Content | അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയിൽ കഴിഞ്ഞ 10 മാസത്തിനിടെ കൊല്ലപ്പെട്ടത് നാലായിരത്തിലധികം ക്രൈസ്തവർ. 2022-ല്‍ ആദ്യ പത്തു മാസത്തിനിടെ തീവ്രവാദികളുടെ ആക്രമണത്താല്‍ 4020 ക്രൈസ്തവർ കൊല്ലപ്പെട്ടെന്നും ഇതുവരെ 2315 ക്രൈസ്തവരെ തട്ടിക്കൊണ്ടു പോയെന്നും ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ്, ആൻഡ് റൂൾ ഓഫ് ലോ പുറത്തുവിട്ട റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. മുസ്ലീം ഗോത്ര വിഭാഗമായ ഫുലാനികളുമായി ബന്ധമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ഇടപെടലില്‍ മാത്രം 2650 ക്രൈസ്തവ വിശ്വാസികളാണ് ജനുവരി മുതൽ ഒക്ടോബർ വരെ കൊല്ലപ്പെട്ടത്.
ജനുവരി മുതൽ ജൂൺ വരെ ആദ്യത്തെ ആറ് മാസങ്ങളില്‍ 1401 ക്രൈസ്തവരെയാണ് ഫുലാനികൾ ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകൾ തട്ടിക്കൊണ്ടു പോയത്. ജൂലൈ മുതൽ ഒക്ടോബർ വരെ 915 ക്രൈസ്തവരെയും തട്ടിക്കൊണ്ടു പോയി. ഇസ്ലാമിലേക്ക് മതം മാറാൻ വിസമ്മതിച്ചതിന്റെ പേരിലും, വലിയ മോചനദ്രവ്യം നൽകാൻ പറ്റാത്തതിന്റെ പേരിലും മരണപ്പെട്ടവരും നിരവധി പേരാണ്. തട്ടിക്കൊണ്ടുപോകപ്പെട്ടവരിലെ 10% ക്രൈസ്തവർ തിരികെ മടങ്ങാനുളള സാധ്യത വളരെ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പ്രകാരം ഓരോ മാസവും ശരാശരി 400 ക്രൈസ്തവർ കൊല്ലപ്പെടുകയും, 231 ക്രൈസ്തവരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്. 13 കൊലപാതകങ്ങളും, 8 തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങളും ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
നൈജീരിയയിൽ മതസ്വാതന്ത്ര്യം കനത്ത ഭീഷണി നേരിടുന്നുവെന്ന് മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കൻ കമ്മീഷൻ മുന്നറിയിപ്പ് നൽകി രണ്ടു മാസങ്ങൾക്ക് ശേഷമാണ് അതിനെ സാധൂകരിക്കുന്ന ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസിന്റെ റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്. മോശമായ ഭരണം ക്രൈസ്തവർക്ക് നേരെ നടക്കുന്ന അക്രമങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നുവെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. നൈജീരിയയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അറുപതിനായിരം ക്രൈസ്തവർ കൊല്ലപ്പെട്ടുവെന്ന് ഇന്റർ സൊസൈറ്റി ഇതിനുമുമ്പ് പുറത്തിറക്കിയ മറ്റൊരു റിപ്പോർട്ടിൽ പരാമര്‍ശമുണ്ടായിരിന്നു. ഒരുകോടി ആളുകളാണ് അക്രമ സംഭവങ്ങൾ കൂടുതൽ രൂക്ഷമായിരുന്ന ഉത്തര നൈജീരിയയിൽ നിന്നും പലായനം ചെയ്തത്. |