Content | കണക്റ്റിക്കട്ട്: അമേരിക്കയിലെ കണക്റ്റിക്കട്ട് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കത്തോലിക്കാ ദേവാലയത്തിൽ ദിവ്യകാരുണ്യ അത്ഭുതം നടന്നതായി വൈദികന്റെ വെളിപ്പെടുത്തല്‍. തോമാസ്റ്റോണിലെ സെന്റ് തോമസ് ദേവാലയത്തിലാണ് ദിവ്യകാരുണ്യ അത്ഭുതം നടന്നതായി ഫാ. ജോസഫ് ക്രൗലി എന്ന വൈദികൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മാർച്ച് അഞ്ചാം തീയതി വിശുദ്ധ കുർബാനയുടെ സമാപനത്തിൽ, തിരുവോസ്തി വിശ്വാസികൾക്ക് നൽകാൻ നിയോഗിക്കപ്പെട്ട ഒരാളുടെ പക്കൽ ഉണ്ടായിരുന്ന തിരുവോസ്തികൾ മുഴുവൻ തീർന്നു പോയെന്നും, എന്നാൽ പിന്നീട് കരങ്ങളിൽ ഉണ്ടായിരുന്ന കുസ്തോതിയിലേക്ക് വീണ്ടും നോക്കിയപ്പോൾ അതിൽ തിരുവോസ്തികൾ നിറഞ്ഞതായി കാണപ്പെട്ടുവെന്നും വൈദികൻ വെളിപ്പെടുത്തി.
ഹാർട്ട്ഫോർഡ് അതിരൂപതയുടെ കീഴിലുള്ള ദേവാലയത്തില്‍ നടന്ന സംഭവം പ്രാദേശിക മാധ്യമമായ ഡബ്ല്യുഎഫ്എസ്ബിഐ വിറ്റ്നസ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതം ഞെട്ടിപ്പിക്കുന്നതും യാഥാര്‍ത്ഥ്യവുമാണെന്ന് ഫാ. ജോസഫ് ക്രൗലി കൂട്ടിച്ചേര്‍ത്തു. സംഭവത്തിൽ അതിരൂപത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാജിസ് സെന്ററിന്റെ കണക്കുകൾ പ്രകാരം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നാല് ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് കത്തോലിക്കാ സഭ അംഗീകരിച്ചിട്ടുള്ളത്. 2013ൽ പോളണ്ടിലെ ലെഗ്നിക്കയിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതമാണ് ഏറ്റവും ഒടുവിലായി വത്തിക്കാന്‍ അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതം.
താഴെ വീണ തിരുവോസ്തി അലിയിച്ചു കളയാൻ വേണ്ടി വെള്ളത്തിൽ ഇട്ടതിന് പിന്നാലേ അതില്‍ രക്തം കാണപ്പെടുകയായിരിന്നു. മനുഷ്യഹൃദയത്തിന്റെ ഭാഗം തിരുവോസ്തിയിൽ കാണപ്പെട്ടുവെന്നാണ് പിന്നീട് ഇതിനെപ്പറ്റി പഠനം നടത്തിയപ്പോൾ വെളിപ്പെടുത്തപ്പെട്ടത്. 2014 ഫെബ്രുവരിയില്‍ ഈ തിരുവോസ്തിയില്‍ നിന്നും ചെറിയ ഒരു ഭാഗം എടുത്ത് നിരവധി ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് വിധേയമാക്കി.
തുടര്‍ച്ചയായ ഗവേഷണങ്ങള്‍ക്ക് ശേഷം ഫോറന്‍സിക് വിഭാഗം അധികൃതര്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ തിരുവോസ്തിയില്‍ 'Cross Striated Muscle' അവസ്ഥയിലുള്ള മസില്‍ ഭാഗങ്ങള്‍ കാണപ്പെട്ടുവെന്നും ഈ മസില്‍ ഭാഗങ്ങള്‍ ഒരു 'ഹൃദയത്തിന്‍റെ' ഭാഗങ്ങളാണെന്നും ഈ തിരുവോസ്തിയില്‍ പ്രത്യക്ഷപ്പെട്ടത് 'വേദനിക്കുന്ന' മനുഷ്യഹൃദയത്തിന്‍റെ ഭാഗങ്ങളാണെന്നും അന്നു കണ്ടെത്തി. 2016 ജനുവരിയില്‍ പുറത്തു വന്ന ഗവേഷണ ഫലങ്ങള്‍ വത്തിക്കാന്‍റെ അംഗീകാരത്തിനായി ലെഗ്നിക്ക രൂപത സമര്‍പ്പിച്ചിരിന്നു.
ഇതേ തുടര്‍ന്നു വത്തിക്കാന്‍റെ 'Congregation For The Doctrine Of The Faith' ഇതിനെ കുറിച്ച് വിശദമായി പഠനം നടത്തുകയും അംഗീകരിക്കുകയുമായിരിന്നു. 2006ൽ മെക്സിക്കോയിലെ ചിൽപ്പാസിങ്കോ- ചിലാപ്പ രൂപതയിലെ ഒരു ദേവാലയത്തിൽ വൈദികൻ കൂദാശ ചെയ്ത തിരുവോസ്തിയിൽ രക്തം കാണപ്പെട്ടതും ഏറെ ചര്‍ച്ചാവിഷയമായി. ഹീമോഗ്ലോബിനും, ഡിഎൻഎയും ഉള്ള രക്തം തന്നെയാണ് ഇതെന്ന് പിന്നീട് നടന്ന ശാസ്ത്രീയ പഠനത്തിൽ വ്യക്തമായി. 2001ൽ കേരളത്തിലെ ചിരട്ടകോണത്തിൽ തിരുവോസ്തിയിൽ ഈശോയുടെ മുഖം തെളിഞ്ഞു വന്ന സംഭവവും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആഗോള ശ്രദ്ധ നേടിയ ദിവ്യകാരുണ്യ അത്ഭുതമാണ്. |