Content | വാഷിംഗ്ടണ്‍ ഡി.സി: ക്രൈസ്തവ ദേവാലയങ്ങളെയും, പ്രോലൈഫ് കേന്ദ്രങ്ങളെയും ലക്ഷ്യംവെച്ച് നടക്കുന്ന അക്രമണങ്ങളെപ്പറ്റി ഭൂരിപക്ഷം അമേരിക്കരും അജ്ഞരാണെന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്. ബെക്കറ്റ് ഫണ്ട് ഫോർ റിലീജിയസ് ലിബർട്ടിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ട് പ്രകാരം 37% ആളുകൾക്ക് മാത്രമേ അക്രമ സംഭവങ്ങളെ പറ്റി ഏതെങ്കിലും വിധത്തില്‍ അറിവുള്ളു. വിഷയത്തിൽ മാധ്യമ ശ്രദ്ധ വേണ്ടവിധം കിട്ടുന്നില്ലെന്നും, ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് കുറ്റവാളികൾക്കെതിരെ നടപടി എടുക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഫാമിലി റിസർച്ച് കൗൺസിലിന്റെ അടുത്തിടെ പുറത്തിറങ്ങിയ റിപ്പോർട്ട് പ്രകാരം 2018 മുതൽ 2022 വരെയുള്ള നാലുവർഷ കാലയളവിൽ 420 ദേവാലയങ്ങളാണ് അമേരിക്കയില്‍ ആക്രമിക്കപ്പെട്ടത്.
പ്രോലൈഫ് കേന്ദ്രങ്ങളുടെ കൂടി കണക്കെടുക്കുമ്പോൾ ഇത് അഞ്ഞൂറിലെത്തും. പ്രോലൈഫ് ക്രൈസ്തവർ മാറ്റി നിർത്തപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ രാജ്യത്ത് നിലവിലുള്ളത്. ക്രിസ്തുമസിനോടും, കാപ്പിറ്റോൾ ഹില്ലിൽ കലാപം ഉണ്ടായതിന്റെ വാർഷികമായ ജനുവരി ആറിനോടും അനുബന്ധിച്ച് കൂടുതൽ അക്രമങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ദേവാലയങ്ങൾ അക്രമിക്കപ്പെടുന്ന വിഷയത്തെ പറ്റി ആളുകൾക്ക് അവബോധം ഇല്ലെങ്കിലും, ഭൂരിപക്ഷം പേരും അക്രമങ്ങളെ അപലപിക്കുന്നുണ്ടെന്നു ബെക്കറ്റ് ഫണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. 94% ആളുകള്‍ ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. കത്തോലിക്ക സഭ ഭ്രൂണഹത്യ എന്ന മാരക തിന്മയ്ക്കെതിരെയുള്ള സമീപനമാണ് ഭ്രൂണഹത്യ അനുകൂലികളെ ചൊടിപ്പിക്കുന്നത്. |