category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎറിത്രിയയില്‍ മധ്യകാലഘട്ടത്തിലെ ദേവാലയ അവശേഷിപ്പുകള്‍ കണ്ടെത്തി
Contentഅസ്മാര: വടക്ക്-കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ മധ്യകാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന രണ്ട് ദേവാലയങ്ങളുടെ അവശേഷിപ്പുകള്‍ കണ്ടെത്തി. വിശാലമായൊരു കത്തീഡ്രലിന്റേയും, താഴികക്കുടത്തോടു കൂടിയ മറ്റൊരു ദേവാലയത്തിന്റെ അവശേഷിപ്പുകളുമാണ് കണ്ടെത്തിയത്. എറിത്രിയയില്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സംഘം പുരാവസ്തു ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഈ ദേവാലയങ്ങള്‍ അക്കാലത്ത് പ്രബലമായിരുന്ന അക്സും സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നിരിക്കാമെന്നാണ് കരുതപ്പെടുന്നത്. കത്തീഡ്രല്‍ ദേവാലയം 1868-ലും, താഴികക്കുടത്തോടു കൂടിയ ദേവാലയം 1907-ലും കണ്ടെത്തിയിരുന്നുവെങ്കിലും ഇവയെക്കുറിച്ചുള്ള വിശദമായ പഠനം ഇപ്പോഴാണ് നടക്കുന്നത്. അക്സും സാമ്രാജ്യത്തിലെ പ്രധാന തുറമുഖവും ഇന്നത്തെ എറിത്രിയന്‍ നഗരവുമായ അഡൂലിസിന്റെ കേന്ദ്രഭാഗത്തു നിന്നും കത്തീഡ്രലിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയപ്പോള്‍, തുറമുഖത്തിന്റെ കിഴക്ക് ഭാഗത്തുനിന്നുമാണ് രണ്ടാമത്തെ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയിരിക്കുന്നത്. കത്തീഡ്രലില്‍ നിന്നും മാമ്മോദീസ തോട്ടിയുടെ അവശേഷിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ആധുനിക എറിത്രിയ, എത്യോപ്യ, സുഡാന്‍, ദിജിബൌട്ടി, യെമന്‍, സൗദി അറേബ്യ എന്നീ ഭൂവിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു ഒന്നാം നൂറ്റാണ്ടു മുതല്‍ പത്താം നൂറ്റാണ്ട് വരെ പ്രബലമായിരുന്ന അക്സും സാമ്രാജ്യം. എസാനാ രാജാവിന്റെ മതപരിവര്‍ത്തനത്തേത്തുടര്‍ന്ന്‍ നാലാം നൂറ്റാണ്ടിലാണ് ക്രൈസ്തവ വിശ്വാസം ഇവിടെ വ്യാപിക്കുന്നത്. എന്നാല്‍ ഇവിടത്തെ ക്രൈസ്തവ വല്‍ക്കരണത്തേക്കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ ഒന്നും ലഭ്യമല്ല. ഈ രണ്ടു ദേവാലയങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങള്‍ ഇതിലേക്ക് വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ദേവാലയങ്ങള്‍ കണ്ടെത്തി നൂറിലധികം വര്‍ഷങ്ങള്‍ക്ക് ശേഷം ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഗവേഷകര്‍ ഇവിടെ വീണ്ടും പഠനങ്ങള്‍ നടത്തുകയാണ്. ‘പൊന്തിഫിസിയോ ഇന്‍സ്റ്റിറ്റ്യൂട്ടോ ഡി ആര്‍ക്കിയോളജിയാ ക്രിസ്റ്റ്യാന’യിലെ ഡോ. ഗബ്രിയേലെ കാസ്റ്റിഗ്ലിയയാണ് രണ്ട് ദേവാലയങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന കാര്‍ബണ്‍ ടെസ്റ്റിംഗിന് നേതൃത്വം നല്‍കുന്നതെന്നു ‘മെഡീവലിസ്റ്റ്.നെറ്റ്’ റിപ്പോർട്ട് ചെയ്യുന്നു. ഇതില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ദേവാലയങ്ങളുടെ പ്രസക്തിയും, ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന എറിത്രിയയുടെ മതപരിവര്‍ത്തനത്തില്‍ ഈ ദേവാലയങ്ങള്‍ വഹിച്ച പങ്കും വെളിച്ചത്ത് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അക്സും സാമ്രാജ്യത്തിലെ ക്രൈസ്തവ വിശ്വാസത്തിന്റെ വളര്‍ച്ചയുടെ തെളിവുകളായിട്ടാണ് ഈ ദേവാലയാവശിഷ്ടങ്ങളെ കണക്കാക്കി വരുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-12-24 09:36:00
Keywordsഎറിത്രിയ
Created Date2022-12-24 09:36:51