Content | പാകിസ്ഥാനിൽ ക്രൈസ്തവർ തമ്മിൽ ഐക്യത്തിനു വേണ്ടി ആഹ്വാനം ചെയ്ത് ആംഗ്ലിക്കൻ മെത്രാൻ - ക്രൈസ്തവർ പൊതുവായി നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു കുടക്കീഴിൽ ഒന്നിക്കാൻ വേണ്ടി പാകിസ്ഥാനിലെ ആംഗ്ലണ്ട് സഭയുടെ മെത്രാൻ ആസാദ് മാർഷൽ ആഹ്വാനം ചെയ്തു. ഇസ്ലാമാബാദിലെ ഒരു ഹോട്ടലിൽ പാക്കിസ്ഥാൻ ക്രിസ്ത്യൻ കൗൺസിൽ ഇന്റർനാഷണൽ എന്നൊരു സംഘടന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെത്രാൻ സമിതിയുടെ അധ്യക്ഷൻ കൂടിയായ ആസാദ് മാർഷൽ. നിർബന്ധിത മതപരിവർത്തനം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കാനുള്ള ശ്രമങ്ങൾ, മതനിന്ദാ നിയമത്തിന്റെ ദുരുപയോഗം, സാമ്പത്തിക പുരോഗതിയുടെ നിഷേധം, പാർലമെന്റിലും മറ്റ് ഇടങ്ങളിലും ജനസംഖ്യാനുപാതമായി ലഭിക്കേണ്ട സംവരണത്തിന്റെ നിഷേധം തുടങ്ങിയ അനേകം അനീതികൾ ക്രൈസ്തവർ ഇപ്പോൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുമിച്ച് നിന്നാൽ ഈ പ്രശ്നങ്ങളെ നേരിടാമെന്നും, നേരത്തെതിൽ നിന്ന് കൂടുതൽ ശക്തമായി പുറത്തു വരാമെന്നും ബിഷപ്പ് പറഞ്ഞു. വിവിധ ക്രൈസ്തവ സഭകൾ തമ്മിൽ നിലനിൽക്കുന്ന വ്യത്യാസങ്ങൾ മറന്ന്, ക്രൈസ്തവ പുരോഗതി എന്ന പൊതുവായ ഒരു ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം ഊന്നിപ്പറഞ്ഞു. സഭാ രാഷ്ട്രീയ വ്യത്യാസങ്ങൾ നമ്മളെ വേർപ്പെടുത്താതിരിക്കട്ടെ. മറിച്ച് ക്രൈസ്തവർ എന്ന നിലയിൽ നേരിടുന്ന പ്രതിസന്ധികളെ പറ്റിയും നമ്മുടെ പൊതുവായ വിശ്വാസത്തെ പറ്റിയും നമുക്ക് ചിന്തിക്കാം. നിർബന്ധിത മതപരിവർത്തനം നടത്തുന്ന വിഷയത്തെ പറ്റിയും, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹത്തിന് ഇരകളാക്കുന്ന വിഷയത്തെ പറ്റിയും അവബോധം ഉണ്ടാക്കണമെന്നും, പെൺകുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷ നൽകാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്നും ബിഷപ്പ് മാർഷൽ പറഞ്ഞു. ദുരുപയോഗം തടയാൻ വേണ്ടി മതനിന്ദ നിയമത്തിൽ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. മറ്റ് ഏതാനും ചില സഭാ നേതാക്കളും, നയതന്ത്ര പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. പാകിസ്ഥാൻ മുസ്ലീം ലീഗ് സെനറ്റർ കമ്പ്രാൻ മൈക്കിൾ ആണ് ക്രൈസ്തവരെ ഒരുമിച്ചു കൊണ്ടുവരാൻ പാക്കിസ്ഥാൻ ക്രിസ്ത്യൻ കൗൺസിൽ ഇന്റർനാഷണൽ എന്ന സംഘടനയ്ക്ക് രൂപം നൽകാൻ ചുക്കാൻ പിടിക്കുന്നത്. |