category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവ കരുണയ്ക്കും മറ്റ് നിയോഗങ്ങള്‍ക്കുമായി വാഷിംഗ്ടണ്‍ ബസിലിക്കയില്‍ പ്രാർത്ഥനാവാരത്തിന് ഇന്ന് തുടക്കമാകും
Contentവാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണിലെ അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള ബസിലിക്ക ദേവാലയത്തിൽ പ്രാർത്ഥനാവാരത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രാർത്ഥനയ്ക്കും, ഉപവാസത്തിനും യുഎസ് കാപ്പിറ്റോൾ മന്ദിരത്തിന്റെ പുറത്ത് സംഘടിപ്പിക്കുന്ന ജപമാല പ്രാർത്ഥനയോടു കൂടിയായിരിക്കും ഒക്ടോബർ ഒന്‍പതാം തീയതി സമാപനമാകുക. ദ ഇന്റർനാഷണൽ വീക്ക് ഓഫ് പ്രയർ ആൻഡ് ഫാസ്റ്റിംഗ് എന്ന കൂട്ടായ്മയാണ് പ്രാർത്ഥനാവാരത്തിന് നേതൃത്വം നൽകുന്നത്. കൂട്ടായ്മയിൽ ദേവാലയങ്ങളും, വിദ്യാലയങ്ങളും, വൈദികരും ഉൾപ്പെടുന്നു. സമൂഹത്തിന്റെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുക, ജീവന്റെ സംസ്കാരം പണിതുയർത്തുക, വിവാഹത്തിന്റെ പരിശുദ്ധി സംരക്ഷിക്കുക, ദൈവത്തിന്റെ കരുണയ്ക്ക് വേണ്ടി യാചിക്കുക, വൈദികർക്കും, ദൈവവിളികൾക്കും വേണ്ടി പ്രാർത്ഥിക്കുക തുടങ്ങിയവയാണ് മുപ്പതാമത് പ്രാർത്ഥനാ വാരത്തിന്റെ പ്രത്യേക നിയോഗങ്ങൾ. മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ദിവസമായ ഓഗസ്റ്റ് പതിനഞ്ചാം തീയതി ആരംഭിച്ച 54 ദിവസം നീണ്ട് നിൽക്കുന്ന നൊവേന പ്രാർത്ഥനയ്ക്കും പ്രാർത്ഥനാ വാരത്തിലെ അവസാന ദിവസമായ ഒക്ടോബർ ഏഴാം തീയതി ജപമാല റാണിയുടെ തിരുനാൾ ദിനത്തില്‍ സമാപനം കുറിക്കും. ബസിലിക്ക ദേവാലയത്തിൽ ഇന്നു ഒക്ടോബർ ഒന്നാം തീയതി അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയ്ക്ക് ബിഷപ്പ് ജോസഫ് കോഫി മുഖ്യകാര്‍മ്മികത്വം വഹിക്കും. ദ ഇന്റർനാഷണൽ വീക്ക് ഓഫ് പ്രയർ ആൻഡ് ഫാസ്റ്റിംഗിന്റെ സ്ഥാപകരായ ടെഡ് ഫ്ലിൻ, മൗരീൻ ഫ്ലിൻ അടക്കം ഏതാനും പ്രമുഖർ ആദ്യദിനം സന്ദേശം നൽകി സംസാരിക്കും. 1989ൽ ഒരു പത്രത്തിൽ പ്രായമായ ഒരു സ്ത്രീ ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന നിലപാട് പങ്കുവെച്ചത് കണ്ടപ്പോഴാണ് ഒരു ദിവസം പ്രത്യേകം പ്രാർത്ഥിക്കാനായി തെരഞ്ഞെടുക്കണമെന്ന തോന്നൽ ആദ്യമായി ഉണ്ടായതെന്ന് മൗരീൻ ഫ്ലിൻ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഇതേപ്പറ്റി ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോൾ, ആ സുഹൃത്താണ് ഒരാഴ്ച പ്രാർത്ഥനയ്ക്ക് വേണ്ടി പ്രത്യേകമായി മാറ്റിവെക്കാമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. 1990ൽ ഏകദേശം അഞ്ഞൂറോളം ആളുകളാണ് യുഎസ് കാപ്പിറ്റോളിന് മുന്നിൽ പ്രാർത്ഥിക്കാനായി ഒരുമിച്ചു കൂടിയത്. 1997ലാണ് ബസിലിക്കയിലേക്ക് പ്രാർത്ഥന മാറ്റിയത്. ആ വർഷം ഒക്ടോബർ മാസം അഞ്ചാം തീയതി സന്ദേശം നൽകാൻ വിശുദ്ധ മദർ തെരേസയാണ് നിശ്ചയിച്ചിരുന്നതെങ്കിലും സെപ്റ്റംബർ അഞ്ചാം തീയതി മദർ തെരേസ മരണമടഞ്ഞു. പ്രാർത്ഥനാവാരത്തിന് വലിയ പിന്തുണയാണ് മദർ തെരേസ നൽകിയതെന്ന് മൗരീൻ സ്മരിച്ചു. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ രണ്ടു തവണയും, ഫ്രാൻസിസ് മാർപാപ്പ ഒരു തവണയും പ്രാർത്ഥനാവാരത്തിൽ പങ്കെടുക്കുന്നവർക്ക് അപ്പസ്തോലിക ആശിർവാദം നൽകിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-10-01 13:45:00
Keywordsഅമേരിക്ക
Created Date2022-10-01 13:54:39