Content | അങ്കാര: 1915 മുതൽ 1920 വരെയുള്ള കാലത്ത് ഓട്ടോമൻ സാമ്രാജ്യത്തിന്റെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് അർമേനിയൻ ക്രൈസ്തവരെ കൊല ചെയ്യുകയും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്ത തുര്‍ക്കിയുടെ ക്രൂരതയുടെ മുറിപ്പാടുകള്‍ മറന്ന്‍ അർമേനിയയുടെ ക്ഷമിക്കുന്ന സ്നേഹം. ഭൂകമ്പത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ട് സര്‍വ്വതും താറുമാറായ തുര്‍ക്കിയ്ക്കു വളരെക്കാലമായി അടഞ്ഞുകിടന്നിരുന്ന അതിര്‍ത്തി തുറന്നാണ് സഹായങ്ങള്‍ എത്തിച്ചതെന്നു അര്‍മേനിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ വാഹന്‍ ഹുനാനിയന്‍ പറഞ്ഞു. ട്രക്കുകള്‍ അതിര്‍ത്തി കടന്നു കഴിഞ്ഞു. സഹായിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു അര്‍മേനിയന്‍ നാഷണല്‍ അസംബ്ലിയുടെ വൈസ് പ്രസിഡന്റായ റൂബന്‍ റുബിനിയന്‍ ട്രക്കുകള്‍ അതിര്‍ത്തി കടക്കുന്നതിന്റെ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തു.
അമേരിക്ക, ജപ്പാന്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ തുര്‍ക്കിയുടെ അംബാസഡറായി സേവനം ചെയ്തിട്ടുള്ള, നിലവില്‍ അര്‍മേനിയയിലെ അങ്കാരയുടെ പ്രത്യേക ദൂതനായ സെര്‍ഡാര്‍ കിലിക്ക് അര്‍മേനിയയുടെ സഹായത്തിനു നന്ദി അറിയിച്ചു. ഭൂകമ്പം ഉണ്ടായ ഉടന്‍തന്നെ അര്‍മേനിയ 28 അംഗ റെസ്ക്യൂ ടീമിനെ മതിയായ ഉപകരണങ്ങളുമായി തുര്‍കകിയിലേക്ക് അയച്ചിരുന്നെന്നും കിലിക്ക് പറഞ്ഞു. 100 ടണ്‍ ഭക്ഷണവും, മരുന്നുകളും, ശുദ്ധ ജലവും, മറ്റ് അവശ്യ വസ്തുക്കളുമായി 5 ട്രക്കുകളാണ് അതിര്‍ത്തി കവാടം വഴി തുര്‍ക്കിയിലെ അഡിയാമനിലേക്ക് പോയിരിക്കുന്നത്. നാഗോര്‍ണോ-കരാബാഖ് മേഖലയെ ചൊല്ലി അര്‍മേനിയയും തുര്‍ക്കിയുടെ സഖ്യകക്ഷിയായ അസര്‍ബൈജാനും തമ്മില്‍ സംഘര്‍ഷമുണ്ടായ 1993 മുതല്‍ അര്‍മേനിയന്‍-തുര്‍ക്കി അതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്.
ഓട്ടോമന്‍ സാമ്രാജ്യത്തിനു കീഴില്‍ പതിനഞ്ചു ലക്ഷത്തോളം അര്‍മേനിയന്‍ ക്രൈസ്തവര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഒന്നാം ലോകമഹായുദ്ധ കാലം മുതല്‍ അര്‍മേനിയയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായതാണ്. യെരേവാനും, നിരവധി രാജ്യങ്ങളും ഈ കൂട്ടക്കൊലയെ വംശഹത്യയായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അങ്കാര ഇത് നിരസിക്കുകയാണ്. 2021 അവസാനത്തില്‍ നയതന്ത്ര ബന്ധങ്ങള്‍ പുനാരാരംഭിച്ചുവെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ ഔദ്യോഗികമായ നയതന്ത്ര ബന്ധം ഇതുവരെ ഉണ്ടായിട്ടില്ല. 2022 ജൂലൈ 11-ന് അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പാഷിനിയന്‍ തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോര്‍ഗനുമായി ആദ്യമായി ഫോണില്‍ സംസാരിച്ചിരുന്നു.
|