Content | മനാഗ്വേ: ലാറ്റിൻ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിൽ ഡാനിയല്‍ ഒര്‍ട്ടേഗയുടെ ഏകാധിപത്യ ഭരണത്തിന്‍ കീഴില്‍ നട്ടം തിരിയുന്നതിനിടെ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കത്തോലിക്കാ സഭ നേരിട്ടത് നാനൂറോളം അതിക്രമങ്ങളാണെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. പ്രമുഖ അഭിഭാഷകയും, ഗവേഷകയുമായ മാര്‍ത്താ പാട്രിഷ്യ മൊളിന, “നിക്കരാഗ്വേ: അടിച്ചമര്‍ത്തപ്പെടുന്ന സഭ" എന്ന പേരില്‍ പുറത്തുവിട്ട 235 പേജുള്ള റിപ്പോര്‍ട്ടില്‍ 2018-നും 2022-നും ഇടയില്‍ നിക്കരാഗ്വേ സഭ നേരിട്ട എല്ലാ അതിക്രമങ്ങളെ കുറിച്ചും വിശദമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ദേവാലയ അവഹേളനം, ആക്രമണം, കവര്‍ച്ച, ഭീഷണി, വൈദികര്‍ക്ക് നേരെയുള്ള വിദ്വേഷ പ്രസംഗങ്ങള്‍ തുടങ്ങി ഭരണകൂടത്തിന്റെ ഒത്താശയോടെ കത്തോലിക്കാ സഭക്കെതിരെ നടക്കുന്ന എല്ലാത്തരം പീഡനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
“നിക്കരാഗ്വേയിലെ ജയിലുകളില്‍ നടക്കുന്ന ക്രൂരതയുടേയും, മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റത്തിന്റേയും 38 സംവിധാനങ്ങള്‍” എന്ന പേരില്‍ ഒരു പഠനഫലവും പുറത്തുവിട്ടിട്ടുണ്ട്. സത്യവും ദുഃഖകരവുമായ വസ്തുതകള്‍ വിവരിക്കുന്ന റിപ്പോര്‍ട്ട് വായിക്കേണ്ടതാണെന്നും നിക്കരാഗ്വേയിലെ കത്തോലിക്കാ സഭ നേരിടുന്ന എക്കാലത്തേയും ഏറ്റവും കൊടിയ അടിച്ചമര്‍ത്തലിന് ഇരയായവരെ സഹായിക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം കണ്ടെത്തുവാനുള്ള ഒരു ശ്രമം കൂടിയാണിതെന്നും എഴുത്തുകാരനും, രാഷ്ട്രീയ പ്രവര്‍ത്തകനും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ഡോ. ഹുംബെര്‍ട്ടോ ബെല്ലി പ്രസ്താവിച്ചു.
ഡാനിയല്‍ ഒര്‍ട്ടേഗയുടേയും പത്നി റൊസാരിയോ മുരില്ലോയുടേയും ഏകാധിപത്യ ഭരണകൂടത്തിന്റെ കീഴില്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കത്തോലിക്ക സഭയ്ക്കു നേരെ നടന്നുവരുന്ന ആക്രമണങ്ങള്‍ സമീപ കാലത്ത് വര്‍ദ്ധിച്ചിരിക്കുകയാണ്. അപ്പസ്തോലിക പ്രതിനിധിയായ ബിഷപ്പ് വാള്‍ഡെമര്‍ സ്റ്റാനിസ്ലോ സോമ്മര്‍ടാഗിനെ രാജ്യത്ത് നിന്നും പുറത്താക്കിയതിനു പുറമേ മതഗല്‍പ്പ മെത്രാന്‍ റൊളാണ്ടോ അല്‍വാരെസിനെ വീട്ടുതടങ്കലിലാക്കിയത് അടക്കം നിരവധി അക്രമങ്ങളാണ് കത്തോലിക്ക സമൂഹത്തിനു നേരെ ഉണ്ടായിരിക്കുന്നത്. നിരവധി വൈദികരെയും, സെമിനാരി വിദ്യാര്‍ത്ഥികളേയും എല്‍ ചിപോട്ടോ എന്ന കുപ്രസിദ്ധമായ ജയിലില്‍ തടവില്‍ വെച്ചിരിക്കുകയാണ്. നിരവധി കത്തോലിക്കാ മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതിനു പുറമേ, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി അടക്കമുള്ള സന്യാസ സമൂഹങ്ങളെ രാജ്യത്ത് നിന്നും പുറത്താക്കിയതും ആഗോള തലത്തില്‍ വാര്‍ത്തയായിരിന്നു. |