Content | ചങ്ങനാശേരി: മാർ പവ്വത്തിലിന്റെ മൃതസംസ്കാര ചടങ്ങുകൾ 21, 22 തീയതികളിൽ നടക്കും. 21ന് രാവിലെ ഏഴിന് ചങ്ങനാശേരി അതിരൂപതാ ഭവനത്തിൽ വി.കുർബാനയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും നടക്കും. 9.30 ന് ചങ്ങനാശേരി മെതാപ്പോലീത്തൻ പള്ളിയിലേയ്ക്ക് വിലാപയാത്ര. തുടർന്ന് പൊതുദർശനം. 22 ന് രാവിലെ 9.30 ന് മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം. 10 മണിക്ക് വിശുദ്ധ കുർബാന. നഗരി കാണിക്കൽ. തുടർന്ന് മൃതസംസ്കാരം. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മൃതസംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
മാർ പവ്വത്തിലിന്റെ വിയോഗവാർത്ത അറിഞ്ഞതുമുതൽ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലേക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ജനപ്രവാഹം ഒഴുകിയെത്തി. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചക്കായിരുന്നു അന്ത്യം. വിശ്വാസികളും സമൂഹത്തിന്റെ നാനാതുറയിലുള്ളവരും ചെത്തിപ്പുഴ ആ ശുപത്രിയിലെത്തി ആദരവും പ്രാർത്ഥനയും അർപ്പിച്ചു.
ചെത്തിപ്പുഴ ആശുപത്രി ചാപ്പലിൽ ഭൗതിക ശരീരം എത്തിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ കാർമികത്വത്തിൽ പ്രാർത്ഥനാശുശ്രൂഷകൾ അർപ്പിച്ചു.
സീറോമലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഷംഷാബാദ് ബിഷപ്പ് മാർ തോമസ് പാടിയത്ത്, നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റം, അതിരൂപതാ വികാരി ജനറാൾമാരായ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ, ചാൻസിലർ ഫാ. ഐസക് ആലഞ്ചേരി, പ്രൊക്യുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ തുടങ്ങിയവർ സഹകാർമികരായിരുന്നു. തുടർന്ന് പൊതുദർശനത്തിനു ശേഷം ചെത്തിപ്പുഴ ആശുപത്രിയിൽ ഗ്ലാസ് മോർച്ചറി യിൽ ഭൗതികശരീരം സൂക്ഷിച്ചു. ആശുപത്രിയിലെത്തുന്നവർക്ക് ആദരാഞ്ജലികളർപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. |