Content | ന്യൂഡൽഹി: ക്രൈസ്തവ മൂല്യങ്ങളുടെ സംരക്ഷണത്തിനായി ഉജ്ജ്വലമായി പോരാടിയ ഇടയശ്രേഷ്ഠനായിരുന്നു എമിരിറ്റസ് ബെനഡിക്ട് പതിനാറാമനെന്നു സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. പാപ്പയ്ക്കായി അടുത്ത ഒരാഴ്ച ഭാരത കത്തോലിക്ക സഭ പ്രാർത്ഥിക്കുകയും കുർബാന അർപ്പിക്കുകയും ചെയ്യണമെന്നു സിബിസിഐ ആഹ്വാനം ചെയ്തു. കത്തോലിക്കാ സഭയെ സംബന്ധിച്ചു ദൈവശാസ്ത്ര പണ്ഡിതനും കത്തോലിക്ക മൂല്യങ്ങളുടെ സംരക്ഷകനു മായിരുന്ന പോരാളിയെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നു മാർ ആൻഡ്രൂസ് പറഞ്ഞു.
സെക്കുലറിസത്തിന്റെ അമിതപ്രസരണത്തെ പ്രതിരോധിച്ച് അടിസ്ഥാനപരമായ ക്രൈസ്തവ മൂല്യങ്ങൾക്കായി ആഹ്വാനം ചെയ്ത ബെനഡിക്ട് പാപ്പയുടെ പഠനങ്ങളും നിരീക്ഷണങ്ങളും എക്കാലവും കത്തോലിക്ക സഭയ്ക്കും ലോകത്തിനു തന്നെയും വലിയ മുതൽക്കൂട്ടാണ്. മാർപാപ്പ പദവിയിൽ എത്തുന്നതിനു മുമ്പുതന്നെ വത്തിക്കാനിൽ കാൽ നൂറ്റാണ്ടോളം നിറഞ്ഞുനിന്ന പ്രതിഭ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ അഗാധ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹത്തിന്റെ കബറടക്ക ശുശ്രൂഷ നടക്കുന്ന ജനുവരി 5 പ്രത്യേകം പ്രാർത്ഥിക്കണമെന്നും സിബിസിഐ പ്രസിഡന്റ് ആഹ്വാനം ചെയ്തു. |