്നല്ല പത്രോസ് ചോദിച്ചത് . ആരുടെയടുത്തു പോകുമെന്നാണ്. പിതാവ് പറയുന്നു, " അടിസ്ഥാന പ്രശ്നം നമ്മൾ തുടങ്ങി വെച്ച യാത്ര ഉപേക്ഷിച്ച് എവിടെ പോകുമെന്നല്ല, ആരുടെയടുത്തു പോകുമെന്നാണ്. " പീറ്ററിന്റെ ചോദ്യത്തിൽ നിന്നും വെളിവാകുന്ന സത്യം ഇതാണ്: കർത്താവിലുള്ള വിശ്വാസം ഒരു വിശ്വസ്തയുടെ പ്രശ്നമാണ്. യേശുവിന്റെ ഒപ്പം നമ്മൾ നടക്കാൻ തുടങ്ങിയിരിക്കുന്നു. കൂടെ നടക്കുന്ന യേശുവിൽ നിങ്ങൾക്ക് വിശ്വാസമില്ലെ? നിങ്ങളുടെ കൂടെ നടക്കുന്ന യേശുവുമായുള്ള നിങ്ങളുടെ ബന്ധം ഒരു അടിമയും യജമാനനും തമ്മിലുള്ള ബന്ധമല്ല. പ്രത്യുതഃ സ്നേഹത്തിലും വിശ്വാസ്ഥതയിലും അടിസ്ഥാനമിട്ട ബന്ധമാണത്." ആ ബന്ധത്തിൽ നിങ്ങൾ യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നു. "ഓരോരുത്തരും സ്വയം ചോദിക്കണം - യേശു എനിക്ക് ആരാണ് ? അതൊരു പേരു മാത്രമാണോ ? യേശു തനിക്കൊരു ചരിത്ര പുരുഷൻ മാത്രമാണോ? അതോ, എനിക്കു വേണ്ടി ജീവിതം ബലിയർപ്പിച്ച, എന്നെ സ്നേഹിക്കുന്ന, നിതാന്ത സാന്നിദ്ധ്യമായി എപ്പോഴും എന്റെ കൂടെയുള്ള എന്റെ സുഹൃത്താണോ? ദിവസവുമുള്ള സുവിശേഷ പാരായണത്തിലൂടെ യേശുവിനെ കൂടുതൽ അറിയാനും കൂടുതൽ അടുക്കാനും പരിശ്രമിക്കണമെന്ന് പിതാവ് ഭക്തരെ ഓർമ്മിപ്പിച്ചു. ജനകൂട്ടത്തോട് ഒരു നിമിഷത്തെ നിശ്ശബ്ദ ധ്യാനത്തിലാകാൻ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം തുടർന്നു, 'നിങ്ങൾ സ്വയം ചോദിക്കുക - യേശു എനിക്കാരാണ്?" യേശുവിനെ അനുഭവവേദ്യമാക്കാൻ പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചു കൊണ്ടും ഭയത്തിൽ നിന്നും ലൗകീക ആസക്തികളിൽ നിന്നും മുക്തി നേടാൻ കർത്താവിനോട് യാചിച്ചു കൊണ്ടും പരിശുദ്ധ പിതാവ് പ്രഭാഷണം അവസാനിപ്പിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-08-24 00:00:00
Keywordspope francis, pravachaka sabdam
Created Date2015-08-24 16:15:40