category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകത്തുന്ന ഉച്ചവെയിലിലും മാർ ജോസഫ് പവ്വത്തിലിന് പ്രണാമം അര്‍പ്പിച്ച് പതിനായിരങ്ങള്‍
Contentചങ്ങനാശേരി: കാലംചെയ്ത ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിനു പതിനായിരങ്ങളുടെ പ്രണാമം. അതിരൂപതാധ്യക്ഷൻ എന്ന നിലയിൽ താൻ പതിറ്റാണ്ടുകൾ ജീവിതം ചെലവിട്ട അതിമെത്രാസന മന്ദിരത്തിൽനിന്നു മെത്രാപ്പോലീത്തൻ പള്ളിയിലേക്കായിരുന്നു ഇന്നലെ അന്ത്യയാത്ര നടന്നത്. തന്റെ ആഴമേറിയ വിശ്വാസത്താലും ആധ്യാത്മിക വിശുദ്ധിയിലും വഴി നടത്തിയ പവ്വത്തില്‍ പിതാവിന് യാത്രാമൊഴിയേകാന്‍ പതിനായിരങ്ങളാണ് എത്തിചേര്‍ന്നത്. ഇന്നലെ രാവിലെ ആറിനു ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഗ്ലാസ് മോർച്ചറിയിൽനിന്നു മാർ ജോസഫ് പവ്വത്തിലിന്റെ പൂജ്യദേഹം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാർ ജേക്കബ് മുരിക്കൻ, മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. അലങ്കരിച്ച വാഹനത്തിൽ ചങ്ങനാശേരി അതിമെത്രാസന മന്ദിരത്തിലെത്തിച്ചു. ആയിരക്കണക്കിനു വൈദികരും സന്യസ്തരും ദൈവജനവും ഇതിനകം മെത്രാസന മന്ദിരത്തിലേക്ക് എത്തിയിരുന്നു. സഭയുടെ കിരീടം എന്നു ബെനഡിക്ട് മാർപാപ്പ വിശേഷിപ്പിച്ച ആചാര്യൻ പലവട്ടം കടന്നുപോയിട്ടുള്ള പാതയിലൂടെ യാത്രപറഞ്ഞുനീങ്ങിയപ്പോൾ അതു അനേകരുടെ കണ്ണുകളെ ഈറനണിയിച്ചു. അരമനപ്പള്ളിയിൽ മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗത്തിലേക്കു പ്രവേശിച്ചു. ബിഷപ്പുമാരായ മാർ ജോസഫ് അരുമച്ചാടത്ത്, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് രാജേന്ദ്രൻ, മാർ ജോർജ് കൊച്ചേരി, മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത് തുടങ്ങിയവർ സഹകാർമികരായിരുന്നു. പള്ളിയിൽനിന്ന് അന്ത്യയാത്ര ചൊല്ലി പിരിയുന്ന രംഗത്തിനു വികാരവായ്പോടെയാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച വൈദികർ സാക്ഷ്യംവഹിച്ചത്. 9.30നു ചങ്ങനാശേരി അതിരൂപത മന്ദിരത്തിൽനിന്നു വിലാപയാത്ര ആരംഭിച്ചു. ഏറ്റവും മുന്നിൽ മരക്കുരിശും തിരിക്കാലുകളും. സ്വർണക്കുരിശുകളും വെള്ളിക്കുരിശുകളും അതിനു പിന്നാലെ നിരന്നു. ചങ്ങനാശേരി ഫൊറോനയിൽ നിന്നുള്ള വിശ്വാസികളാണു മുൻനിരയിലുണ്ടായിരുന്നത്. മാർ പവ്വത്തിലിന്റെ മാതൃഇടവക ഉൾപ്പെടുന്ന കുറുമ്പനാടം ഫൊറോനക്കാർ ഏറ്റവും പിന്നിൽ അണിനിരന്നു. വൈദിക വിദ്യാർഥികൾ, സന്യാസിനികൾ, വൈദികർ എന്നിവർ പ്രാർത്ഥനകളോടെ ഒപ്പം ചേർന്നു. നടുവിൽ മാർ ജോസഫ് പവ്വത്തിലിന്റെ ഭൗതിക ശരീരം വഹിച്ചുള്ള ചില്ലിട്ട പ്രത്യേക വാഹനം നീങ്ങി. അതിരൂപതയിലെ 250 ഇടവകകളിൽ നിന്നുള്ള വൈദികരും സന്യസ്തരും വിശ്വാസികളുമാണു വിലാപയാത്രയിൽ പങ്കെടുത്തത്. വാഹനത്തിൽ മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് രാജേന്ദ്രൻ, മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത് എന്നിവർ പ്രാർത്ഥനകളോടെ ഒപ്പമുണ്ടായിരുന്നു. മാർ മുരിക്കൻ വാഹനത്തെ അനുധാവനം ചെയ്തു. വിശ്വാസ സമൂഹവും വൈദികരും സന്യസ്തരും ഉൾപ്പെടുന്ന ആയിരങ്ങളാണ് ഇതില്‍ പങ്കെടുത്തത്. മൃതസംസ്കാര ശുശ്രൂഷയുടെ അവസാന ഭാഗവും കബറിടക്കവും ഇന്ന്‍ നടക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=LIEda9y2PUQ
Second Video
facebook_link
News Date2023-03-22 09:48:00
Keywordsപവ്വത്തി
Created Date2023-03-22 09:49:05