Content | പ്രലോഭനം എന്താണെന്നും അതിനെ മറികടക്കേണ്ടത് എങ്ങിനെയാണെന്നും വിവരിക്കുന്ന സ്പാനിഷ് ഭൂതോച്ചാടകന്റെ അഭിമുഖം ശ്രദ്ധേയമാകുന്നു.
ദൈവത്തിനും, ദൈവീക പദ്ധതികള്‍ക്കും എതിരെ സര്‍വ്വശക്തിയുമെടുത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സാത്താന്റെ പ്രലോഭനം എന്താണെന്നും അതിനെ മറികടക്കേണ്ടത് എങ്ങിനെയാണെന്നും വിവരിച്ചുകൊണ്ട് സ്പാനിഷ് ഭൂതോച്ചാടകനായ ഫാദര്‍ ടോറസ് റൂയിസ് ഇ.ഡബ്ല്യു.ടി.എന്നിന് നല്‍കിയ അഭിമുഖം ശ്രദ്ധേയമാകുന്നു. നമ്മുടെ പ്രകൃതത്തേ മുറിവേല്‍പ്പിക്കുന്ന മൂലപാപത്തിന്റെ അനന്തരഫലമാണ് പ്രലോഭനം എന്നാണ് കത്തോലിക്കാ പ്രബോധനം പറയുന്നതെന്നാണ് സ്പെയിനിലെ പ്ലാസെന്‍സിയ രൂപതയിലെ എക്സോര്‍സിസം മിനിസ്ട്രിയുടെ തലവനായ ഫാദര്‍ ടോറസ് പറയുന്നത്. നമ്മള്‍ വീണുപോയവരാണെന്നും, മാമ്മോദീസ വഴി മൂലപാപത്തില്‍ നിന്നും മുക്തരായെങ്കിലും മൂലപാപത്തിന്റെ അംശം നമ്മളില്‍ ഇപ്പോഴും ഉണ്ടെന്നും അതിനെ സാത്താന്‍ മുതലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രലോഭനം ഒരു പ്രേരണയാണെന്ന് പറഞ്ഞ ഫാദര്‍ ടോറസ് ദൈവത്തിന്റെ സ്നേഹത്തില്‍ നിന്നും ദൈവീക നിയമങ്ങളില്‍ നിന്നും അകലുവാനും സാത്താന്റെ കുറ്റക്കാരനാകുവാനും നമ്മെ പ്രകോപിപ്പിക്കുന്ന വിഷമാണതെന്നും കൂട്ടിച്ചേര്‍ത്തു.
“നോക്കൂ സാത്താന്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ പോവുകയാണ്” എന്ന് കര്‍ത്താവ് വിശുദ്ധ പത്രോസിനോട് പറഞ്ഞതു പോലെ ഈ ലോകത്ത് വന്ന അന്നുമുതല്‍ ഈ ലോകത്തുനിന്നും പോകുന്നത് വരെ നമ്മളും സാത്താനാല്‍ പ്രലോഭിപ്പിക്കപ്പെടാനും പരീക്ഷിക്കപ്പെടാനും സാധ്യതയുണ്ടെന്ന്‍ മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം, സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... എന്ന പ്രാര്‍ത്ഥനയിലെ ‘ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ’ എന്ന അപേക്ഷ പ്രലോഭനത്തിനെതിരേയുള്ള ആത്മീയ പോരാട്ടമാണെന്നും കൂട്ടിച്ചേര്‍ത്തു. “കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ‘ലോകം, പിശാച്, ജഡം’ എന്നീ ആത്മാവിന്റെ മൂന്ന് ശത്രുക്കളാണ് ഉള്ളതെന്നാണ് ഫാദര്‍ ടോറസ് പറയുന്നത്. നമ്മള്‍ ജീവിക്കുന്ന വിവിധ സാഹചര്യങ്ങള്‍ വഴി സാത്താന്‍ നല്‍കുന്ന ദുഷിച്ച പ്രചോദനങ്ങളില്‍ നിന്നുമാണ് പ്രലോഭനം വരുന്നതെന്നും, ജഡികത എന്ന ശത്രുവിനെ കുറിച്ച് പറയുമ്പോള്‍ നമ്മുടെ ശരീരത്തേ മാത്രല്ല ഉദ്ദേശിക്കുന്നതെന്നും, നമ്മുടെ സ്വഭാവത്തില്‍ നിന്നും ഉണ്ടാകുന്ന അത്യാര്‍ത്തി, കാമം, മടി തുടങ്ങിയവയേ കുറിച്ചും നമ്മള്‍ ചിന്തിക്കണമെന്നും അദ്ദേഹം വിവരിച്ചു.
“ലോകം മോശമാണെന്നല്ല, കാരണം ദൈവം നല്ല രീതിയില്‍ സൃഷ്ടിച്ചതാണ് ലോകം, എന്നാല്‍ ദേഷ്യം, അത്യാഗ്രഹം, പൊങ്ങച്ചം പോലെ എന്നീ പാപങ്ങള്‍ പോലെ നമ്മളില്‍ നിന്നും മോശമായതെന്തെങ്കിലും പുറത്തേക്ക് കൊണ്ടുവരുന്ന ചിലകാര്യങ്ങള്‍ ലോകത്തുണ്ട്” എന്നാണ് ലോകമാകുന്ന ശത്രുവിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. നമ്മുടെ എല്ലാ ജീവിത സാഹചര്യങ്ങളേയും മുതലെടുക്കുകയും, നമ്മെ പ്രലോഭിപ്പിക്കുകയും, പരീക്ഷിക്കുകയും, തെറ്റായ ചിന്തകളും പ്രവര്‍ത്തികളും വഴി ദൈവത്തില്‍ നിന്നും അകറ്റുന്നവനാണ് പിശാച്. “ദൈവത്തെ സ്നേഹിക്കുന്നവർക്ക്, എല്ലാം നല്ലതിന് വേണ്ടിയുള്ളതാണ്, സാത്താനില്‍ നിന്നും വരുന്നതാണെങ്കിലും ആ പ്രലോഭനം, നമ്മുടെ വിശ്വാസത്തേ പരീക്ഷിക്കുവാനും, നമ്മെ ശക്തരാക്കുവാനും, യഥാർത്ഥ ക്രിസ്ത്യാനികളാക്കുവാനും ദൈവം അത് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിന്മയുടെ ശക്തികൾക്കെതിരെ പോരാടാനും, ദൈവത്തോടും അവന്റെ കൽപ്പനകളോടും കൂടുതൽ വിശ്വസ്തരായിരിക്കാനും പഠിക്കുക” എന്ന റോമാകാര്‍ക്കുള്ള കത്തിന്റെ എട്ടാം അധ്യായത്തില്‍ വിശുദ്ധ പൌലോ ശ്ലീഹ പറഞ്ഞിട്ടുള്ള കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ട്. ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ് പ്രലോഭനത്തേ നേരിടുവാന്‍ കഴിയുകയുള്ളൂ എന്നും ദൈവകൃപ നമ്മെ യോഗ്യവാന്‍മാരാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥന, ബൈബിള്‍ വായന, ജപമാല ചൊല്ലല്‍, കുരിശിന്റെ വഴിയെ കുറിച്ച് ധ്യാനിക്കല്‍, നമ്മളെ പരിശുദ്ധ കന്യകാ മാതാവിനും വിശുദ്ധര്‍ക്കുമായി സമര്‍പ്പിക്കല്‍ തുടങ്ങിയ ആയുധങ്ങള്‍ വഴി പ്രലോഭനത്തേ നേരിടാമെന്നും, ഇതിനു പുറമേ നാലാം നൂറ്റാണ്ടിലെ സന്യാസിയായ ഇവാഗ്രിയൂസ് പൊന്തിക്കസിന്റെ “ദി ട്രിയാറ്റൈസ് ഓണ്‍ റിപ്ലൈസ്” എന്ന പുസ്തകം വായിക്കുന്നതും നല്ലതാണെന്ന് നിര്‍ദ്ദേശിച്ചു കൊണ്ടാണ് ഫാദര്‍ ടോറസ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്. |