Content | വാഷിംഗ്ടൺ ഡി.സി: അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിവസമായ ഡിസംബർ എട്ടാം തീയതി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വനിതകളുടെ ജപമാല പ്രാർത്ഥന നടക്കും. ദേവാലയങ്ങൾ, ജീവൻ, കുടുംബം, മാതൃത്വം തുടങ്ങിയവ സംരക്ഷിക്കാൻ പ്രതിരോധം തീർക്കുക, തങ്ങൾ പരിശുദ്ധ കന്യാമറിയത്തിന്റെ പെൺമക്കൾ ആണെന്നും, അമ്മയുടെ ഉദാഹരണം തങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്നും അഭിമാനത്തോടെ പറയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ജപമാല പ്രാർത്ഥന സംഘടിപ്പിക്കുന്നതെന്നു സംഘാടകർ പറഞ്ഞു. പൊതുസ്ഥലത്ത് വനിതകളുടെ ജപമാല പ്രാർത്ഥന ആദ്യമായി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലാണ് സംഘടിപ്പിക്കപ്പെടുന്നത്.
പ്രായം, വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചല്ല ഒരു സ്ത്രീയുടെ വിളി നിലകൊള്ളുന്നതെന്നും, മറിച്ച് ദൈവം ഓരോ വ്യക്തിയെയും സൃഷ്ടിച്ചുവെന്നും, ഓരോ വ്യക്തിക്കും പ്രത്യേകമൊരു ദൗത്യം നൽകി എന്നുമുളള ബോധ്യത്തിൻമേലാണ് ആ വിളി നിലകൊള്ളുന്നതെന്നും സംഘാടകർ പ്രസ്താവിച്ചു. ലോകത്തെ മാറ്റിമറിക്കാനായി പ്രാർത്ഥനയുടെ ശക്തിക്ക്, പ്രത്യേകിച്ച് ജപമാലയുടെ ശക്തിക്ക് സാധിക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നതായി അവർ പറഞ്ഞു.
ഡിസംബർ എട്ടാം തീയതിയിലെ ജപമാല പ്രാർത്ഥനയിൽ അമേരിക്ക, കാനഡ, ബ്രസീൽ, അർജന്റീന തുടങ്ങി 25ന് മുകളിൽ രാജ്യങ്ങളിലെ വനിതകൾ പങ്കെടുക്കും. ഇത് ലോകം മുഴുവൻ വ്യാപിക്കാൻ പരിശുദ്ധ കന്യകാ മറിയം ആഗ്രഹിച്ചിരുന്നതായി ജപമാല പ്രാർത്ഥനയ്ക്ക് അർജന്റീനയിൽ ചുക്കാൻ പിടിക്കുന്ന ജൂലിയാന ഇല്ലാരിയോ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാൻ ആളുകൾ തന്നെ വിളിക്കുന്നുണ്ടെന്നും ജൂലിയാന കൂട്ടിച്ചേർത്തു. ലോകമെമ്പാടും പുരുഷന്മാർ പ്രത്യേകം ജപമാല ചൊല്ലുന്ന മെൻസ് റോസറി ശ്രദ്ധപിടിച്ചു പറ്റിയിരിന്നു. ഇതിന് പിന്നാലെയാണ് സ്ത്രീകളും ജപമാലയിൽ ഒന്നിക്കുന്നത്. |