category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്വയം ദൈവമാതാവിന് സമര്‍പ്പിക്കുവാനും യുക്രൈന്റെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും പാപ്പയുടെ ആഹ്വാനം
Contentവത്തിക്കാന്‍ സിറ്റി: സ്വയം പരിശുദ്ധ കന്യകമാതാവിന് സമര്‍പ്പിക്കുവാനും, റഷ്യന്‍ അധിനിവേശത്തില്‍ നട്ടംതിരിയുന്ന യുക്രൈന്‍ ജനതക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ട് അമലോത്ഭവ മാതാവിന്റെ തിരുനാളിനോടു അനുബന്ധിച്ച് പരിശുദ്ധ പിതാവ് റോമിലെ പിയാസ ഡി സ്പാഗ്നായിലെ അമലോത്ഭവ മാതാവിന്റെ രൂപം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതാദ്യമായാണ് പാപ്പ ഇവിടെ വിശ്വാസികള്‍ക്കൊപ്പം പരസ്യമായി സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്നു 2020-ലും, 2021-ലും പാപ്പ ഒറ്റയ്ക്കാണ് ഇവിടെയെത്തി പ്രാര്‍ത്ഥിച്ചത്. “കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ പുലര്‍ച്ചെ ഞാന്‍ ഒറ്റക്ക് നിന്റെ സവിധത്തിലെത്തി പ്രാര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ ഇന്ന്‍ സഭാമക്കളോടൊപ്പം ഞാന്‍ നിന്റെ അടുത്തേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. അടുത്തും അകലെയുമുള്ള നിന്റെ എല്ലാ മക്കളുടെയും കൃതജ്ഞതയും അപേക്ഷകളും ഞാന്‍ നിനക്ക് സമര്‍പ്പിക്കുന്നു” - പ്രാര്‍ത്ഥനാ മദ്ധ്യേ പാപ്പ മരിയന്‍ സന്നിധിയില്‍ പറഞ്ഞു. “സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അങ്ങയെ ദൈവം സ്വീകരിച്ചു. അങ്ങ് ഭൂമിയിലെ കാര്യങ്ങള്‍ ഞങ്ങളേക്കാള്‍ നന്നായി കാണുന്നു. മാതാവെന്ന നിലയില്‍ അങ്ങ് ഞങ്ങളുടെ അപേക്ഷകള്‍ കേട്ട് അങ്ങയുടെ പുത്രന്റെ കരുണാര്‍ദ്രമായ ഹൃദയത്തിലേക്ക് എത്തിക്കണമേ” - പാപ്പയുടെ പ്രാര്‍ത്ഥനയില്‍ പറയുന്നു. പ്രാർത്ഥനയ്ക്കിടെ പാപ്പ വിതുമ്പി കരഞ്ഞു. ഈ സമയം വിശ്വാസി സമൂഹം കൈയടിച്ച് പാപ്പയോടുള്ള സ്നേഹവും ഐക്യദാർഢ്യവും പ്രകടമാക്കി. 40 അടി ഉയരമുള്ള ഒരു സ്തൂപത്തിലാണ് അമലോത്ഭവ മാതാവിന്റെ രൂപം സ്ഥിതി ചെയ്യുന്നത്. ഇവിടം സന്ദര്‍ശിക്കുന്നതിന് മുന്‍പ് പാപ്പ സെന്റ്‌ മേരി മേജര്‍ ബസലിക്കയിലെത്തി ‘സാലുസ് പോപുലി റൊമാനി’ (റോമന്‍ ജനതയുടെ സംരക്ഷകയായ മറിയം) എന്ന പ്രസിദ്ധമായ മരിയന്‍ രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിച്ചിരിന്നു. തന്റെ മധ്യാഹ്ന പ്രസംഗത്തില്‍ പാപ്പ മാതാവിന്റെ അമലോത്ഭവ തിരുനാളിനെ കുറിച്ച് വിവരിച്ചുവെന്നതും ശ്രദ്ധേയമാണ്. ചരിത്രത്തില്‍ പാപമില്ലാത്ത ഒരേ ഒരു മനുഷ്യ വ്യക്തി മറിയമാണെന്നും, നമ്മുടെ പോരാട്ടങ്ങളില്‍ അവള്‍ നമ്മോടൊപ്പമുണ്ടെന്നും, അവള്‍ നമ്മുടെ സഹോദരിയും സര്‍വ്വോപരി അമ്മയുമാണെന്നും പാപ്പ തന്റെ പ്രസംഗത്തിലൂടെ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. 1857-ലാണ് ഡിസംബര്‍ 8 മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1953-മുതല്‍ മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനത്തില്‍ പാപ്പമാര്‍ ഇവിടെ എത്തി ആദരവര്‍പ്പിക്കുന്ന പതിവുണ്ട്. പിയൂസ് പന്ത്രണ്ടാമന്‍ പാപ്പയാണ് ഈ പതിവ് തുടങ്ങിയത്. വത്തിക്കാനില്‍ നിന്നും രണ്ട് മൈലോളം കാല്‍നടയായി സഞ്ചരിച്ചാണ് പാപ്പമാര്‍ ഇവിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നത്. രൂപത്തിന്റെ ഉദ്ഘാടനത്തില്‍ വഹിച്ച പങ്കിന്റെ ഓര്‍മ്മക്കായി എല്ലാ വര്‍ഷവും റോമിലെ അഗ്നിശമന സേനാംഗങ്ങളും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാറുണ്ട്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-12-09 11:50:00
Keywordsപ്രാര്‍ത്ഥന
Created Date2022-12-09 11:50:59