Content | "നോമ്പുകാലത്ത്, സമാശ്വാസത്തിന്റെയും ശക്തിയുടെയും പ്രോത്സാഹനത്തിന്റെയും വാക്കുകൾ സംസാരിക്കുന്നതിലാണ് നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്, അല്ലാതെ അപമാനിക്കുന്നതോ സങ്കടപ്പെടുന്നതോ കോപിക്കുന്നതോ നിന്ദിക്കുന്നതോ ആയ വാക്കുകളിലല്ല" - ഫ്രാൻസിസ് പാപ്പ.
നല്ല വാക്കും സംസാരവും അപരന് ജീവന്‍ പകരുന്ന ദിവ്യ ഔഷധമാണ്. ഹൃദ്യമായ വാക്കു തേനറ പോലെയാണ്; അത് ആത്മാവിനു മധുരവും ശരീരത്തിന് ആരോഗ്യപ്രദവുമാണ്. (സുഭാഷിതങ്ങള്‍ 16:24) . നോമ്പുകാലത്തു മറ്റുള്ളവരെ കുറിച്ചു നല്ലതു സംസാരിക്കാൻ നമുക്കു ബോധപൂർവ്വം പരിശ്രമിക്കാം. നല്ല സംസാരം അനേകരെ നിരാശയിൽ നിന്നും ജീവിത പരാജയങ്ങളിൽ നിന്നും രക്ഷിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട നിരവധി ബന്ധങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. വാക്കിന്റെ നല്ല ഉപയോഗത്തിലൂടെ നമ്മുടെ സംസ്‌കാരമാണ് നാം വെളിപ്പെടുത്തുന്നത്.
നീചമായ വാക്കുകൾ കേൾക്കുമ്പോൾ മനസ്സ് മലിനമാകുന്നു. എത്ര വേദനിക്കുന്നയാൾക്കും സാന്ത്വന വചസ്സുകൾ ആശ്വാസം പകരും. നല്ല വാക്കുകളും അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും നല്‍കുന്നതില്‍ പൊതുവേ പിശുക്ക് കാട്ടുന്നവരാണ് മലയാളികൾ. നോമ്പുകാലത്തു നമുക്കു നന്മ സംസാരിക്കാം ."കീറിയ ഉടുപ്പു വേഗം തുന്നിച്ചേർക്കാം; പക്ഷേ പരുഷപദങ്ങൾ ഹൃദയത്തെ കീറും " എന്ന ലോങ്ഫെലോയുടെ വാക്കുകൾ ഈ നോമ്പു ദിനങ്ങൾക്കു പുതിയ മാനം നൽകട്ടെ. |