Content | വത്തിക്കാന്‍ സിറ്റി: ജീവിതത്തില്‍ നമ്മുക്ക് ഓരോരുത്തർക്കും മുഖംമൂടിയുണ്ടെന്നും ആഗമനകാലം നമ്മുടെ മുഖംമൂടികൾ അഴിച്ചുമാറ്റാനുള്ള കൃപയുടെ സമയമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച (04/12/22) വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തിൽ സന്നിഹിതരായ ആയിരങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു പാപ്പ. എല്ലാറ്റിനും സ്വയം പര്യാപ്തരാണെന്ന നമ്മുടെ വിശ്വാസ അനുമാനത്തിൽ നിന്ന് മുക്തരാകുന്നതിന്, നമ്മുടെ മറഞ്ഞിരിക്കുന്ന പാപങ്ങൾ, ഏറ്റുപറയുന്നതിന്, ദൈവത്തിന്റെ മാപ്പ് സ്വീകരിക്കുന്നതിന്, നാം ദ്രോഹിച്ചവരോട് ക്ഷമ ചോദിക്കുന്നതിന് നമുക്ക് വിനീതർക്കൊപ്പം വരിയിൽ നില്‍ക്കാമെന്നു പാപ്പ പറഞ്ഞു. ജീവിതത്തിന്റെ കപടതകളും ഇരട്ടത്താപ്പുകളും പുനര്‍വിചിന്തനം ചെയ്യാനുള്ള ആഹ്വാനവുമായാണ് പാപ്പയുടെ സന്ദേശം.
ഔപചാരികത, കാപട്യങ്ങൾ എന്നിവയിൽ നിന്ന് നമ്മെത്തന്നെ ശുദ്ധീകരിക്കാൻ, മറ്റുള്ളവരിൽ സഹോദരീ സഹോദരന്മാരെയും നമ്മെപ്പോലുള്ള പാപികളെയും കാണാൻ, നമ്മെ ഒരുക്കാം. മറ്റുള്ളവർക്കു വേണ്ടിയല്ല, നമുക്കുവേണ്ടി നാം ആയിരിക്കുന്നതുപോലെ, അതായത്, നമ്മുടെ ദാരിദ്ര്യങ്ങൾ, ദുരിതങ്ങൾ, വൈകല്യങ്ങൾ, എന്നിവ പരിഹരിക്കാൻ നമുക്കായി വരുന്ന രക്ഷകനെ യേശുവിൽ ദർശിക്കാൻ എളിമയാണ് മാർഗ്ഗം.
ദൈവത്തെ സ്വാഗതം ചെയ്യാനുള്ള വഴി, സാമർത്ഥ്യമല്ല. "ഞങ്ങൾ ശക്തരാണ്, ഞങ്ങൾ ഒരു വലിയ ജനമാണ്..." എന്ന വാക്കുകള്‍ അല്ല, മറിച്ച് വിനയം അഥവാ "ഞാൻ ഒരു പാപിയാണ്" എന്ന ഏറ്റുപറച്ചിലാണ് വേണ്ടത്. നമ്മുടെ കുറവുകൾ, നമ്മുടെ കാപട്യങ്ങൾ ഏറ്റുപറയണം; ഉന്നതത്തിൽ നിന്ന് ഇറങ്ങി അനുതാപത്തിൻറെ ജലത്തില്‍ നാം മുങ്ങണം. ഒരുപക്ഷേ, നാം മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്നും നമ്മുടെ ജീവൻ നമ്മുടെ കൈയ്യിലാണെന്നും, നമുക്ക് ദൈവത്തെയും സഭയെയും നമ്മുടെ സഹോദരങ്ങളെയും എല്ലാ ദിവസവും ആവശ്യമില്ലെന്നും കരുതിക്കൊണ്ട് നമ്മൾ അവരെ മുകളിൽ നിന്നുകൊണ്ട് താഴേയ്ക്കു നോക്കുന്നു.
എന്നാല്‍ ഒരു സാഹചര്യത്തിൽ മാത്രമേ ഒരുവനെ മുകളിൽ നിന്നു താഴേക്കു നോക്കുവാന്‍ അനുവദനീയമായിട്ടുള്ളൂ എന്നത് നാം മറക്കുന്നു: അതായത്, അവനെ എഴുന്നേൽക്കാൻ സഹായിക്കേണ്ടത് ആവശ്യമായി വരുമ്പോൾ മാത്രം; ഇക്കാര്യത്തിലൊഴികെ മറ്റൊന്നിലും അത് ന്യായമല്ല. കർത്താവിൻറെ എളിയ ദാസിയായ മറിയം അവിടത്തെയും നമ്മുടെ സഹോദരീസഹോദരന്മാരെയും എളിമയുടെ പാതയിൽ കണ്ടുമുട്ടാൻ നമ്മെ സഹായിക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.
|