Content | ടെഹ്റാന്‍: ഇസ്ലാമിക മതവേഷമായ ഹിജാബ് ശരിയായി ധരിച്ചില്ലായെന്ന് ആരോപിച്ച് ഇറാനിലെ മത പോലീസ് മർദ്ദിച്ചു കൊലപ്പെടുത്തിയ മഹ്സ അമിനി എന്ന കുര്‍ദ്ദിഷ് പെണ്‍കുട്ടിയുടെ കസ്റ്റഡി മരണത്തേ തുടര്‍ന്നുണ്ടായ കടുത്ത ജനകീയ പ്രക്ഷോഭങ്ങള്‍ക്കിടയിലും പശ്ചിമേഷ്യന്‍ രാജ്യമായ ഇറാനില്‍ കഴിഞ്ഞ വര്‍ഷം ക്രൈസ്തവ മതവിഭാഗങ്ങള്‍ക്കെതിരേയുള്ള മതപീഡനങ്ങളില്‍ വര്‍ദ്ധനവുണ്ടായെന്ന്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. ‘ഓപ്പണ്‍ഡോഴ്സ് ഇന്റര്‍നാഷണല്‍’, ‘ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ്’ (സി.എസ്.ഡബ്ല്യു), ‘മിഡില്‍ ഈസ്റ്റ് കണ്‍സേണ്‍’ എന്നീ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകള്‍ക്കൊപ്പം, ഇറാനിലെ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുവാനായി യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ആര്‍ട്ടിക്കിള്‍ 18’എന്ന മതസ്വാതന്ത്ര്യ നിരീക്ഷക സംഘടന പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ക്രൈസ്തവ സംഘടനകള്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. ഇറാനിലെ ക്രൈസ്തവരും, മറ്റ് മതന്യൂനപക്ഷങ്ങളും വ്യവസ്ഥാപിതവും, ആസൂത്രിതവുമായ മത പീഡനങ്ങള്‍ക്ക് ഇരായികൊണ്ടിരിക്കുകയാണെന്നാണ് 25 പേജുള്ള “ഇറാനിലെ ക്രൈസ്തവരുടെ അവകാശ ലംഘനങ്ങള്‍” എന്ന പേരിലുള്ള പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. 1979 ഫെബ്രുവരിയിലെ ആയത്തൊള്ള അലി ഖോമേനിയുടെ ഇസ്ലാമിക വിപ്ലവത്തിന് 8 ദിവസങ്ങള്‍ക്ക് ശേഷം വിശ്വാസത്തിന്റെ പേരില്‍ ആദ്യമായി അരുംകൊല ചെയ്യപ്പെട്ട ആംഗ്ലിക്കന്‍ പാസ്റ്റര്‍ അരാസ്തൂ സയ്യായുടെ 44-മത് ചരമവാര്‍ഷികത്തിലാണ് പുറത്തുവിട്ടിരിക്കുന്നതെന്ന ആകസ്മികതയും റിപ്പോര്‍ട്ടിനുണ്ട്.
വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ കൊല്ലപ്പെടുന്നത് ഇറാനില്‍ സാധാരണമല്ലെങ്കിലും, മതസ്വാതന്ത്ര്യം ഇറാനില്‍ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 134 ക്രൈസ്തവരാണ് ഇറാനില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം (59). ഇതില്‍ ഏറ്റവും ചുരുങ്ങിയത് 30 പേരെയെങ്കിലും ജയിലിലടക്കുകയോ നാടുകടത്തുകയോ ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് (34) കഴിഞ്ഞ വര്‍ഷം തടവിലാക്കപ്പെട്ട ക്രൈസ്തവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ട് (61).
2022 അവസാനത്തില്‍ ഏറ്റവും ചുരുങ്ങിയത് 17 ക്രിസ്ത്യാനികളെയെങ്കിലും ഇറാനിലെ ജയിലുകളില്‍ അവശേഷിക്കുന്നുണ്ടാകാമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ‘രാഷ്ട്ര സുരക്ഷയ്ക്കു എതിരായി പ്രവര്‍ത്തിച്ചു’, ‘ഭരണകൂടത്തിനെതിരെ ഗൂഢാലോചന നടത്തി’ എന്നീ വ്യാജ കുറ്റാരോപണങ്ങളുടെ പേരില്‍ 10 വര്‍ഷത്തെ തടവിനു വിധിക്കപ്പെട്ടവരാണ് ഇവര്‍. എന്നാല്‍ ഇവർ ഭവനങ്ങളില്‍ പ്രാര്‍ത്ഥന കൂട്ടായ്മ നടത്തിയതിന്റെ പേരില്‍ പിടിക്കപ്പെട്ടവരാണെന്നതാണ് സത്യം. കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ രണ്ട് ഇറാനി അര്‍മേനിയന്‍ ക്രൈസ്തവരെ ഇതിനുദാഹരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇതിനുപുറമേ, മാനസിക പീഡനങ്ങളുടെ 49 കേസുകളും, 98 അധിക്ഷേപ കേസുകളും (യഥാര്‍ത്ഥ സംഖ്യ ഇതിലുമധികം), 468 വ്യക്തിഗത (പരാതിക്കാരുടെ അക്രൈസ്തവരായ ബന്ധുക്കള്‍ ഉള്‍പ്പെടെ) കേസുകളും കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. 8.7 കോടി ജനങ്ങളുള്ള ഇറാനില്‍ 3,00,000 ക്രിസ്ത്യാനികള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇസ്ലാമില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികള്‍ക്ക് ഇറാനില്‍ ഔദ്യോഗിക അംഗീകാരമില്ല. പീഡനം ശക്തമാകുമ്പോഴും അനേകം ഇസ്ലാം മതസ്ഥര്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതായുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ രാജ്യത്തു നിന്നു പുറത്തുവരുന്നുണ്ട്. |