Content | അബൂജ: വടക്ക് - മധ്യ ഭാഗത്തും വടക്ക് പടിഞ്ഞാറൻ നൈജീരിയയിലുമായി രണ്ട് വ്യത്യസ്ത ക്രൈസ്തവ ദേവാലയങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ സായുധരായ അക്രമികള്‍ എണ്‍പതിലധികം ക്രൈസ്തവരെ ബന്ധികളാക്കി തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. സെപ്തംബർ 17ന്, നടന്ന സംഭവം 'മോർണിംഗ് സ്റ്റാർ ന്യൂസ്' ആണ് ഇക്കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. നൈജർ സംസ്ഥാനത്തിലെ സുലേജയിലുള്ള ചെറൂബിം ആൻഡ് സെറാഫിം പള്ളിയിൽ തീവ്രവാദികൾ റെയിഡ് നടത്തുകയും ജാഗരണ പ്രാര്‍ത്ഥനയ്ക്കായി എത്തിയ വിശ്വാസികളെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു.
ഇസ്ലാമിക ഗോത്ര വിഭാഗമായ ഫുലാനി ഹെർഡ്സ്മാൻ പോരാളികൾ പള്ളിയിലെ പാസ്റ്ററെയും വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ച് 'മോർണിംഗ് സ്റ്റാർ' റിപ്പോർട്ട് ചെയ്തു. സുലേജയിലെ ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ്, കടുണ സംസ്ഥാനത്തെ കസുവൻ മഗനിയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു പള്ളിയിൽ നടന്ന രാത്രി പ്രാർത്ഥനയ്ക്കിടെ കുറഞ്ഞത് 57 ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോയിരിന്നു.
നിരവധി പേർ രക്ഷപ്പെട്ടുവെങ്കിലും 43 പേർ ബന്ദികളാക്കപ്പെട്ടതായി നൈജീരിയയിലെ ക്രിസ്ത്യൻ അസോസിയേഷൻ കടുണ സംസ്ഥാനത്തിന്റെ ചെയർമാൻ റവ. ജോൺ ജോസഫ് ഹയാബ് വെളിപ്പെടുത്തി. 200 മില്യൺ നൈറ അഥവാ 4,65,294 ഡോളറാണ് ഭീകരർ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാരിതര സംഘടനയായ ഓപ്പൺ ഡോർസിന്റെ കണക്കനുസരിച്ച് 2021ൽ മാത്രം നൈജീരിയയിൽ 4,650 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത് . ഫുലാനികൾക്ക് പുറമേ ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കൻ പ്രൊവിൻസ് തുടങ്ങീ ഇസ്ലാമിക ഭീകര സംഘടനകളും ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണത്തിൽ ചുക്കാൻ പിടിക്കുന്നുണ്ട്. |