Content | കുറവിലങ്ങാട്: പുതുവർഷത്തോട് ചേർത്തൊരുക്കിയിട്ടുള്ള ഇടവക നവീകരണത്തിന്റെ ഭാഗമായി 8760 അഖണ്ഡജപമാല ചൊല്ലാനൊരുങ്ങി കുറവിലങ്ങാട് ഇടവക. ഇനിയുള്ള 365 ദിവസങ്ങളുടെ എല്ലാ സമയവും ഇടവകയിലെ വീടുകളിലൂടെ ഇടമുറിയാതെ ജപമാല ചൊല്ലാനാണ് ഇടവകയുടെ തീരുമാനം. ഇതിനായി ഇടവകയുടെ മൂവായിരത്തിലേറെ വരുന്ന കുടുംബങ്ങളെ ചേർത്തൊരുക്കി പ്രത്യേക പട്ടിക തയാറാക്കിയിട്ടുണ്ട്.
28 വാർഡുകളിലായുള്ള 81 കുടുംബ കൂട്ടായ്മ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ജപമാല ചൊല്ലുന്ന കുടുംബങ്ങളുടെ പട്ടിക തയാറാക്കിയിട്ടുള്ളത്. പുതുവർഷത്തിലേക്കുള്ള ആദ്യ ജപമാലയ്ക്ക് മുന്നോടിയായി ഇന്ന് രാത്രി 10.30ന് ഇടവക ദേവാലയത്തിൽ ജ പമാല പ്രദക്ഷിണം നടത്തും. എകെസിസി യൂണിറ്റിന്റെ നേതൃത്വത്തിലാണ് ജപമാല പ്രദക്ഷിണം ക്രമീകരിച്ചിട്ടുള്ളത്. തുടർന്നു തിരുമണിക്കൂർ ആരാധനയും വിശുദ്ധ കുർബാനയും പ്രാർത്ഥനാ ശുശ്രൂഷകളും നടക്കും. |