Content | ദാമൻ: കേന്ദ്ര ഭരണ പ്രദേശമായ ദാമൻ ദിയുവിലെ 400 വർഷം പഴക്കമുള്ള ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലം ഏറ്റെടുക്കാനുള്ള അധികൃതരുടെ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമായി. സ്ഥലം ഏറ്റെടുത്താൽ അവിടെ സ്ഥിതി ചെയ്യുന്ന ഔർ ലേഡി ഓഫ് റെമെഡീസ് എന്ന പേരിലുള്ള ദേവാലയം തകർക്കപ്പെടാൻ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വിശ്വാസികൾ ശക്തമായ പ്രതിഷേധത്തിലാണ്. നാല് നൂറ്റാണ്ടുകൾക്ക് മുന്‍പ് പോർച്ചുഗീസ് കാലഘട്ടത്തിൽ പണിത ദേവാലയമാണിത്. കേന്ദ്രഭരണ പ്രദേശത്തെ അഡ്മിനിസ്ട്രേറ്ററായ ബിജെപി നേതാവ് പ്രഭുൽ പട്ടേലാണ് ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ പ്രഭുൽ പട്ടേൽ തയ്യാറായിട്ടില്ല.
ദേവാലയം ഇരിക്കുന്ന സ്ഥലം ഇപ്പോൾ അവരുടെ പദ്ധതിയെന്നും ഈ സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞാൽ അവിടെ എന്തുവേണമെങ്കിലും അവർക്ക് ചെയ്യാൻ സാധിക്കുമെന്നും ഫുട്ബോൾ മൈതാനത്തിന്റെ വിസ്തൃതി വികസിപ്പിക്കാൻ ദേവാലയം തകർക്കാൻ സാധ്യതയുണ്ടെന്നും പ്രാദേശിക കത്തോലിക്ക നേതാവായ റൂയി പെരേര പറഞ്ഞു. അവരുടെ ലക്ഷ്യം വ്യക്തമായി അറിയാമെന്നും, തങ്ങൾ മണ്ടന്മാരല്ലെന്നും റൂയി പെരേര കൂട്ടിച്ചേര്‍ത്തു. വിഷയത്തിൽ ആശങ്ക അറിയിക്കാൻ ദാമനിലെ മുൻസിപ്പൽ കൗൺസിൽ അധ്യക്ഷൻ സോണാൽ പട്ടേലിനെ റൂയിയുടെ നേതൃത്വത്തിലുള്ള സംഘം അടുത്തിടെ സന്ദർശിച്ചിരുന്നു.
പോർച്ചുഗീസ് ഭരണത്തിന് കീഴിലായിരുന്ന കാലഘട്ടത്തിൽ 1607ലാണ് ദേവാലയം നിർമ്മിക്കപ്പെടുന്നതെന്ന് ചരിത്ര രേഖകൾ പറയുന്നു. പോർച്ചുഗീസ് ഭരണം അവസാനിച്ചെങ്കിലും, ഇപ്പോഴും ഈ ദേവാലയം ഇവിടുത്തെ കത്തോലിക്കാവിശ്വാസികൾക്ക് ഒരു ആശ്വാസ കേന്ദ്രമാണ്. ദേവാലയത്തിന്റെ പഴമ, തടികൊണ്ടുള്ള കൊത്തുപണികളുടെ പ്രത്യേകത തുടങ്ങിയവ പരിഗണിച്ച് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി ദേവാലയം സംരക്ഷിക്കേണ്ടതാണെങ്കിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് റൂയി പെരേര പറഞ്ഞു.
അതിനാൽ തന്നെ ദേവാലയം തകർക്കാൻ ഇത് ഭരണകൂടത്തിന് കൂടുതൽ പ്രേരണ നൽകുമെന്ന ഭയമാണ് അദ്ദേഹം പങ്കുവെച്ചത്. മുൻസിപ്പൽ കൗൺസിൽ അധ്യക്ഷൻ സോണാൽ പട്ടേലും, സ്വതന്ത്ര അംഗമായ പ്രമോദ് റാണയും കത്തോലിക്കാ സമൂഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ എത്തുന്ന ഫാ. ബ്രയാൻ റോഡിഗ്രസ് എന്ന വൈദികൻ കേസ് ബോംബെ ഹൈക്കോടതിയിലേക്ക് നീക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. |