Content | വിശുദ്ധ റൊസാലിയയാണ് പലർമോയുടെ ദേശീയ രക്ഷക വിശുദ്ധ.
അവരുടെ ബഹുമാനാർത്ഥം രണ്ട് തിരുനാളുകളാണ് വർഷം തോറും അവിടത്തെ ജനങ്ങൾ കൊണ്ടാടുന്നത്. ഇതിൽ ഒരു തിരുനാൾ നിർബന്ധിത അവധി ദിനമായി പ്രഖ്യാപിച്ചു.
ഈ തിരുനാളിന്റെ സവിശേഷതകൾ:
മുന്നോടിയായി ഭീരങ്കിധ്വനിയുടെ ഗാംഭീര്യത്തോടെ ആരംഭിക്കുന്ന ഈ ആഘോഷത്തിന്റെ പ്രത്യേകത പ്രൗഡോജ്വലമായ ഘോഷയാത്രയാണ്. പ്രാർത്ഥനാ ഗാനങ്ങളും, കീർത്തനങ്ങളും, ആർപ്പുവിളികളുമായി, സംഗീതജ്ഞന്മാരുടെ അകമ്പടിയിൽ വിശുദ്ധ ദിവ്യ സ്മാരക പേടകം വഹിക്കുന്ന കൂറ്റൻ രഥം 40 കഴുതകൾ വലിച്ചു കൊണ്ടാണ് പട്ടണത്തിലൂടെ നീങ്ങുന്നത്. അത്യതിപൂർവ്വമായ ഒരു കെട്ടുകാഴ്ചയാണ്. ഇരു വശങ്ങളിലെ വീടുകളുടെ മേല്ക്കൂരയോളം ഉയരമുള്ള രഥവിതാനം! എല്ലായിടവും പടക്കങ്ങളുടെ പൊട്ടിത്തെറിയാൽ മുഖരിതം! നിർത്താതെയുള്ള കാഹള സംഗീതം! അഞ്ചുനാൾ നീളുന്ന ഈ ആഘോഷങ്ങളിൽ, ആവേശം ഉച്ചസ്ഥായിയിൽ തന്നെ നീണ്ടു നില്ക്കുന്നു.
1625-ലെ പ്ലേഗ് ബാധയിൽ നിന്നും രാജ്യത്തെ ഈ വിശുദ്ധ രക്ഷിച്ചതിന്റെ മാത്രമല്ല അതിന് ശേഷം ചെയ്ത ഒട്ടനവധി അൽഭുത രോഗശാന്തി പ്രവർത്തനങ്ങളോടുള്ള കൃതജ്ഞതാനുമോദനമാണ് ഈ ആഘോഷം.
ഷാൾ മെയിനിലെ പിന്തുടർച്ചക്കാരായ സിനിബാൾഡിന്റെ മകളായി 1130നോടടുത്ത് സിസിലിയിലെ രാജാവായ റോജർ ക്രണ്ടാമന്റെ കൊട്ടാരത്തിലാണ് ജനനമെന്നാണ് പാരമ്പര്യ വിശ്വാസം.
അത്യാകർഷണമായ തന്റെ സൗന്ദര്യം ജീവന് തന്നെ അപകടം വരുത്തുമെന്ന സാഹചര്യത്തിൽ ഈ ലോകവാസം വെടിയുന്നതാണ് അഭികാമ്യമെന്ന് കന്യകമറിയം പ്രത്യക്ഷപ്പെട്ട്, അപ്പോൾ കേവലം 14 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന റോസ്സാലിയായോട് ആവശ്യപ്പെട്ടു. അവർ ചെയ്തതോ! തന്റെ കുരിശുരൂപവും കുറേ പുസ്തകങ്ങളും എടുത്തു കൊണ്ട്, രാത്രിയിൽ കൊട്ടാരത്തിൽ നിന്നും ഒളിച്ചോടിപ്പോയി. രണ്ട് മാലാഖമാർ- ഒന്ന് ആയുധധാരിയായ ഒരു യോദ്ധാവിന്റെ വേഷത്തിലും, മറ്റൊന്ന് ഒരു തീർത്ഥാടകന്റെ കപട വേഷത്തിലും അകമ്പടി സേവിച്ച് പെൺകുട്ടിയെ ക്വിസ്ക്വിറ്റാ മലമുകളിലെത്തിച്ചു. അവിടെ മഞ്ഞ മൂടിക്കിടന്ന ഒരു ഗുഹാ കവാടത്തിൽ ഉപേക്ഷിച്ച് അവർ അപ്രത്യക്ഷരായി. അവിടെ അവൾ കുറേ അധികം മാസങ്ങൾ ഒളിവിൽ കഴിച്ചു കൂട്ടി. ഒരു ദിവസം മാലാഖമാർ വീണ്ടും പ്രത്യക്ഷപ്പെട്ടു. അവളുടെ മാതാപിതാക്കൾ അന്വേഷണം ഊർജ്ജിതപ്പെടുത്തിയെന്നും, അതിനാൽ വേറെ എങ്ങോട്ടെങ്കിലും ഒളിത്താവളം മാറ്റുന്നതാണ് നല്ലതെന്നും ഉപദേശിച്ചു. അവർ അവളെ പെല്ലിഗ്രിനോ മലയിൽ കൊണ്ടു പോയി താമസിപ്പിച്ചു.
അവിടെ അവർ പ്രായശ്ചിത്ത കർമ്മാഭ്യാസങ്ങളിൽ മുഴുകി, പരിശുദ്ധാരൂപിയുടെ പോഷണത്തിൽ, തന്റെ ശിഷ്ടകാലമായ 16 വർഷം അൽഭുതകരമായി കഴിച്ചുകൂട്ടി, മുപ്പതാമത്തെ വയസ്സിൽ നിര്യാതയായി.
വർഷങ്ങൾ നീണ്ട നിഷ്ഫലമായ അന്വേഷണങ്ങൾക്ക് ശേഷം, റൊസ്സാലിയോയുടെ തിരുശരീരം, അവസാനം, പതിനേഴാം നൂറ്റണ്ടിൽ ഒരു സ്ഫടികക്കൽ കൂട്ടിൽ അടക്കം ചെയ്യപ്പെട്ട നിലയിൽ കണ്ടെടുത്തു.
ഈ തിരുശേഷിപ്പ് വീണ്ടെടുത്ത് ഘോഷയാത്രയായി കൊണ്ടുവന്നതിന്റെ ഓർമ്മച്ചടങ്ങാണ് മുകളിൽ വിവരിച്ച ജാഥാഘോഷം!
|