Content | വത്തിക്കാന്‍ സിറ്റി: നന്മ ചെയ്യണമെന്ന ആഗ്രഹമുള്ളവർക്കു ദുഃഖം, പ്രലോഭകനായി നമ്മെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുമെന്നും ഇതിനെ കര്‍ത്താവിനോട് ചേര്‍ന്നു പ്രതിരോധിക്കണമെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ ബുധനാഴ്ച (26/10/22) വത്തിക്കാനിൽ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രതിവാര പൊതുദർശനത്തിന്റെ ഭാഗമായി സന്ദേശം നല്കുകയായിരിന്നു പാപ്പ. ജോലി, പഠനം, പ്രാർത്ഥന എന്തു തന്നെയാണെങ്കിലും വിരസതയോ സങ്കടമോ തോന്നിയാൽ നമുക്ക് ഒരിക്കലും ഒന്നും പൂർത്തിയാക്കാനാകില്ലായെന്നും നന്മയിലേക്കുള്ള വഴി ഇടുങ്ങിയതും കയറ്റവുമുള്ളതുമാണെന്ന് നാം ചിന്തിക്കണമെന്നും പാപ്പ പറഞ്ഞു.
വിരസതയോ സങ്കടമോ തോന്നിയാലുടൻ അവ ഉപേക്ഷിച്ചാൽ നമുക്ക് ഒരിക്കലും ഒന്നും പൂർത്തിയാക്കാനാകില്ല. ഇത് ആത്മീയ ജീവിതത്തിനും പൊതുവായ അനുഭവമാണ്: നന്മയിലേക്കുള്ള വഴി ഇടുങ്ങിയതും കയറ്റവുമാണ്, അതിന് ഒരു പോരാട്ടം ആവശ്യമാണ്, അവനവനെത്തന്നെ കീഴടക്കേണ്ടതുണ്ട് എന്ന് സുവിശേഷം ഓർമ്മിപ്പിക്കുന്നു. ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങുന്നു, അല്ലെങ്കിൽ ഒരു സൽപ്രവർത്തി ചെയ്യുന്നു, വിചിത്രമെന്നു പറയട്ടെ, അപ്പോൾ, അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഓർമ്മ വരുന്നു. കർത്താവിനെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവർ ഏകാന്തതയാൽ നയിക്കപ്പെടാൻ അനുവദിക്കാതിരിക്കേണ്ടത് പ്രധാനമാണ്.
ദൗർഭാഗ്യവശാൽ, ചിലർ ഏകാന്തതയുടെ സ്വാധീനത്തിൽപ്പെട്ട്, ഈ മാനസികാവസ്ഥ മനസിലാക്കുവാന്‍ നിൽക്കാതെ, എല്ലാറ്റിനുമുപരിയായി നിയന്താവിൻറെ സഹായമില്ലാതെ, പ്രാർത്ഥനാ ജീവിതം, അല്ലെങ്കിൽ തിരഞ്ഞെടുത്ത ജീവിതാന്തസ്സ് ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. സുവിശേഷത്തിൽ, യേശു പ്രലോഭനങ്ങളെ നിശ്ചയദാർഢ്യത്തോടെ നിരാകരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. വിവിധ ഭാഗങ്ങളിൽ നിന്ന് പരീക്ഷണ സാഹചര്യങ്ങൾ അവിടത്തേക്കുണ്ടാകുന്നു, എന്നാൽ എല്ലായ്പ്പോഴും, ദൈവപിതാവിൻറെ ഹിതം നിറവേറ്റാനുള്ള ഈ നിശ്ചയദാർഢ്യം, ദൃഢത, അവിടുന്നില്‍ കാണുകയാൽ അവ പരാജയപ്പെടുകയും അവിടുത്തെ പാതയെ തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്നു.
ആത്മീയ ജീവിതത്തിൽ, പരീക്ഷണം ഒരു സുപ്രധാന ഘട്ടമാണ്, ബൈബിൾ അത് വ്യക്തമായി ഓർമ്മിപ്പിക്കുന്നുണ്ട്. “എന്റെ മകനെ, കർത്തൃശുശ്രൂഷയ്ക്ക് തയ്യാറാകുന്നെങ്കിൽ പ്രലോഭനങ്ങളെ നേരിടാൻ ഒരുങ്ങിയിരിക്കുക." (പ്രഭാഷകൻ 2: 1). അത് ഒരു അദ്ധ്യാപകൻ വിദ്യാർത്ഥിയെ പരീക്ഷയ്ക്ക് വിധേയമാക്കുന്നത് പോലെയാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. ഏകാന്തതയില്‍ തുറന്ന മനസ്സോടെയും അവബോധത്തോടെയും എങ്ങനെ കടന്നുപോകാമെന്ന് നമുക്കറിയാമെങ്കിൽ, മാനുഷികവും ആത്മീയവുമായ മാനങ്ങളിൽ ശക്തരായി പുറത്തുകടക്കാൻ കഴിയും. ഒരു പരീക്ഷയും നമ്മുടെ കഴിവിന് അതീതമല്ല; ആരും സ്വന്തം സാദ്ധ്യതകൾക്കപ്പുറം പ്രലോഭിപ്പിക്കപ്പെടുന്നില്ല എന്ന് വിശുദ്ധ പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നു.
കാരണം കർത്താവ് നമ്മെ ഒരിക്കലും കൈവിടില്ല, അവനോടു ചേർന്നു നിന്നാൽ നമുക്ക് എല്ലാ പ്രലോഭനങ്ങളെയും തരണം ചെയ്യാൻ സാധിക്കും (1 കോറിന്തോസ് 10:13). ഇന്ന് നമ്മൾ അതിനെ ജയിച്ചില്ലെങ്കിൽ വീണ്ടും എഴുന്നേറ്റ് നടക്കാം. നാളെ നമുക്ക് അതിനെ ജയിക്കാം. നമുക്ക് ഇങ്ങനെ പറയാം – ''സങ്കടത്തിൻറെ, ഏകാന്തയുടെ ഒരു നിമിഷത്തിന് തോറ്റുകൊടുക്കരുത്: മുന്നേറുക. എന്നും ഒരു യാത്രയായ ഈ ആത്മീയ ജീവിത യാത്രയിൽ കർത്താവ് അനുഗ്രഹിക്കട്ടെ – ധൈര്യമുള്ളവനായിരിക്കുക!'' - പാപ്പ ഓര്‍മ്മിപ്പിച്ചു. |