Content | മധ്യപ്രദേശില്‍ വ്യാജ മതപരിവര്‍ത്തനം ആരോപിച്ച് ബാലാവകാശ സമിതികള്‍ കത്തോലിക്ക സ്കൂളില്‍ നടത്തിയ പരിശോധനക്കിടെ അറസ്റ്റിലായ കത്തോലിക്കാ വൈദികന് ജാമ്യം. മൊരേന ജില്ലയിലെ സെന്റ് മേരീസ് സ്കൂള്‍ പ്രിന്‍സിപ്പാളായ ഫാ. ആര്‍.ബി ഡയോനിസ്യസിന് ഇക്കഴിഞ്ഞ മാര്‍ച്ച് 28-നാണ് കോടതി ജാമ്യം അനുവദിച്ചത്. മതപരിവര്‍ത്തന ആരോപണം കൂടാതെ സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തി, ക്രിമിനല്‍ ശക്തികളെ ഉപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിന് മേല്‍ ചുമത്തപ്പെട്ടിരുന്നത്. ഗ്വാളിയോര്‍ രൂപതയിലുള്ള കത്തോലിക്ക സ്കൂളിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തുകയെന്ന ലക്ഷ്യത്തോടെ കെട്ടിച്ചമച്ച കേസുകളാണിതെന്നു പ്രദേശവാസികള്‍ ഒന്നടങ്കം വ്യക്തമാക്കിയിരിന്നു.
ആയിരത്തിയെണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളിലെ മാതാപിതാക്കളോ, വിദ്യാര്‍ത്ഥികളോ ആരും തന്നെ ഫാ. ഡയോനിസ്യസ്സിനെതിരെ ഒരു പരാതിയും നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. എന്നാല്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗമായ നിവേദിത ശര്‍മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാര്‍ച്ച് 25-ന് സ്കൂള്‍ ക്യാമ്പസ്സിലുള്ള ഫാ. ഡയോണിസിയൂസിന്റെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി പരിശോധ നടത്തുകയായിരിന്നു. മദ്യകുപ്പികളും, ഗര്‍ഭനിരോധന ഉറകളും, മതപരമായ വസ്തുക്കളും പിടിച്ചെടുത്തു എന്നാണു പരിശോധനക്ക് ശേഷം നിവേദിത ശര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
എന്നാല്‍ മേഖലയില്‍ നല്ല പ്രശസ്തിയുള്ള സ്കൂളിനേയും, ഫാ. ഡയോനിസ്യസ്സിനേയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നു ഈ പരിശോധനയും അറസ്റ്റുമെന്ന് വ്യക്തമായിരിക്കുകയാണ്. ബിജെപിയുമായി ബന്ധപ്പെട്ട ഒരു ഹിന്ദു നേതാവിന് നല്‍കിവന്നിരുന്ന കരാര്‍ നിലവാരമില്ലാത്തതിന്റെ പേരില്‍ റദ്ദാക്കിയതാണ് ഫാ. ഡയോനിഷ്യസ്സിന്റെ അറസ്റ്റിനു പിന്നിലെ യഥാര്‍ത്ഥ കാരണമെന്നു ഗ്വാളിയോര്‍ രൂപത നേതൃത്വം വെളിപ്പെടുത്തി. ജനസംഖ്യയുടെ 23 ശതമാനത്തോളം ആദിവാസികളും, ദളിതരുമുള്ള ഗ്വാളിയോര്‍ അതിരൂപതയിലെ ക്രിസ്ത്യന്‍ സ്കൂളുകളെ മാത്രമാണ് ബാലാവകാശ സമിതികളും, ജില്ല ഉദ്യോഗസ്ഥരും ലക്ഷ്യംവെക്കുന്നതെന്നും ഒരു വൈദികന്‍ പറഞ്ഞു.
മതപരിവര്‍ത്തനം ആരോപിച്ചുകൊണ്ട് ഇക്കഴിഞ്ഞ മാര്‍ച്ച് 27-ന് ഗ്വാളിയോര്‍ രൂപതയുടെ കീഴിലുള്ള ദാബ്രാ ജില്ലയിലെ സെന്റ് പീറ്റേഴ്സ് സ്കൂളിലും നിവേദിത ശര്‍മയുടെ നേതൃത്വത്തില്‍ റെയിഡ് നടത്തുകയും തിരുനാള്‍ ആഘോഷത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന പോസ്റ്ററുകളും, ബാനറുകളും, കുരിശുരൂപങ്ങളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ക്രൈസ്തവര്‍ക്കും ക്രിസ്തീയ മേല്‍നോട്ടമുള്ള സ്ഥാപനങ്ങള്‍ക്കും നേരെ മധ്യപ്രദേശ് സര്‍ക്കാരിന്റെ അതിക്രമം പതിവായി കൊണ്ടിരിക്കുകയാണ്. ജബല്‍പൂര്‍ ജില്ലയിലെ ക്രിസ്ത്യന്‍ സ്കൂളില്‍ റെയിഡ് നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യാജ ലൈംഗീകാതിക്രമത്തിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസിയായ പ്രിന്‍സിപ്പാളെ അറസ്റ്റ് ചെയ്തതും, ജബല്‍പൂര്‍ മെത്രാന്‍ ജെറാള്‍ഡ് അല്‍മെയിഡാക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയതും മധ്യപ്രദേശ് സര്‍ക്കാരിന്റെ ക്രൈസ്തവവിരുദ്ധതയുടെ ഉദാഹരണങ്ങളില്‍ ചിലത് മാത്രമാണെന്ന് നിരീക്ഷകര്‍ പറയുന്നു. |