category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമിഷ്ണറീസ് ഓഫ് ചാരിറ്റിയ്ക്കു പിന്നാലെ, നിക്കരാഗ്വേൻ ഭരണകൂടം മറ്റൊരു സന്യാസ സമൂഹത്തെയും പുറത്താക്കി
Contentമനാഗ്വേ: വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തെ നാടുകടത്തി ആഴ്ചകൾ പിന്നിടും മുന്‍പ് മറ്റൊരു സന്യാസിനി സമൂഹത്തെ കൂടി നിക്കരാഗ്വേയിലെ ഡാനിയൽ ഒർട്ടേഗ ഭരണകൂടം രാജ്യത്തുനിന്ന് പുറത്താക്കി. മതഗൽപയിൽ വർഷങ്ങളായി സേവനം ചെയ്തു വന്നിരുന്ന റിലീജിയസ് സിസ്റ്റേഴ്സ് ഓഫ് ദ ക്രോസ് സന്യാസ സമൂഹത്തെയാണ് രാജ്യത്ത് നിന്ന് പുറത്താക്കിയതെന്ന് നിക്കരാഗ്വേ ഇൻഫോർമ സെപ്റ്റംബർ പതിനെട്ടാം തീയതി ഫേസ്ബുക്ക് കുറിപ്പിലൂടെ പുറംലോകത്തെ അറിയിച്ചു. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ ചോദ്യം ചെയ്തതിന്റെ പേരില്‍ അന്യായ തടങ്കലിൽ കഴിയുന്ന ബിഷപ്പ് റോളാൻഡോ അൽവാരസിന്റെ രൂപതയാണ് മതഗൽപ. ദിവ്യകാരുണ്യ ഭക്തിയിലൂന്നി സേവനം ചെയ്യുന്ന സന്യാസ സമൂഹമാണ് 'റിലീജിയസ് സിസ്റ്റേഴ്സ് ഓഫ് ദ ക്രോസ്'. സന്യാസ സമൂഹത്തിനു ലഭിക്കുന്ന സാമ്പത്തിക സഹായം എവിടെ നിന്നാണെന്ന് പൂർണ്ണമായും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാർ വകുപ്പുകൾ സന്യാസിനികൾക്ക് മേൽ അകാരണമായി സമ്മര്‍ദ്ധം ചെലുത്തി വരികയായിരുന്നു. ഇടവകകളെപ്പോലെ, തങ്ങളുടെ പ്രവർത്തനത്തിന് വിശ്വാസികളുടെ സംഭാവനയെ ആശ്രയിക്കുന്ന സന്യാസിനിമാരുടെ മുന്‍പിൽവെച്ച യുക്തിഹീനമായ ആവശ്യമായിരുന്നുവെന്നു പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ രാജ്യത്ത് തങ്ങാൻ വേണ്ടിയുള്ള വിദേശ സന്യാസിനിമാരുടെ അനുമതി പുതുക്കി നൽകാൻ സർക്കാർ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇത് മൂലം സ്വദേശികളായവർക്ക് മുൻപേ തന്നെ അവർ രാജ്യം വിട്ടുപോയിരുന്നു. തുടർച്ചയായി ദിവ്യകാരുണ്യ ആരാധന നടത്തുന്നത് സന്യാസ സമൂഹത്തിന്റെ ആത്മീയതയുടെ ഭാഗമായിരുന്നതിനാൽ ഏറ്റവും ഒടുവിൽ മൂന്ന് സന്യാസിനിമാർ മാത്രം അവശേഷിച്ചത് മൂലം മതഗൽപയിലെ ഭവനം ഉപേക്ഷിക്കാൻ റിലീജിയസ് സിസ്റ്റേഴ്സ് ഓഫ് ദ് ക്രോസിന്റെ തലപ്പത്തുള്ളവർ തീരുമാനമെടുക്കുകയായിരുന്നു. ഒര്‍ട്ടേഗയുടെ കീഴിലുള്ള നിക്കരാഗ്വേ ഭരണകൂടം കാഴ്ചവെയ്ക്കുന്ന ക്രൂര ഭരണത്തെയും സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ തുനിഞ്ഞപ്പോള്‍ കത്തോലിക്ക സഭ ഏറ്റവും ശക്തമായ വിധത്തില്‍ രംഗത്ത് വന്നിരിന്നു. ഇതാണ് ഭരണകൂടത്തെ കത്തോലിക്ക സഭയെ ശത്രുപക്ഷത്തിലാക്കിയത്. ഇതില്‍ ഏറ്റവും ശക്തമായ വിധത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നത് ഇപ്പോൾ തടവിലായ ബിഷപ്പ് റോളാണ്ടോ അൽവാരെസായിരിന്നു. നിരവധി കത്തോലിക്കാ വൈദികരെ അറസ്റ്റ് ചെയ്ത ഒർട്ടേഗ ഭരണകൂടം മാർച്ച് മാസം വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് വാൾഡിമർ സ്റ്റാന്സ്ലോവിനെയും രാജ്യത്ത് നിന്ന് പുറത്താക്കിയിരുന്നു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-09-23 08:49:00
Keywordsനിക്കരാ
Created Date2022-09-23 08:50:28