Content | വത്തിക്കാന്‍ സിറ്റി: വിനയത്തിന്റെയും എളിമയുടെയും മാതൃകയുമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ് ചില്ലകള്‍ കൈകളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കി ആഗോള ക്രൈസ്തവ ലോകം ഇന്ന് ഓശാന തിരുനാള്‍ ആഘോഷിക്കുന്നു. മലയാളത്തിൽ ഓശാന എന്നും ഹോസാന എന്നുമൊക്കെ ഉച്ചാരണഭേദങ്ങൾ ഉണ്ടെങ്കിലും രണ്ടും ഒരേ വാക്കിൽ നിന്നു ഉത്ഭവിച്ചതും ഒരേ അർത്ഥം ഉൾക്കൊള്ളുന്നതുമാണ്. ഹോഷിയാന എന്ന ഹീബ്രു വാക്കാണ് ഓശാനയായി മലയാളത്തിൽ പരിണമിച്ചത്. ഇതിനു തത്തുല്യമായ അറമായ വാക്കും 'ഓശാന' എന്ന തന്നെയാണ്. “രക്ഷിക്കണെ”, "സഹായിക്കണേ" എന്നൊക്കെയാണ് ഈ വാക്കിന്റെ മൂല അർത്ഥം.
ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചിരിപ്പും പ്രദിക്ഷണവും വിശുദ്ധ കുര്‍ബാനയും നടക്കും. വത്തിക്കാന്‍ സമയം രാവിലെ 10 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01.30) ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മികത്വം വഹിക്കുന്ന ഓശാന ശുശ്രൂഷകള്‍ക്ക് ആരംഭമാകും. സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഓശാനതിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിച്ചു. രാവിലെ 7 മണിക്ക് കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വി. കുർബാനയും ഉൾപ്പെടെയുള്ള ശുശ്രൂഷകള്‍ ആരംഭിച്ചു.
പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ പൊന്തിഫിക്കൽ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാർമികനായി. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യ കാർമികത്വത്തിലാണ് പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ ഓശാന ശുശ്രൂഷകൾ നടന്നത്. ഓശാന ഞായര്‍ ആചരണത്തോടെ ക്രൈസ്തവ വിശ്വാസികള്‍ വിശുദ്ധ വാരത്തിലേക്ക് പ്രവേശിച്ചു. |