Content | യോണ്ടേ: ആഫ്രിക്കയിലെ വിവിധ സ്ഥലങ്ങളിൽ ക്രൈസ്തവരെ ലക്ഷ്യമാക്കി മതപീഡനങ്ങൾ നടത്തുന്നത് ലക്ഷ്യം നേടാൻ സാധിക്കാതെ പരാജയത്തിൽ അവസാനിക്കുമെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ അധ്യക്ഷൻ ജോൺ പൊന്തിഫിക്സ്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ, ക്രിസ്തീയ വിശ്വാസത്തെ ശക്തിപ്പെടുത്തുമെന്നു അദ്ദേഹം പറഞ്ഞു. സ്വർണ്ണം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുന്നതുപോലെ ക്രൈസ്തവ വിരുദ്ധ പീഡനം ഉള്ള സ്ഥലങ്ങളിൽ വിശ്വാസികളുടെ എണ്ണത്തിലും, തീക്ഷ്ണതയിലും വർദ്ധനവ് ഉണ്ടാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതൽ ക്രൈസ്തവ രക്തസാക്ഷികളുള്ള ഭൂഖണ്ഡം ആഫ്രിക്കയാണെന്ന് ഫെബ്രുവരി മൂന്നാം തീയതി സംഘടന പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നുണ്ട്.
എന്നാൽ അടുത്ത രണ്ട് പതിറ്റാണ്ടിനിടയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ വളർച്ച ഉണ്ടാകാൻ സാധ്യതയുള്ള ഭൂഖണ്ഡം ആഫ്രിക്ക ആയിരിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്. പ്യൂ റിസർച്ചിന്റെ കണക്കുകൾ പ്രകാരം 2019-ല്‍ 2.2 ബില്യൺ ആയിരുന്ന ക്രൈസ്തവ ജനസംഖ്യ, 2050 ആകുമ്പോഴേക്കും 2.9 ബില്യണിലേയ്ക്ക് എത്തും. ഇതേ കാലയളവിൽ 50 കോടിയിൽ നിന്നും ക്രൈസ്തവ ജനസംഖ്യ സബ് സഹാറൻ ആഫ്രിക്കയിൽ 100 കോടിക്ക് മുകളിലേക്ക് എത്തും. ക്രൈസ്തവ നേതാക്കളെ ഉന്മൂലനം ചെയ്താൽ കാര്യങ്ങള്‍ എളുപ്പത്തിൽ സാധ്യമാകുമെന്ന ഇസ്ലാമിക് കാലിഫേറ്റ് ചിന്താഗതി വൈദികരെയും, സന്യസ്തരെയും ലക്ഷ്യംവെക്കാൻ തീവ്രവാദി സംഘടനകൾക്ക് പ്രചോദനമാകുന്നുണ്ടെന്ന് ജോൺ പൊന്തിഫിക്സ്, 'ക്രക്സ്' എന്ന കത്തോലിക്കാ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ക്രൈസ്തവ നേതാക്കൾ തീവ്രവാദത്തിനെതിരെ ശക്തമായി പ്രതികരിക്കുന്നതാണ് അവരെ ലക്ഷ്യമാക്കാൻ തീവ്രവാദികളെ പ്രേരിപ്പിക്കുന്ന രണ്ടാമത്തെ കാരണമായി ജോൺ പറയുന്നത്. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ചോദിച്ചാൽ ക്രൈസ്തവ നേതാക്കൾ ആണെങ്കിൽ കൂടുതൽ പണം ലഭിക്കുമെന്ന ചിന്തയും മറ്റൊരു കാരണമാണ്. ക്രൈസ്തവരുടെ പ്രത്യാശയും, രക്ഷയും ഈ ലോകത്തിൽ കണ്ടെത്താൻ സാധിക്കില്ല. മറിച്ച് അവ ക്രിസ്തുവിലാണ് കണ്ടെത്താൻ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവ ജനസംഖ്യയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവിധ സര്‍വ്വേകളില്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുള്ള ഭൂഖണ്ഡം ആഫ്രിക്കയാണ്. |