Content | ജറുസലേം: കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലേറെയായി ഗാസ മുനമ്പില്‍ ഹമാസിന്റെ തടവില്‍ കഴിയുന്ന തങ്ങളുടെ പൗരന്‍മാരുടെ മോചനം സാധ്യമാക്കുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ചുക്കൊണ്ട് ഇസ്രായേല്‍. ഫ്രാന്‍സിസ് പാപ്പക്ക് പുറമേ, ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെ തലവന്റേയും, യു.എന്‍ സെക്രട്ടറി ജനറലിന്റേയും സഹായവും ഇസ്രായേല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഗാസയുടെ ഭരണം കൈയാളുന്ന പലസ്തീനിലെ ഇസ്ലാമിക സംഘടനയായ ഹമാസിന്റെ തടവില്‍ കഴിയുന്ന അവേര മെങ്ങിസ്റ്റുവിന്റെ വീഡിയോ കഴിഞ്ഞ മാസം ഹമാസ് പുറത്തുവിട്ടിരുന്നുവെന്നും, അദ്ദേഹത്തിനു മാനസികരോഗമുണ്ടെന്ന് കുടുംബം അറിയിച്ചതിനേത്തുടര്‍ന്നാണ് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നതെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്റെ ഓഫീസ് പ്രസ്താവിച്ചു.
ഹമാസ് പിടികൂടിയ നാല് പേരില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. തടവില്‍ കഴിയുന്നവരുടെ മോചനത്തിനും, കൊല്ലപ്പെട്ടവരുടെ ഭൗതീകാവശിഷ്ടങ്ങള്‍ വിട്ടുകിട്ടുവാനും സഹായിക്കണം എന്നഭ്യര്‍ത്ഥിച്ചു കൊണ്ട് തടവില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങള്‍ സമീപകാലത്ത് ഫ്രാന്‍സിസ് പാപ്പയെ കണ്ടിരുന്നു. മെംഗിസ്റ്റുവിന്റെ ദുരവസ്ഥ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്നും, അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയേക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും, കുടുംബത്തിന് അദ്ദേഹവുമായി ബന്ധപ്പെടുവാന്‍ മാര്‍ഗ്ഗമില്ലെന്നും, റെഡ്ക്രോസ് സന്ദര്‍ശനങ്ങളുടെ വിവരം പോലും ലഭ്യമല്ലെന്നും കോഹന്റെ കത്തില്‍ വിവരിക്കുന്നുണ്ട്.
മെംഗിസ്റ്റുവിന് പുറമേ, 2015-ല്‍ പിടിയിലായ മറ്റൊരു ഇസ്രായേലി പൗരനും ഹമാസിന്റെ തടവിലുണ്ട്. 2014-ല്‍ ഹമാസുമായുണ്ടായ യുദ്ധത്തില്‍ പിടിക്കപ്പെട്ട രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്. അതേസമയം ഇസ്രായേലിനെ സമ്മര്‍ദ്ദത്തിലാക്കുവാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഹമാസ് വീഡിയോ പുറത്തുവിട്ടതെന്നാണ് കരുതപ്പെടുന്നത്. അവരുടെ മോചനം സാധ്യമാക്കുന്നതിനായി ഹമാസുമായി പരോക്ഷമായി ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള സാധ്യതകള്‍ ഇസ്രായേല്‍ തേടുന്നുണ്ട്.
ഇക്കഴിഞ്ഞ ക്രിസ്തുമസ്സ് ദിനത്തില്‍ നല്‍കിയ ‘ഉര്‍ബി എറ്റ് ഒര്‍ബി’ സന്ദേശത്തിനിടയില്‍ വിശുദ്ധ നാട്ടില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന തന്റെ ആവശ്യം പാപ്പ ആവര്‍ത്തിച്ചിരിന്നു. നേരത്തെ “ആ അമ്മമാരുടെ കണ്ണുനീര്‍ തുടയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്” എന്ന് പറഞ്ഞ പാപ്പ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനും മറ്റുള്ളവരുടെ മോചനത്തിനും തനിക്കാവുന്നതെല്ലാം ചെയ്യാമെന്നും, അതിനായി ലോകനേതാക്കള്‍ക്ക് കത്തെഴുതാമെന്നും ഉറപ്പുനല്‍കിയിരുന്നു.
Israel asks Pope, Red Cross to help recover four citizens held in Gaza, Malayalam |